നടിയെയും മഞ്ജുവിനെയും സ്വാധീനിക്കാന്‍ ദിലീപിന് കഴിയില്ല, ജാമ്യഹര്‍ജിയുടെ വിശദാംശങ്ങള്‍ പുറത്ത്

കൊച്ചി: നടന്‍ ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയുടെ വിശദാംശങ്ങള്‍ പുറത്ത്. ദിലീപിനെ തേജോവധം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് വാദിക്കുന്ന ഹര്‍ജി ഒരു കുറ്റവും ചെയ്യാത്ത താരത്തിന് എത്രയും വേഗം ജാമ്യം നല്‍കണമെന്നും ആവശ്യപ്പെടുന്നു. കുപ്രസിദ്ധ കുറ്റവാളിയും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയുമായി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ദിലീപിനെ കുറ്റവാളിയാക്കിയതെന്നും ചൂണ്ടികാട്ടിയിട്ടുണ്ട്.


നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ മൊഴിയില്‍ യാതൊരു അന്വേഷണവും നടത്താതെയാണ് ദിലീപിനെ അറസ്റ്റ് ചെയ്യ്ത് പ്രതിയാക്കിയതെന്നും രാംകുമാര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി വ്യക്തമാക്കുന്നു. സാക്ഷികളെ സാധീനിക്കുമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. പ്രധാന സാക്ഷികളായ മഞ്ജുവാര്യര്‍, ആക്രമണത്തിനിരയായ നടി എന്നിവരെ ഒരു ഘട്ടത്തിലും ദിലീപിന് സ്വാധീനിക്കാനാകില്ലെന്നും ഹര്‍ജി പറയുന്നു.

ഇവരും ദിലീപിനെപോലെതന്നെ സമൂഹത്തിലെ പ്രബലരാണെന്നും അതിനാല്‍ തന്നെ എങ്ങനെ സ്വാധീനിക്കാനാകുമെന്നും ഹര്‍ജി ചോദിക്കുന്നു. തനിക്കെതിരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമില്ലെന്ന് ഇരയായ നടി വ്യക്തമാക്കിയതും ഇവിടെ പരാമര്‍ശിച്ചിട്ടുണ്ട്. ദിലീപ് പ്രശസ്തനായ നടനാണെന്നുള്ളതും മറ്റ് ക്രിമിനല്‍ കേസുകളില്ലെന്നതും, പാവപ്പെട്ടവരെ സഹായിക്കുന്ന വ്യക്തിയാണെന്നതും പരിഗണിക്കണമെന്നും രാംകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ആവശ്യപ്പെടുന്നു.

ദിലീപിനെതിരെ ഉന്നയിച്ചിരിക്കുന്ന 19 കുറ്റകൃത്യങ്ങളില്‍ പലതും കെട്ടിച്ചമച്ചതാണ്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമായ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. എല്ലാവര്‍ക്കും പരിചിതനായ പ്രശസ്തനായ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ പോലും നടക്കില്ലെന്നും ഹര്‍ജി പറയുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുമെന്നാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News