ദിലീപിന് ജാമ്യമില്ല; ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ വ്യാഴാ‍ഴ്ചത്തേക്ക് മാറ്റി; വീണ്ടും കാരാഗൃഹവാസം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. വ്യാഴാഴ്ചത്തേക്കാണ് മാറ്റിയത്. പ്രൊസിക്യൂഷന്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. ഇതോടെ ദിലീപിന്റെ കാരാൃഹവാസം തുടരും.

അടിയന്തരമായി ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി മുഖവിലയ്‌ക്കെടുത്തില്ല. വ്യാഴാഴ്ച ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.

ഉച്ചയ്ക്ക് 1.45-ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കേസിനെക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.

പ്രതിഭാഗം പുതിയ ഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ  ബോധിപ്പിച്ചു. തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നാണ് സര്‍ക്കാര്‍ ആദ്യം ആവശ്യപ്പെട്ടതെങ്കിലും കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

അതേസമയം കേരളം കാതോര്‍ത്ത കേസിലെ അന്വേഷണം അന്തിമഘട്ടത്തിലെത്തിനില്‍ക്കുമ്പോള്‍ പഴുതടച്ചുള്ള തെളിവുകളാണ് പൊലീസ് ഹാജരാക്കുക. ഈ ഘട്ടത്തില്‍ ദിലീപ് പുറത്തിറങ്ങുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പൊലീസ് ചൂണ്ടിക്കാട്ടും.

നേരത്തെ തന്നെ ദിലീപ് പുറത്തിറങ്ങിയാല്‍ നടിയെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ ജാമ്യ ഹര്‍ജി കേസ് ഡയറിയുടെ കരുത്തുകൊണ്ട് മറികടക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. കൂടുതല്‍ തെളിവുകള്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ ഹാജരാക്കും. നിലവിലുള്ള തെളിവുകള്‍ക്ക് പുറമെ ചില ശാസ്ത്രീയ തെളിവുകളും മൊഴികളും ശേഖരിച്ചിട്ടുണ്ട്. ഇതുകൂടി ജാമ്യ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കും.

മുഖ്യപ്രതിക്ക് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സഹായകമാകുമെന്നും പൊലീസ് വാദിക്കും. വരാപ്പുഴ, പറവൂര്‍ പീഡന കേസുകളിലെ അനുഭവവും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തും. ദിലീപിന് വേണ്ടി പി ആര്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതും കോടതിയില്‍ വാദമുഖം തുറക്കും. സമൂഹത്തില്‍ വലിയ സ്വാധീനമുള്ള പ്രതി പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന വാദം ഹൈക്കോടതി മുഖവിലയ്‌ക്കെടുക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

അതേ സമയം കീഴ്‌കോടതി തള്ളിയ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ അനുകൂലമായി മാറുമെന്നാണ് ദിലീപ് അനുകൂലികളുടെ വിലയിരുത്തല്‍. ദിലീപിനെതിരായ തെളിവുകളൊന്നും കേസ് ഡയറിയില്ലെന്നും ക്രിമിനലായ ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ വിലയും നിലയുമുള്ള വ്യക്തിയെ തേജോവധം ചെയ്യുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാര്‍ ചൂണ്ടികാട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News