ദിലീപിനെ പിന്തുണച്ച് ശ്രീശാന്ത്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന കുറ്റത്തില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ദിലീപ് ഇപ്പോള്‍ ആരോപണ വിധേയന്‍ മാത്രമാണെന്നും കുറ്റം തെളിയുന്നത് വരെ അദ്ദേഹത്തെ തള്ളിപ്പറയാനാവില്ലെന്ന് ശ്രീശാന്ത് വ്യക്തമാക്കി.

പ്രതി ചേര്‍ത്താല്‍ കുറ്റവാളിയാകില്ലെന്നും കോടതി വിധി കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരിക്കല്‍ നേരിട്ട അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിലപാടെന്നും ദിലീപിനെ ക്രൂശിക്കരുതെന്നും ശ്രീശാന്ത് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനോടാണ് ശ്രീശാന്തിന്റെ പ്രതികരണം.

ദിലീപിനെ പിന്തുണച്ച് പിസി ജോര്‍ജ് എംഎല്‍എയും രംഗത്തെത്തിയിരുന്നു. ദിലീപിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് പി.സി ജോര്‍ജ് കഴിഞ്ഞദിവസം പറഞ്ഞു. ഇതിന് കേരളത്തിലെ ജനങ്ങള്‍ ക്ഷമ പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എത്രയോ സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരകളാകുന്നുണ്ട്. അപ്പോഴെന്നും സിന്ദാബാദ് വിളിക്കാന്‍ ആരെയും കണ്ടില്ലല്ലോ. നടിയെ ബലാത്സംഗം ചെയ്തപ്പോള്‍ മാത്രമാണല്ലോ സിന്ദാബാദ് എന്നും പിസി ജോര്‍ജ് പറഞ്ഞു.

ദിലീപിനെതിരെ തെളിവില്ലന്ന് സെന്‍കുമാര്‍ പറഞ്ഞതാണ്. ഒന്നര ദിവസം കഴിഞ്ഞപ്പോള്‍ ദിലീപ് അറസ്റ്റിലായി. ഇതിലെന്താണ് ന്യായം. ഇത് കള്ള കേസാണ്. രാഷ്ട്രീയ കളിയാണ് അറസ്റ്റിന് പിന്നിലെന്നും പിസി ജോര്‍ജ് ആരോപിച്ചു.

അറസ്റ്റിന് പിന്നാലെ മലയാള സിനിമാ ലോകവും താരസംഘടനകളും ദിലീപിനെ തള്ളി രംഗത്തെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ടതില്‍ ദിലീപിന്റെ പങ്ക് പൊലീസ് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് താരത്തിനെതിരായ നിലപാടുകള്‍ ഇവര്‍ സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News