നഴ്‌സുമാര്‍ കേരളത്തിന്റെ ആരോഗ്യ അംബാസഡര്‍മാര്‍; അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം; ഡോ. ബി. ഇക്ബാല്‍

നഴ്‌സുമാര്‍ കേരളത്തിന്റെ ആരോഗ്യ അംബാസഡര്‍മാരാണെന്നും അവരുടെ ആവശ്യങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ അംഗീകരിക്കണമെന്നും ഡോ.ബി ഇക്ബാല്‍

‘കേരളത്തിന്റെ ആഗോള അംബാസഡര്‍മാരാണ് നഴ്‌സുമാര്‍. നിര്‍ഭാഗ്യവശാല്‍ സ്വകാര്യ തൊഴില്‍ മേഖലയില്‍ ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്നതും അവരാണ്. മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിട്ട്യൂട്ടിലെ മലയാളിയായ സ്റ്റാഫ് നഴ്‌സ് തൊടുപുഴയില്‍ നിന്നുള്ള ഇരുപത്തൊന്നു വയസ്സുള്ള ബീനാ ബേബിയുടെ ആത്മഹത്യയോടെയാണ് വെള്ളവസന്തമെന്ന വിശേഷണം അര്‍ഹിക്കുന്ന ഇന്ത്യയിലെ നഴ്‌സു മാരുടെ ന്യായമായ വേതന സേവന വ്യവസ്ഥകള്‍ക്കായുള്ള സമരം 2013 ല്‍ ആരംഭിച്ചത്. തുടര്‍ന്ന് പരിമിതമായ വേതന വര്‍ധന ചില ആശുപത്രികള്‍ നടപ്പിലാക്കുകയുണ്ടായി.

എന്നാല്‍, നഴ്‌സുമാരുടെ സേവന വ്യവസ്ഥകള്‍ പരിശോധിക്കുന്നതിനായി നിയമിച്ച കമ്മറ്റികളോ അടുത്തകാലത്ത് സുപ്രീം കോടതിയോ നിര്‍ദ്ദേശിച്ച വേതന പരിഷ്‌ക്കരണം നടപ്പിലാക്കാന്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. തിങ്കളാഴ്ച മുതല്‍ പണിമുടക്ക് സമരത്തിലേക്ക് നീങ്ങാന്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ തീരുമാനിച്ചിരിക്കയാണ്. അറുപത് ശതമാനത്തോളം പേര്‍ ചികിത്സക്കായി ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്. ഈ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കുന്നത് വലിയൊരു വിഭാഗം രോഗികളുടെ ചികിത്സയെ പ്രതികൂലമായി ബാധിക്കും.

ഇതെല്ലാം പരിഗണിച്ച് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ തികച്ചും ന്യായമായ ആവശ്യങ്ങള്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് അംഗീകരിച്ച് നടപ്പിലാക്കാന്‍ സ്വകാര്യ ആശുപത്രി മേധാവികള്‍ ഇനി ഒട്ടും വൈകാതെ തയ്യാറാവണം’- ഡോ. ഇക്ബാല്‍ അഭ്യര്‍ത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News