റെയില്‍വേ സ്റ്റേഷനിലെ മോദിയെ തിരിച്ചറിഞ്ഞു; മോദിച്ചിത്രം വൈറലും വിവാദവുമായതോടെ പുറത്തിറങ്ങാനാവുന്നില്ലെന്ന് മോദിയുടെ അപരന്‍

കണ്ണൂര്‍ പയ്യന്നൂരിലെ റെയില്‍വേസ്റ്റേഷനില്‍ നില്‍ക്കുന്ന മോദിയുടെ രൂപ സാദൃശ്യമുള്ള ഒരാളുടെ ചിത്രം ക‍ഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തയാക്കിയിരുന്നു. സുരക്ഷാ വലയമൊന്നുമില്ലാതെ മോദി ഒരു സാധാരണ പാന്‍റും ടീഷര്‍ട്ടും ധരിച്ച് സൈഡ് ബാഗും തൂക്കി മൊബൈല്‍ നോക്കി നില്‍ക്കുന്നതായിരുന്നു ചിത്രം.

സൈഡ് ആംഗിളില്‍ നിന്നുള്ള ചിത്രം എത്ര സൂക്ഷിച്ച് നോക്കിയാലും അത് മോദിയല്ലെന്ന് പറയാനാവില്ല. കൈരളി ന്യൂസ് ഓണ്‍ലൈനില്‍ വാര്‍ത്ത വന്നതോടെ ചിത്രത്തിലെ പരസ്യബോര്‍ഡും സ്റ്റേഷന്‍റെ രൂപവും കണ്ട് സ്ഥലം പയ്യന്നൂര്‍ സ്റ്റേഷനാണെന്ന് തിരിച്ചറിഞ്ഞു. അപ്പോ‍ഴും യാത്രക്കാരനായ മോദി ആരാണെന്ന് മാത്രം കണ്ടെത്തിയില്ല. അപ്പോ‍ഴേക്കും ചിത്രം ദേശീയ മാധ്യമങ്ങളിലേക്കും പടര്‍ന്ന് സാക്ഷാല്‍ നരേന്ദ്രമോദി തന്നെ പ്രതികരിക്കേണ്ടുന്ന നിലവന്നു.

ഓള്‍ ഇന്ത്യ ബാക്ക്ച്ചോഡ് (AIB) എ‍ന്ന ട്രോള്‍ ഗ്രൂപ്പ് ചിത്രം മോദിയുടെ ഒറിജിനല്‍ ഫോട്ടോ ആക്കി അലക്കിയപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ നേരിട്ട് ഇടപെട്ടു. അതോടെ ചിത്രം ഡിലീറ്റ് ചെയ്ത് ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് എഐബി. സാക്ഷാല്‍ മോദി തന്നെ ഒടുവില്‍ ട്വിറ്ററില്‍ ഇങ്ങനെകുറിച്ചു: പൊതുജീവിതത്തില്‍ ഇത്തരം തമാശകളൊക്കെ അനിവാര്യമാണ്!.

തമാശക്ക് കാരണക്കാരനായ മോദിയുടെ അപരന്‍ അപ്പോ‍ഴും തിരശ്ശീലക്ക് പിന്നില്‍ ഒളിച്ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ നാട്ടുകാരനായ ട്രഷറി ഉദ്യോഗസ്ഥന്‍ പ്രകാശ് ബാബുവാണ് ഫോട്ടോയിലെ മോദിയെ തിരിച്ചറിഞ്ഞ് ആദ്യം വിളിച്ചത്. പയ്യന്നൂര്‍ മാത്തില്‍ കുറുവേലി സ്വദേശി പാടാച്ചേരി കൊ‍ഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രനായിരുന്നു അത്. ദീര്‍ഘകാലം ഗള്‍ഫ് നാടുകളിലും ബോംബെയിലും മറ്റുമായി ജീവിച്ച രാമചന്ദ്രന്‍ അടുത്തിടെയാണ് പയ്യന്നൂരിലെ ജന്മനാട്ടിലെത്തിയത്. ബാംഗ്ളൂരിലാണ് കുടുംബസമേതം താമസം.

നാട്ടില്‍ അമ്മയെ കാണാന്‍ വന്ന് തിരിച്ച് ബാംഗ്ളൂരിലേക്ക് തന്നെ മടങ്ങാന്‍ തീവണ്ടി കാത്ത് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ ആരോ പകര്‍ത്തി വാട്സാപ്പിലിട്ടതാണ് ചിത്രം. നമ്പര്‍ സംഘടിപ്പിച്ച് ബംഗ്ലൂരിലേക്ക് വിളിച്ചപ്പോള്‍ രാമചന്ദ്രന്‍ പറഞ്ഞു: ”വാട്സാപ്പിലൂടെയാണ് ഞാനും ചിത്രം കണ്ടത്. ചിത്രം ഇത്ര പുകിലാവുമെന്ന് അറിഞ്ഞില്ല. മുമ്പ് ഇത്തരം പല അനുഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും പരമാവധി ഒ‍ഴിഞ്ഞ് മാറാനാണ് ഞാന്‍ ശ്രമിക്കാറ്. ഇപ്പോള്‍ ചിത്രം പ്രചരിച്ച് സാക്ഷാല്‍ മോദിയുടെ വരെ ശ്രദ്ധയില്‍ വന്ന സ്ഥിതിക്ക് ഇനി എങ്ങനെ പുറത്തിറങ്ങി നടക്കാനാവുമെന്ന് അറിയില്ല”

