മെഡിക്കല്‍ സ്വാശ്രയ കോഴയില്‍ മുങ്ങി കേരളത്തിലെ ബിജെപി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോഴ അഴിമതി വിവാദത്തില്‍ ബിജെപി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. വര്‍ക്കലയിലെ സ്വാശ്രയമെഡിക്കല്‍കോളേജ് ഉടമ 150 മെഡിക്കല്‍ സീറ്റിനായി ബിജെപി നേതാക്കളുമായി പറഞ്ഞുറപ്പിച്ചിരുന്നത് 15 കോടി രൂപയാണെന്നത് അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.പി.കെ.കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനേതാക്കള്‍ ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് നേതാവിന്റെ ബന്ധുവഴിയാണ് കോഴ നല്‍കിയതെന്നും അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.അതേസമയം മെഡിക്കല്‍കോഴ വിവാദത്തില്‍ ശനിയാഴ്ച ചേരാനിരിക്കുന്ന ബിജെപി യോഗത്തില്‍ പൊട്ടിത്തെറിയുണ്ടാകാനാണ് സാദ്ധ്യത.

സ്വാശ്രയ മെഡിക്കല്‍കോളേജിന് കൂടുതല്‍ സീറ്റ് വാങ്ങിനല്‍കുന്നതിനായി ബിജെപി സംസ്ഥാനനേതാക്കള്‍ കോടികള്‍ കോഴ വാങ്ങിയെന്ന വി.മുരളീധരപക്ഷം നേതാക്കളുടെ ആരോപണത്തിന്റെയും സംഭവത്തില്‍ കോളേജ് ഉടമ നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശന്‍, ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ എന്നീ രണ്ടംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്.

വര്‍ക്കലയിലെ സ്വാശ്രയമെഡിക്കല്‍കോളേജിന് 150 മെഡിക്കല്‍ സീറ്റ് വാങ്ങിനല്‍കാനായി പി.കെ.കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍ പറഞ്ഞ് ഉറപ്പിച്ചത് 15 കോടി രൂപയായിരുന്നു.അതില്‍ ആദ്യ ഗഡുവായ 5 കോടി കോളേജ് ഉടമ ബിജെപി സെല്ലിലെ നേതാവുവഴി കൊടുത്തു. സെല്‍ നേതാവ് ഈതുക ദില്ലിയില്‍ ബിജെപിയ്ക്കായി ഇത്തരം കാര്യങ്ങള്‍ നിര്‍വ്വഹിച്ചുകൊടുക്കുന്ന ആര്‍എസ്എസ് നേതാവിന്റെ ബന്ധുവിന് കൈമാറിയെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. കമ്മീഷന്‍ ഈ വ്യക്തിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

ബാക്കി 10 കോടി നല്‍കാത്തതിനാല്‍ 10 മെഡിക്കല്‍ സീറ്റ് നല്‍കിയാല്‍മതിയെന്നും അത് വിറ്റ് തന്റെ കണ്‍സള്‍ട്ടന്‍സി ഫീസ് എടുക്കാമെന്നും ദില്ലിക്കാരന്‍ അറിയിച്ചവിവരവും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കോഴ ഇടപാടില്‍ പല ബിജെപി നേതാക്കളും ഈ ദില്ലി
ബിനാമിയെ ഉപയോഗിച്ചിരുന്നു. ദില്ലി കേന്ദ്രീകരിച്ച് നടക്കുന്ന ഉപജാപങ്ങളില്‍പെട്ട ആളായതിനാലാണ് നേതാക്കള്‍ ഈ വ്യക്തി വഴി കാര്യങ്ങള്‍ നടത്തുന്നതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. കോഴവിവാദത്തില്‍ ബിജെപി സംസ്ഥാകമ്മിറ്റി ഓഫീസിലെ നെയ്യാറ്റിന്‍കര സ്വദേശിയായ ഒരു ജീവനക്കാരനും ബിജെപി സെല്‍ ഭാരവാഹിയ്ക്കും പങ്കുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തിയിരിക്കുകയാണ്.

മെഡിക്കല്‍കോളേജ് ഉടമ ബിഡിജെഎസ് വഴിയാണ് സംഭവത്തില്‍ കേന്ദ്ര നേതൃത്വത്തെ കൊണ്ട് അന്വേഷണം പ്രഖ്യാപിച്ചത്. കോഴയില്‍ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖരുടെ പേരുകള്‍ പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് ശനിയാഴ്ച ആലപ്പുഴയില്‍ ചേരുന്ന ബിജെപി സംസ്ഥാന കമ്മിറ്റിയോഗത്തില്‍ നേതാക്കള്‍ക്കിടയില്‍ പൊട്ടിതെറിയുണ്ടാക്കാനാണ് സാദ്ധ്യത. അതേസമയം വി മുരളീധരപക്ഷത്തിനെതിരെയുള്ള പാലക്കാട് മെഡിക്കല്‍കോളേജ് കോഴ അഴിമതി ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കാനാണ് കൃഷ്ണദാസ് പക്ഷത്തിന്റെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News