പിതൃസ്‌നേഹത്തില്‍ പൊതിഞ്ഞ പാസ്‌പോര്‍ട്ട്; കുഞ്ഞു അവിക്ക് സ്വന്തം

പുനെ: മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ കൈക്കുഞ്ഞിനെ ദത്തെടുത്തുകൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ മഹാരാഷ്ട്ര സ്വദേശിയായ ആദിത്യ തിവാരി എന്ന യുവാവിനെ ഓര്‍മ്മയില്ലേ? അവിവാഹിതനായ ഒരു യുവാവിന് കുഞ്ഞിനെ ദത്തെടുക്കാന്‍ നിയമം ഇല്ലാത്ത നമ്മുടെ നാട്ടില്‍ കുഞ്ഞിനോടുള്ള സ്‌നേഹം മാത്രം ഏറെ കടമ്പകള്‍ കടന്നാണ് ആദിത്യ തന്റെ മകനെ സ്വന്തമാക്കിയത്.

അവിനാശ് തിവാരി എന്നു പേരിട്ട് അവി എന്ന് വിളിക്കപ്പെട്ട ആ കുഞ്ഞും അച്ഛനും പിന്നെ വളരെ പെട്ടന്നാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. കുഞ്ഞു അവിയെ കളിച്ചും കളിപ്പിച്ചും അവനൊപ്പം ആദിത്യയും വളരുകയായിരുന്നു.ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സിംഗിള്‍ പേരന്റെ് എന്ന ബഹുമതിക്ക് അര്‍ഹനായ ആദിത്യ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച ഒരു കുഞ്ഞിനെ എങ്ങനെ വളര്‍ത്തും എന്ന് സമൂഹത്തിനു പഠിപ്പിച്ചു കൊടുക്കുകയായിരുന്നു.

എന്നാല്‍ ഈ അടുത്ത് ആദിത്യയും അവിയും വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. എന്താണ് കാര്യമെന്നല്ലേ? കുഞ്ഞു അവിയ്ക്ക് മന്ത്രാലയം പാസ്‌പോര്‍ട്ട് നിഷേധിച്ചു എന്ന കാരണത്താല്‍. പാസ്‌പോര്‍ട്ട് ലഭിക്കണം എങ്കില്‍ അതില്‍ അമ്മയുടെ പേരിനു നേരെയുള്ള കോളം ഫില്‍ ചെയ്യണമായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച അവിക്ക് അതിന്റെ അനിവാര്യത എന്ത്…? എന്നായി ആദിത്യയുടെ ചോദ്യം. ആ കോളത്തില്‍ ആദിത്യയുടെ ഭാര്യയുടെ പേര് ചേര്‍ക്കാന്‍ കഴിയില്ല, കാരണം ആദിത്യ സിംഗിള്‍ പാരന്റ് ആയാണ് കുഞ്ഞിനെ ദത്തെടുത്തത്.

തോറ്റുപിന്മാറാന്‍ ആദിത്യ തയ്യാറല്ലായിരുന്നു. നിയമപരമായി തന്നെ ഇതിനെതിരെ പോരാടി. വസ്തുതകള്‍ മന്ത്രാലയം മുന്‍പാകെ നിരത്തി. ഒടുവില്‍ സുഷമ സ്വരാജ് കേസില്‍ നേരിട്ട് ഇടപെട്ടു. ഭോപ്പാല്‍ പാസ്‌പോര്‍ട്ട് ഓഫീസ് അവിയുടെ പാസ്‌പോര്‍ട്ട് ഫയലുകള്‍ രണ്ടു മാസങ്ങള്‍ക്കു ശേഷം ചലിച്ചു. ഈ അച്ഛന്റെയും മകന്റെയും സ്‌നേഹത്തിനും ആവശ്യങ്ങള്‍ക്കും മുന്നില്‍ നിയമം ഒന്നുകൂടി മാറ്റി എഴുതപ്പെട്ടു.

അങ്ങനെ സ്വന്തം അമ്മയുടെ പേര് എഴുതാതെ തന്നെ അവിക്ക് പാസ്‌പോര്‍ട്ട് അനുവദിക്കപ്പെട്ടു. സിംഗിള്‍ പാരന്റിന്റെ പേരോടെ ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാനുള്ള നിയമം വരേണ്ടത് അനിവാര്യമാണെന്ന് ആദിത്യ തിവാരി പറഞ്ഞു. എന്തായാലും അവിയും അച്ഛനും ഇപ്പോള്‍ ഹാപ്പിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News