വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ വീണ്ടും അട്ടിമറി

ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മുറെയെ അമേരിക്കയുടെ സാം ക്വെറി അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കി സെമിയില്‍ കടന്നു. ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന ക്വാര്‍ട്ടറില്‍ 3-6, 6-4, 6-7, 6-1, 6-1 എന്ന സ്‌കോറിനാണ് ക്വെറി ആന്‍ഡി മുറയെ പരാജയപ്പെടുത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ പുറത്തായതനു പിന്നാലെയാണ് മറ്റൊരു മുന്‍നിര താരംകൂടി പുറത്താകുന്നത്.

അതേസമയം മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്വിറ്റ്‌സര്‍ ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ കാനഡയുടെ മിലോ സ് റോണിക്കിനെയാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്. ആറാം സീഡായ കാനഡ താരത്തിനെതിരേ മൂന്നാം സീഡായ സ്വിസ് താരം 6-4, 6-2, 7-6 എന്ന സ്‌കോറിന് ജയിച്ചാണ് സെമിയിലെത്തിയത്. മറ്റൊരു ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുടെ മരീന്‍ സിലിക്കും ലക്‌സംബര്‍ഗിന്റെ ഗില്ലെസ് മുള്ള?റും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പോരാട്ടത്തിന്റെ വിധി നിര്‍ണയിക്കാന്‍ അഞ്ചാം സെറ്റ് വരെ കാത്തിരിക്കേണ്ടിവന്ന മത്സരത്തില്‍ 3-6, 7-6, 8-6, 7-5, 5-7, 6-1 എന്ന സ്‌കോറില്‍ മുള്ളറെ കീഴടക്കി സിലിക് സെമിയില്‍ ഇടംപിടിച്ചു. നദാലിനെ പ്രീക്വാര്‍ട്ടറില്‍ കീഴടക്കിയായിരുന്നു മുള്ളറിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.

വനിതാ സിംഗിള്‍സ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്നു നടക്കും. ലോക ഒന്നാം നമ്പര്‍ താരമായി ഇന്നലെ സ്ഥാനക്കയറ്റം ലഭിച്ച ചെക് റിപ്പബ്ലിക്കിന്റെ പ്ലീഷ്‌കോവയെ രണ്ടാം റൗണ്ടില്‍ കീഴടക്കിയ സ്ലോവാക്യയുടെ മഗ്ദലേന റൈബറികോവയുടെ സെമിയിലെ എതിരാളി സ്‌പെയിനിന്റെ ഗാര്‍ബിനെ മുഗുരുസയാണ്. ക്വാര്‍ട്ടറില്‍ ഏഴാം സീഡ് കുസ്‌നെറ്റ്‌സോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് 14ആം സീഡുകാരിയായ മുഗുരുസ അവസാന നാലില്‍ കടന്നത്.

മറ്റൊരു സെമി അമേരിക്കയുടെ വീനസ് വില്യംസും ബ്രിട്ടന്റെ ജൊഹാന കോന്റയും തമ്മിലാണ്. രണ്ടാം സീഡുകാരിയായിരുന്ന ഹാലെപ്പിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് ആറാം സീഡായ ബ്രിട്ടീഷ് താരം സെമിയില്‍ എത്തിയത്, വീനസ് ആകട്ടെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായി എത്തിയ ലാത്വിയയുടെ യെലേന ഒസ്റ്റാപെങ്കോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here