നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൂരൂഹത അഞ്ച് ദിവസത്തിനുള്ളില്‍ നീക്കണം: ഡിജിപി ലോക്‌നാഥ് ബഹ്‌റ

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ അന്വേഷണ സംഘത്തിന് ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ നിര്‍ദ്ദേശം. എഡിജിപി, ഐജി എന്നിവരുടെ നേതൃത്വത്തില്‍ കൂട്ടായ അന്വേഷണം നടത്തണമെന്നും കേസന്വേഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ദൂരൂഹത അഞ്ച് ദിവസത്തിനുള്ളില്‍ നീക്കണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്വേഷണ ഉദ്ദ്യോഗസ്ഥരുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ഡിജിപി കേസന്വേഷണത്തില്‍ പുതിയ നിര്‍ദ്ദേശം നല്‍കിയത്.

കൊച്ചിയില്‍ സിനിമാ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ അന്വേഷണ ഉദ്ദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് പ്രത്യേക കേന്ദ്രത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി.സന്ധ്യ, അന്വേഷണ ചുമതയുള്ള ക്രൈംബ്രാഞ്ച് നോര്‍ത്ത് സോണ്‍ ഐജി ദിനേന്ദ്ര കശ്യപ്, മദ്ധ്യമേഖല ഐജി എന്നിവരുമായി ഡിജിപി കേസിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു.

കേസ് ഡയറി വിളിച്ചുവരുത്തി പരിശോധിച്ച ഡിജിപി കേസന്വേഷണത്തിലെ ഐജി മാരുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിനോട് ഉടന്‍ കൊച്ചിയിലെത്താനും കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ദുരൂഹത അഞ്ച് ദിവസത്തിനുള്ളില്‍ നീക്കാനും ഡിജിപി നിര്‍ദ്ദേശിച്ചു.

കേസന്വേഷണം ഊര്‍ജ്ജിതമായി മുന്നോട്ടുകൊണ്ടുപോകണം, പല കേന്ദ്രങ്ങളില്‍ നിന്ന് പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നു, മൊഴികള്‍ വരുന്നു, ഇത്തരം സാഹചര്യത്തില്‍ ഉദ്ദ്യോഗസ്ഥര്‍ കൂട്ടായ അന്വേഷണത്തിലേക്ക് കടക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടിരിക്കുകയാണ്. കേസന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കേണ്ട സമയമായിരിക്കുന്നുവെന്നു പറഞ്ഞ ഡിജിപി ലോക്‌നാഥ് ബഹ്‌റ, കേസില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത നടന്‍മാരെ അറസ്റ്റുചെയ്ത് ചോദ്യം ചെയ്യേണ്ടതുണ്ടെങ്കില്‍ അതിലേക്ക് കടക്കാമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News