രണ്ട് വര്‍ഷം മുമ്പ് നാട്ടിലെ ഒരു കല്ല്യാണത്തിന് കൂടാന്‍ വന്നപ്പോ‍ഴുള്ള രാമചന്ദ്രന്‍റെ ചിത്രമാണ് കൂടെ കൊടുത്തിരിക്കുന്നത്. ഈ ചിത്രത്തില്‍ മോദിയുടെ പറയത്തക്ക ഛായയൊന്നും പറയാനില്ല. ക‍ഴിഞ്ഞ ഒരുവര്‍ഷം കൊണ്ടാണ് രൂപം ഒരു പൂര്‍ണ്ണ മോദിയായതെന്ന് രാമചന്ദ്രനെ അറിയുന്നവര്‍ പറയുന്നു. പുതിയ ഫോട്ടോകള്‍ അയച്ചു തരാത്തത് ഇനിയും ദുരുപയോഗം ചെയ്യരുതെന്ന് ആഗ്രഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.”മോദിയുടെ രൂപ സാദൃശ്യം കൊണ്ട് സന്തോഷപ്രദമായ അനുഭവമേ ഇതുവരെയും ഉണ്ടായിട്ടുള്ളൂ. ഇനിയും അങ്ങനെ തന്നെ ഉണ്ടാവട്ടേ എന്നാണ് പ്രാര്‍ത്ഥന”- -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദിയുടെ രാഷ്ട്രീയത്തോട് രാമചന്ദ്രന് പ്രത്യേക പ്രതിപത്തിയൊന്നുമില്ല. പക്ഷേ പ്രധാനമന്ത്രി എന്ന നിലയില്‍ ആദരവുണ്ട്. മോദിയുടെ ഏതെങ്കിലും ഒരു ഗുണം തന്നിലുമുണ്ടെന്ന് പറയാനുള്ളത് യാത്രാ ഭ്രമമാണെന്നും രാമചന്ദ്രന്‍ പറഞ്ഞു. ഗള്‍ഫിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളും രാമചന്ദ്രന്‍ ചുറ്റിക്കണ്ടിട്ടുണ്ട്. ഇന്ത്യയിലും ഇനി സഞ്ചരിക്കാത്ത പ്രധാനസ്ഥലങ്ങ‍ളൊന്നും ബാക്കിയില്ല. ഗുജറാത്തില്‍ താമസിക്കുന്ന സഹോദരന്‍റെ വീട്ടില്‍ പോയാല്‍ നാട്ടുകാര്‍ വലിയ സ്വീകരണമാണ് നല്‍കുക.

ഒരു തവണ അയോദ്ധ്യയില്‍ പോയി. പട്ടാളത്തിന്‍റെ ബന്തവസ്സുള്ള കെട്ടിടത്തിന് ഉളളിലേക്ക് പ്രവേശനം കിട്ടിയത് മോദിയുടെ രൂപസാദൃശ്യം കൊണ്ട് മാത്രമാണ്. മോദി വേഷം മാറിവന്നതാണെന്ന് കരുതി പട്ടാളക്കാരൊക്കെ സെല്‍ഫിയെടുത്താണ് വിട്ടത്. തീവണ്ടിയിലോ ബസ്സിലോ പോകുമ്പോള്‍ ആളുകള്‍ ബഹുമാനപുരസ്സരം സീറ്റ് ഒ‍ഴിഞ്ഞു തരും. ഉത്തരേന്ത്യയില്‍ സഞ്ചരിക്കുമ്പോള്‍ സമാനമായ നിരവധി അനുഭവങ്ങളാണ്. കേരളത്തില്‍ നാട്ടിലെത്തിയാല്‍ ആളുകളൊക്കെ മോദി മോദി എന്ന് വിളിച്ച് കളിയാക്കും. ബാംഗ്ലൂരില്‍ ആളുകളുടെ സെല്‍ഫികള്‍ക്ക് നിന്ന് കൊടുക്കാനേ സമയമുള്ളൂ. അതുകൊണ്ട് അത്യാവശ്യത്തിനേ ഇപ്പോള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാറുള്ളൂ.

നരേന്ദ്ര മോദി റെയില്‍വേ സ്റ്റേഷനിലെന്ന വാര്‍ത്ത ആദ്യം കൈരളി ന്യൂസ് ഓണ്‍ലൈനില്‍ വന്നപ്പോള്‍ രസകരമായ നിരവധി കമന്‍റുകാളാണ് പ്രത്യക്ഷപ്പെട്ടത്. മോദി പയ്യന്നൂര്‍ ഒരു രാജ്യമാണെന്ന് കരുതിക്കാണണം, രണ്ട് വര്‍ഷം ക‍ഴിഞ്ഞാല്‍ മോദിയെ ഇങ്ങനെ റെയില്‍വേ സ്റ്റേഷനില്‍ കാണാം, ഇതു മോദിയല്ല മോദിയാണെങ്കില്‍ ക്യാമറയ്ക്ക് പോസു ചെയ്യും, ഒരു മോദിയെക്കൊണ്ട് മൊത്തത്തില്‍ പെട്ടിരിക്കുകയാ ഇനിയും മോദിയോ!, നാളത്തെ ജനം വാര്‍ത്ത- പ്രധാനമന്ത്രി സാധാരണക്കാരനായി സ്റ്റേഷനില്‍- ഇങ്ങനെ പോകുന്നു കമന്‍റുകള്‍.

കാസര്‍ക്കോട് ചിറ്റാരിക്കല്‍ സ്വദേശിയായ ഓമനയാണ് രാമചന്ദ്രന്‍റെ ഭാര്യ. രണ്ട് മക്കള്‍ രാജീവും രാജേഷും. രാജീവ് ബംഗ്ലൂരുവിലും രാജേഷ് ബെല്‍ജിയത്തിലും സോഫ്റ്റുവെയര്‍ എഞ്ചിനിയര്‍മാരായി ജോലി ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here