നേപ്പാളില്‍ പൂര്‍ണ്ണമായും കടലാസ് ഉപേക്ഷിച്ചുള്ള ബാങ്കിംഗുമായി എസ്ബിഐ

എടിഎം ഉപയോഗത്തിനും ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനും മൊബൈല്‍ ബാങ്കിങിനും കൂടി സര്‍വ്വീസ് ചാര്‍ജ് ഈടാക്കി എസ്ബിഐ ഇന്ത്യയില്‍ പകല്‍ക്കൊള്ള തുടരുന്നുവെങ്കിലും നേപ്പാളില്‍ പൂര്‍ണ്ണമായും കടലാസ് ഉപേക്ഷിച്ചുള്ള ബാങ്കിംഗാണ് എസ്ബിഐയുടേത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയായ നേപ്പാള്‍ എസ്ബിഐ ആണ് പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കായി മാറിയത്. കാഠ്മണ്ഡുവിലാണ് ഈ ബാങ്ക്.

ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് എസ്ബിഐ ഈ സംവിധാനം വ്യാപിപ്പിക്കുന്നത് ആദ്യമായാണ്. ക്യാഷ് ഡെപ്പോസിറ്റ്, പുതിയ അക്കൗണ്ട് തുടങ്ങല്‍, ഡെബിറ്റ് കാര്‍ഡ് വിതരണം, സ്‌ക്രീന്‍ തൊടുമ്പോള്‍ എടിഎമ്മും ഓണ്‍ലൈന്‍ ബാങ്കിംഗ് വിവരങ്ങളും തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഇതിലുണ്ട്. ഉപഭോക്താക്കള്‍ക്ക് എസ്ബിഐ ഇന്‍ടച്ച് ബാങ്കിംഗ് വഴി ഈ സര്‍വീസുകള്‍ ലഭ്യമാവുന്നതാണ്. ഈ ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റിന്റെ കൂടെ ഒരു റോബോട്ട് കൂടിയുണ്ട്. ഉപഭോക്താക്കള്‍ക്ക് വേണ്ട പ്രധാനവിവരങ്ങള്‍ എല്ലാം ഈ റോബോട്ട് തരും.

നേപ്പാള്‍ രാഷ്ട്രബാങ്ക് ഗവര്‍ണര്‍ ചിരിഞ്ജീബി നേപ്പാള്‍, എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ, നേപ്പാളിലെ ഇന്ത്യന്‍ അംബാസഡര്‍ മഞ്ജീവ് സിംഗ് പുരി എന്നിവര്‍ ചേര്‍ന്നാണ് പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തത്. ഡിജിറ്റല്‍ ടെക്‌നോളജി ഉപയോഗിക്കുന്ന യുവാക്കള്‍ക്ക് വേണ്ടിയാണ് ഈ സംവിധാനമെന്ന് അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. നേപ്പാളിലെ ബാങ്കിംഗ് മേഖലയില്‍ ഇത് വലിയ വിപ്ലവം തന്നെ സൃഷ്ടിക്കുമെന്ന് ചിരിഞ്ജീബി നേപ്പാള്‍ പറഞ്ഞു.

മറ്റുള്ള ബാങ്കുകളും ഇതേരീതി പിന്തുടരുമെന്നു പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പണ വിനിമയ സമ്പ്രദായം നേപ്പാളിനേയും അപ്പാടേ ബാധിക്കാറുണ്ട്. നേരത്തെ ഇന്ത്യ നടപ്പാക്കിയ നോട്ട് നിരോധനത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ നേപ്പാളിന് 100 കോടി രൂപ നല്‍കിയിരുന്നു. ഇന്ത്യയിലെ നോട്ട് നിരോധനത്തിന് ശേഷം നേപ്പാളില്‍ കറന്‍സി മാറ്റി വാങ്ങാന്‍ കടുത്ത പ്രതിസന്ധിയാണ് ഇപ്പോഴുള്ളത്. ആ സാഹചര്യത്തില്‍ കൂടിയാണ് നേപ്പാള്‍ എസ്ബിഐ പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കായി മാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News