മാനസികസമ്മര്‍ദ്ദമോ? ഇവിടെയുണ്ട് പരിഹാരങ്ങള്‍

തിരക്കേറിയ ജീവിതവും ദിവസവും കൂടിക്കൊണ്ടിരിക്കുന്ന തൊഴില്‍ഭാരവും നിറഞ്ഞ ഈ കാലത്ത് നഗര സമൂഹത്തില്‍ ഏറെ സാധാരണമായ ഒരു പ്രശ്‌നവും പരാതിയുമാണ് മാനസിക സമ്മര്‍ദ്ദം. പലപ്പോഴും ഈ മാനസിക സമ്മര്‍ദ്ദം നമ്മുടെ ശാരീരികാരോഗ്യത്തെ വിപരീതമായി ബാധിക്കുകയും ചെയ്യുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം നമ്മുടെ ജീവിതരീതിയിലെ മാറ്റങ്ങളാണ്. അതിനായി ഇതാ ചില നിര്‍ദ്ദേശങ്ങള്‍.

സമ്മര്‍ദ്ദം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് നടത്തം. വ്യായാമത്തിലൂടെ ശരീരം എന്‍ട്രോഫിന്‍ പുറപ്പെടുവിക്കുകയും അത് ഉന്‍മേഷം പകരുകയും ചെയ്യും. എന്നും രാവിലെ ഒരു മണിക്കൂര്‍ എങ്കിലും നടക്കുന്നത് നല്ലതാണ്.

മനസ്സിനെ ശക്തിപ്പെടുത്താനുള്ള ഉത്തമ മാര്‍ഗ്ഗമാണ് യോഗ. സ്ഥിരമായി യോഗ ചെയ്യുന്നവരില്‍ പോസിറ്റീവ് ചിന്തകള്‍ കൂടുതലാണ്. എന്നും കുറച്ച് സമയം യോഗ ചെയ്താല്‍ അതിന്റെ ഉന്മേഷം ദിവസം മുഴുവന്‍ അനുഭവിക്കാം.

നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള എന്തെങ്കിലും പ്രവര്‍ത്തികള്‍ ഉണ്ടാകും. ഇത്തരത്തില്‍ നമുക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ കണ്ടെത്തി അത് ചെയ്യുകയാണ് വേണ്ടത്. എന്ത് കാര്യമായാലും നിങ്ങള്‍ക്കിഷ്ടപ്പെടുന്ന കാര്യം ചെയ്യാന്‍ എന്നും കഴിഞ്ഞില്ലങ്കിലും ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഇതിനായി സമയം കണ്ടെത്തുക.

വീട്ടില്‍ ചെയ്യുന്ന ജോലികള്‍ മടുപ്പിക്കുന്നുണ്ടെങ്കില്‍ ആ ജോലികള്‍ വ്യത്യസ്തമായി ചെയ്യാന്‍ ശ്രമിക്കണം. അടുക്കള ജോലികള്‍ക്കിടയില്‍ പാട്ടുകേള്‍ക്കുകയോ പഞ്ചാത്തലത്തില്‍ ഇഷ്ടമുള്ള ടി വി പരിപാടികള്‍ കാണുകയോ ചെയ്യുന്നത് സന്തോഷകരമായി ജോലി ചെയ്യാന്‍ സഹായിക്കും. ഇതുപോലെ വ്യത്യസ്ഥമായി ജോലികള്‍ ചെയ്താല്‍ സ്ഥിരം തോന്നുന്ന മടുപ്പും സമ്മര്‍ദ്ദവും ഇല്ലാതാക്കാം.

അലങ്കോലമായ മുറികളില്‍ സമയം ചെലവിടുന്നത് സമ്മര്‍ദ്ദം കൂട്ടുവാന്‍ കാരണമാകും. അതിനാല്‍ വൃത്തിയുള്ള മുറിയില്‍ ഇരിക്കാന്‍ ശ്രദ്ധിക്കുക.

ജീവിതത്തെ ആഘോഷഭരിതമാക്കുക. അതിനായി ആരുടെയെങ്കിലും പിറന്നാളിനോ വാര്‍ഷികത്തിനോ ഒന്നും കാത്തിരിക്കേണ്ടതില്ല. നിങ്ങളുടെ കോഫി കപ്പുമായി ഒന്നു ടെറസിലേക്ക് ചെല്ലുക, നിങ്ങളുടെ നായയുമായി നടക്കാനിറങ്ങുക, സുഹൃത്തുക്കളുമായി തമാശകള്‍ പറഞ്ഞിരിക്കുക തുടങ്ങിയവയൊക്കെ അതിനുള്ള മാര്‍ഗ്ഗങ്ങളാണ്.

