മേഘങ്ങള്‍ കഥപറയുന്ന നെല്ലിയാമ്പതിയിലേക്കൊരു യാത്ര

മേഘങ്ങള്‍ കഥപറയുന്ന നെല്ലിയാമ്പതിയിലേക്കൊരു യാത്ര പോകണമെന്ന ആഗ്രഹം തോന്നിയിട്ട് കുറച്ചുകാലമായി. ഫ്രണ്ട്‌സിനെയും കൂട്ടി പോകുവാന്‍ തന്നെ തീരുമാനിച്ചു. ഞങ്ങള്‍ നാലു പേര്‍ ബൈക്കെടുത്തിറങ്ങി. പാലക്കാട് നിന്നും 60 കിലോമീറ്റര്‍ അകലെയാണ് നെല്ലിയമ്പതി സ്ഥിതി ചെയ്യുന്നത്. വൈകിട്ടോടെ പാലക്കാട് നെന്‍മാറയില്‍ എത്തി. അപ്പോഴാണ് അറിയുന്നത് വൈകിട്ട് 7 മണി കഴിഞ്ഞാല്‍ ചെക്ക്‌പോസ്റ്റില്‍ നിന്നും നെല്ലിയാമ്പതിയിലേക്ക് കയറ്റിവിടില്ലെന്ന്.

വേലങ്കിക്ക് പേരുകേട്ട നെന്‍മാറയില്‍ അന്ന് രാത്രിയില്‍ തങ്ങാന്‍ തീരുമാനിച്ചു. രാവിലെ ആറുമണിക്ക് തന്നെ നെല്ലിയാമ്പതിയിലേക്ക് യാത്ര തിരിച്ചു. നെന്‍മാറയില്‍ നിന്ന് തന്നെ ബൈക്കില്‍ പെട്രോള്‍ അടിച്ചു. ചെക്ക് പോസ്റ്റ് കടന്ന് ചുരം കേറാന്‍ തുടങ്ങി. സമുദ്ര നിരപ്പില്‍ നിന്ന് 1572 മീറ്റര്‍ ഉയരത്തിലാണ് നെല്ലിയാമ്പതി മലനിരകള്‍ സ്ഥിതിചെയ്യുന്നത്. ഹെയര്‍പിന്നുകള്‍ കടന്ന് യാത്ര തുടര്‍ന്നു.

മുകളിലേക്കെത്തും തോറും തണുപ്പ് കൂടി വന്നു. ആദ്യമെത്തിയത് പോത്തുണ്ടി ഡാം സൈറ്റിലാണ്. രാവിലെ വന്യമൃഗങ്ങള്‍ വെള്ളം കുടിക്കാനെത്തുന്ന മനോഹര ദൃശ്യമാണ് ഇവിടെ കാണുന്നത്. കുറച്ചുനേരം അവിടെ ചിലവഴിച്ച ശേഷം വീണ്ടും ചുരം കയറിതുടങ്ങി. ജനസാന്ദ്രത വളരെ കുറഞ്ഞ പ്രദേശമാണ് നെല്ലിയാമ്പതി.

ബ്രേക്ക്ഫാസ്റ്റിന് ശേഷം സീതാര്‍ക്കുണ്ട് വ്യൂ പൊയിന്റിലേക്ക് യാത്ര. വിശ്വാസങ്ങളും ഐതീഹ്യങ്ങളും ഇഴചേര്‍ന്ന് കിടക്കുന്ന സൗന്ദര്യമാണ് സീതാര്‍ക്കുണ്ട്. നാടുകടത്തിയ സമയത്ത് രാമനും സീതയും ലക്ഷമണനും വിശ്രമിച്ചത് ഇവിടെയാണെന്നാണ് ഐതീഹ്യം പറയുന്നത്. സീതാര്‍ക്കുണ്ട് വ്യൂ പൊയിന്റില്‍ എത്തുമ്പോള്‍ വശ്യമായൊരു ദൃശ്യാനുഭൂതിയാണ് അനുഭവിക്കാന്‍ കഴിയുന്നത്.

500ഓളം അടി താഴ്ചയില്‍ പനമരങ്ങളും നെല്‍പ്പാടങ്ങളും കൊണ്ട് സമൃദ്ധമായ പാലക്കാട് ഒരു വശത്തും മേഘ പാളികളുടെ ശീതളച്ചായയില്‍ സുഖമായി മയങ്ങുന്ന കേരള നാടിന്റെ സാംസ്‌കാരിക തലസ്ഥാനം മറുവശത്തും ഇടയില്‍ നമ്മളും നമ്മളെ തഴുകിപോകുന്ന മേഘങ്ങളും മാത്രം. ഏറെ നേരും അവിടെ ചിലവഴിച്ച ശേഷം സീതാര്‍ക്കുണ്ടിനോടും നെല്ലിയാമ്പതിയോടും യാത്ര പറഞ്ഞ് ഞങ്ങള്‍ ചുരമിറങ്ങി, അടുത്ത ലക്ഷ്യസ്ഥാനമായ കൊടൈക്കനാലിലേക്ക് യാത്ര തിരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News