ഭാര്യയെ എങ്ങനെ ‘കൈകാര്യം’ ചെയ്യാം? ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ എങ്ങനെ ഒഴിവാക്കാം?; ‘പപ്പടക്കഥ’യുമായി സരസപ്രഭാഷകന്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ ജെബി ജംഗ്ഷനില്‍

ഭാര്യയും ഭര്‍ത്താവും പരസ്പരം മനസിലാക്കി ജീവിച്ചാല്‍ ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാമെന്ന് ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍. സരസപ്രസംഗങ്ങള്‍ കൊണ്ട് എല്ലാവരെയും കൈയിലെടുക്കുന്ന ഫാദര്‍ കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ഭാര്യയുടെ സ്വഭാവം ഭര്‍ത്താവ് തീര്‍ച്ചയായും മനസിലാക്കിയിരിക്കണം. അത് അനുസരിച്ച് വേണം, ഓരോ കാര്യങ്ങളെയും സമീപിക്കാന്‍. കാര്യങ്ങള്‍ കടുപ്പത്തിലും പറയാം, മയത്തിലും പറയാം. സന്ദര്‍ഭങ്ങള്‍ അനുസരിച്ച് ബുദ്ധിപരമായി നീങ്ങുമ്പോഴാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നത്. ഇതിന് ഉദാഹരണമായി ഒരു കുടുംബത്തിലെ പപ്പടക്കഥയാണ് ഫാദര്‍ പറയുന്നത്.

രാത്രി ഭക്ഷണത്തിന് ഇരുന്ന ഭര്‍ത്താവിന് മുന്‍പില്‍ എല്ലാം എത്തി. പക്ഷെ പപ്പടം മാത്രം എത്തിയില്ല. എന്നാല്‍ പപ്പടം ചുട്ട് വച്ചിട്ടുണ്ട്. അത് എടുക്കാന്‍ ഭാര്യ മറന്നതാണ്. ഇക്കാര്യം ഭാര്യയെ അറിയിക്കാന്‍ രണ്ട് മാര്‍ഗങ്ങളാണ് ഫാദര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്: ശബ്ദം കടുപ്പിച്ച്, ‘ആര്‍ക്കാടി പപ്പടം ഉണ്ടാക്കിവച്ചത്.’ എന്ന് ചോദിക്കാം. അല്ലെങ്കില്‍ മയത്തില്‍ ഇങ്ങനെ പറയാം: ‘എടീ ഭാര്യയേ, ഇന്ന് ഓഫീസ് മുറിയില്‍ ഒരു കര്‍ട്ടണ്‍ ഇട്ടു. പക്ഷെ അതിന്റെ കമ്പിക്ക് നല്ല നീളമാണ്. അത് ഇവിടെ മുതല്‍ ദാ, ആ പപ്പടം ഇരിക്കുന്നത് വരെ നീളും’. ഇത്രയും പറഞ്ഞ് കഴിയുമ്പോള്‍ ഭാര്യ പപ്പടത്തിന്റെ കാര്യം ഓര്‍ക്കുമെന്നും ഫാദര്‍ അഭിപ്രായപ്പെടുന്നു.

ഭാര്യയെ മനസിലാക്കി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന രീതിയാണ് പ്രധാനമെന്നും ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ വ്യക്തമാക്കുന്നു. പുരുഷന്‍മാര്‍ എല്ലാം മറക്കും. എന്നാല്‍ ഒന്നും പൊറുക്കില്ല. പക്ഷെ സ്ത്രീകള്‍ എല്ലാം പൊറുക്കും എന്നാല്‍ ഒന്നും മറക്കില്ലെന്നും ഫാദര്‍ പറയുന്നു.

ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ പങ്കെടുക്കുന്ന ജെബി ജംഗ്ഷന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9.30ന് കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here