ഈ കാലഘട്ടത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം വളരെയധികമാണ്. ഇവയുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ നമ്മുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താന്‍ ഒരുപരിധി വരെ സാധിക്കുന്നതാണ്. കുറഞ്ഞപക്ഷം മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ് , ടെലിവിഷന്‍ തുടങ്ങിയവയുടെ ഉപയോഗം ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും നിര്‍ത്തി വയ്ക്കുക. പകല്‍ സമയങ്ങളിലും ഇവയുടെ ഉപയോഗം പരിമിതപ്പെടുത്താന്‍ ശ്രമിക്കുക. ഇതിലൂടെ മാനസിക സമ്മര്‍ദ്ദം വളരെയേറെ കുറയ്ക്കാന്‍ സാധിക്കും .

ചിന്തിക്കാന്‍ കഴിയുമെന്നതാണ് നമ്മള്‍ മനുഷ്യരെ മറ്റു ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്ഥരാക്കുന്നത് . എന്നാല്‍ നമ്മുടെ മാനസിക ആരോഗ്യത്തെ ഏറെ ബാധിക്കുന്ന ഒരു ഘടകമാണ് ചിന്തകള്‍. കഴിവതും വളരെ നല്ല ചിന്തകള്‍ക്ക് മാത്രം മനസ്സില്‍ ഇടം നല്‍കുക. നല്ല ചിന്തകള്‍ നമ്മെ മാനസികമായി ഉന്മേഷവാന്മാരായും, സന്തോഷവാന്മാരായും മാറ്റുന്നു.

ഓമന വളര്‍ത്തു മൃഗങ്ങള്‍ അടുത്തുള്ളപ്പോള്‍ സന്തോഷം തോന്നാറില്ലെ. ഇങ്ങനെ വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം സമയം ചെലവിടുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. വളര്‍ത്തു മൃഗങ്ങള്‍ക്കൊടൊപ്പമിരിക്കുമ്പോള്‍ ശരീരത്തില്‍ സുഖദായക ഹോര്‍മോണുകള്‍ ഉണ്ടാകും. ഇത് രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

പാട്ടുപാടുന്നത് ടെന്‍ഷന്‍ കുറയ്ക്കാന്‍ നല്ലതാണ്. പാട്ടുപാടാന്‍ കഴിവുള്ളവര്‍ പോലും ചിലപ്പോള്‍ ജീവിതത്തിലെ തിരക്കുകള്‍ക്കിടയ്ക്ക് അതൊക്കെ മറക്കും എന്നാല്‍ പാടുന്നത് സമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സമ്മര്‍ദ്ദം കുറക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. സെക്‌സ് രക്ത സമ്മര്‍ദ്ദം കുറക്കുകയും പങ്കാളിയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ സുഖകരമായ ഉറക്കവും ഇതിലൂടെ ലഭിക്കുന്നു.

നല്ല സുഗന്ധങ്ങള്‍ ചിലപ്പോള്‍ സമ്മര്‍ദ്ദം കുറയ്ക്കും. മുല്ലപ്പു, ലാവന്‍ഡര്‍ എന്നിവയുടെ മണം സ്ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുന്നു.

ഓറഞ്ച്, മുന്തിരി, സ്‌ട്രോബറി, എന്നിവയില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. ഇതിന്റെ ജ്യൂസുകള്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകമാണ്. ഓറഞ്ച് ജ്യൂസില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി സ്ട്രസ്സ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കുറയ്ക്കുന്നതിനു സഹായിക്കുന്നു.

ആഹാരം കഴിക്കുന്നത് ഇഷ്ടമാണെങ്കില്‍, ഇഷ്ടപ്പെടുന്ന ആഹാരം ആസ്വദിച്ചു കഴിക്കുവാന്‍ സമയം കണ്ടെത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. നല്ല ആഹാരം മാനസിക സമ്മര്‍ദ്ദം കുറയ്ക്കുവാന്‍ സഹായിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, അത് സാവധാനത്തിലും ആസ്വദിച്ചും കഴിക്കേണ്ടത് അത്യാവശ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel