അസാധുനോട്ട് ഇനി മാറാനാകില്ല; സുപ്രീംകോടതി നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ തള്ളി

ദില്ലി: അസാധുനോട്ട് മാറാന്‍ ഇനി സമയം നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ റദ്ദാക്കിയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ അര്‍ഹരായവര്‍ക്ക് ഒരവസരം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇനിയും സമയം അനുവദിച്ചാല്‍ കള്ളപ്പണം തടയാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്ക് തടസ്സമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

ജയിലിലായവരുള്‍പ്പെടെ, നിശ്ചിത സമയപരിധിക്കുള്ളില്‍ നോട്ടു മാറാന്‍ കഴിയാതിരുന്നവര്‍ക്ക് ന്യായമായ കാരണം ബോധിപ്പിക്കാനുണ്ടെങ്കില്‍ അവര്‍ക്ക് നോട്ടു മാറ്റി നല്‍കണമെന്നും ഈ മാസം 17 നു മുന്‍പ് ഇക്കാര്യത്തില്‍ മറുപടി അറിയിക്കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

നോട്ടു മാറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. കഴിഞ്ഞ നവംബര്‍ എട്ടിനാണ് 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. കള്ളപ്പണം തടയാനെന്ന പേരിലായിരുന്നു സര്‍ക്കാരിന്റെ നോട്ട് നിരോധനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel