ഇഷ്ടമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകണം;മന്ത്രി ജി.സുധാകരന്‍

പത്തനംതിട്ട: ഇഷ്ടമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുത്ത് പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകുന്ന തരത്തില്‍ വിദ്യാഭ്യാസ രംഗത്ത് മാറ്റമുണ്ടാകണമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന മികവരങ്ങ് പരിപാടി കോഴഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസരംഗത്തെ പരിഷ്‌കരണമടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണം ശ്രദ്ധേയമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പോലെയുള്ള പദ്ധതികള്‍ ഇതിനുദാഹരണമാണ്. ഒരുകാലത്ത് ഏറെ പരിതാപകരമായിരുന്ന വിദ്യാഭ്യാസരംഗം ഇന്ന് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷെ വിദ്യാര്‍ഥികളുടെ അഭിരുചി അറിഞ്ഞ് അതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലേക്ക് വിദ്യാഭ്യാസരംഗം മാറ്റപ്പെട്ടിട്ടില്ല.

ധനസമ്പാദത്തിനുള്ള കേവലമാര്‍ഗങ്ങളല്ല വിദ്യാഭ്യാസം. പണസമ്പാദനത്തിനുള്ള മാര്‍ഗമായി മാത്രം വിദ്യാര്‍ഥികളെ മെഡിസിനും എന്‍ജിനിയറിംഗിനും അയയ്ക്കുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍ ഇന്ന് പൊതുസമൂഹം അഭിമൂഖീകരിച്ചുകൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ എത്തിക്‌സ് മറന്നുപോകുന്ന ഡോക്ടര്‍മാര്‍ ഉണ്ടായത് ഇത്തരം ദുഷ്പ്രവണതയുടെ ഫലമാണ്. ഇത് മാറണമെന്നും മന്ത്രി പറഞ്ഞു.വിദ്യാഭ്യാസത്തില്‍ മൂല്യബോധം വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണ്.

പരിതാപകരമായ അന്തരീക്ഷത്തില്‍ നിന്ന് പഠിച്ചുയര്‍ന്ന മുന്‍ രാഷ്ട്രപതിമാരായ കെ.ആര്‍ നാരായണനെയും ഡോ.എ.പി.ജെ അബ്ദുള്‍ കലാമിനെയും വിദ്യാര്‍ഥി സമൂഹം മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു. വിവിധ സ്‌കൂളുകളില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെയും ഡിഗ്രിക്ക് റാങ്ക് നേടിയവരെയും മന്ത്രി ചടങ്ങില്‍ ആദരിച്ചു. വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറി സി.പി നായര്‍ മുഖ്യപ്രഭാഷണം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News