പള്‍സര്‍ സുനിയുടെ ആദ്യ ക്വട്ടേഷന്‍ പീഡനം; പ്രതികരണവുമായി നടി ഭാമ രംഗത്ത് - Kairalinewsonline.com
DontMiss

പള്‍സര്‍ സുനിയുടെ ആദ്യ ക്വട്ടേഷന്‍ പീഡനം; പ്രതികരണവുമായി നടി ഭാമ രംഗത്ത്

ആക്രമണത്തിന് ശേഷം സിനിമയില്‍ നിന്നു അപ്രത്യക്ഷയായ നടി അടുത്തിടെയാണ് തിരിച്ചു വന്നതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനി മുന്‍പും ക്വട്ടേഷന്‍ പീഡനം നടത്തിയിട്ടുണ്ടെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി നടി ഭാമ. രണ്ട് വര്‍ഷം മുമ്പ് പള്‍സര്‍ സുനി പ്രമുഖ സംവിധായകന്റെ സിനിമകളിലൂടെ നായിക പദവിയിലെത്തിയ ഒരു യുവനടിയെ പീഡിപ്പിച്ചെന്നും പ്രമുഖ നിര്‍മ്മാതാവ് നല്‍കിയ ക്വട്ടേഷനായിരുന്നു അതെന്നും നടി സംഭവത്തോടെ സിനിമയില്‍ സജീവമല്ലാതായെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

ഇതിന് പിന്നാലെയാണ് ആ നടി താനല്ലെന്നും ഒരു ക്വട്ടേഷന്‍ ആക്രമണവും തനിക്കു നേരെ ഉണ്ടായിട്ടില്ലെന്നും പറഞ്ഞ് നടി ഭാമ രംഗത്തെത്തിയിരിക്കുന്നത്.

പള്‍സര്‍ സുനിയുടെ ക്വട്ടേഷന്‍ പീഡനത്തിന് ഇരയായത് ലോഹിതദാസിന്റെ സിനിമയിലൂടെ എത്തിയ ഒരു നടിയാണെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം പ്രചരിപ്പിച്ചിരുന്നു. ആക്രമണത്തിന് ശേഷം സിനിമയില്‍ നിന്നു തന്നെ ഏറെക്കുറെ അപ്രത്യക്ഷയായ നടി അടുത്തിടെയാണ് തിരിച്ചു വന്നതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ നടി താനല്ലെന്ന് ഒരു പ്രമുഖ മാധ്യമത്തോടാണ് ഭാമ പ്രതികരിച്ചത്.

ലോഹിതദാസിന്റെ ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമയിലെത്തിയത്. ഇടക്കാലത്ത് സിനിമയില്‍ സജീവമല്ലാതിരുന്ന താരം അടുത്തയിടയ്ക്കാണ് വീണ്ടും മലയാളത്തില്‍ സജീവമായത്. ഇക്കാരണങ്ങള്‍ക്കൊണ്ട് ഭാമയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയിലെ ‘നായിക’ എന്ന പ്രചരണമുണ്ടായിരുന്നു. ഇതോടെയാണ് ഭാമ തന്നെ വാര്‍ത്ത തള്ളി രംഗത്തുവന്നത്.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനായി രംഗത്തുള്ള ഒരു നിര്‍മ്മാതാവിന് വേണ്ടിയാണ് പള്‍സര്‍ സുനി ലോഹിതദാസ് ചിത്രത്തിലൂടെ എത്തിയ നായികയെ ആക്രമിച്ചത് എന്നായിരുന്നു വാര്‍ത്തകള്‍. ഒരു നടന്റെ ഡ്രൈവറായി ജോലി ചെയ്യുമ്പോഴായിരുന്നു പള്‍സറിന്റെ ആദ്യ ക്വട്ടേഷന്‍ ആക്രമണമെന്നും റപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

To Top