‘മരയ’ ചരിത്രം കുറിക്കുന്നു; ടി. പദ്മനാഭന്റെ കഥയ്ക്കുള്ള പ്രതിഫലം സര്‍വ്വകാല റെക്കോര്‍ഡ്; മറ്റൊരു കഥയായി മലയാളിക്കു വായിക്കാന്‍ ഇതാ, മരയയുടെ അപൂര്‍വ്വകഥ

നെടുമൗനത്തിനുശേഷം മലയാളചെറുകഥയിലെ വലിയകാരണവര്‍ എഴുതിയ കഥ,’മരയ’ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് അച്ചടിച്ചുവന്നത്. 2017 മെയ് ഏഴിന്. ഇപ്പോഴിതാ, കഥയുടെ പ്രതിഫലം പപ്പേട്ടന്‍ കൈപ്പറ്റി 20,000 രൂപ. നാളിതുവരെ മലയാളത്തിലെ ഏതെങ്കിലും കഥയ്ക്ക് ഏതെങ്കിലും ആനുകാലികം നല്‍കിയ ഏറ്റവും വലിയ സമ്മാനം.

എഴുത്തിന്റെ പ്രതിഫലം എഴുത്തുകൂലിയല്ല. വാരികകളിലെ പണക്കാര്യസ്ഥരുടെ പൊലിവു നോക്കി ആരും കഥയുടെ മൂല്യം അളക്കാറുമില്ല. പപ്പേട്ടന്റെ പ്രകാശം പരത്തുന്ന അക്ഷരങ്ങളുടെ വില കൈപ്പറ്റിയ കാശു നോക്കി വിധിക്കാനാവട്ടെ മലയാളക്കരയിലാരും മിനക്കെടുകയുമില്ല. പക്ഷെ, ഇതൊരു സംഭവമാണ്. മലയാളത്തില്‍ ഒരു ചെറുകഥയ്ക്ക് ഒരാഴ്ചപ്പതിപ്പ് 20,000 രൂപ പ്രതിഫലം നല്‍കിയിരിക്കുന്നു. മലയാളത്തിന്റെ പുണ്യം. കഥയുടെ സായുജ്യം.

വല്ലപ്പോഴും എഴുതുന്ന പപ്പേട്ടന്റെ പുതിയ കഥ അച്ചടിച്ചു വന്നപാടേ ശ്രദ്ധിക്കപ്പെട്ടിരുന്നു. മതേതരത്വത്തോടും മാനവികതയോടുമുള്ള നമ്മുടെ ഏറ്റവും മുതിര്‍ന്ന കഥാകാരന്റെ പ്രതികരണമായി ‘മരയ’ വായിക്കപ്പെട്ടു. കന്യാസ്ത്രീകളുടെ സ്‌കൂളും ആ സദ്സ്ഥാപനം ചുറ്റുവട്ടത്ത് പരത്തുന്ന പ്രകാശവും ജാതിമതരാഷ്ട്രീയഭേദമില്ലാതെ അതിന് കിട്ടുന്ന വാഴ്ത്തപ്പെടലുകളും പ്രതീകങ്ങളായി മനസിലാക്കപ്പെട്ടു. ലോക ക്ലാസിക് കഥകളിലേയ്ക്ക് ഇന്നത്തെ മലയാളത്തിന്റെ സംഭാവനയാണ് ഈ കഥയെന്നാണ് എന്‍ആര്‍എസ് ബാബു വിലയിരുത്തിയത്. ഒന്നരത്താളു വരുന്ന ഈ കഥ തന്നില്‍പ്പകര്‍ന്ന വികാരവിചാരങ്ങള്‍ രേഖപ്പെടുത്തിയാല്‍ ഇരുപതുതാളെങ്കിലും വരുമെന്നും അദ്ദേഹം സാക്ഷ്യം പറയുന്നു. അന്നേ ‘മരയ’ നിറവേറിയിരുന്നു. ആ സാഫല്യത്തിനൊരു അടിവരകൂടിയായി എക്കാലത്തെയും വലിയ ഈ പ്രതിഫലം.

എ!ഴുത്തിന്റെ സപ്തതിയിലേയ്ക്കു കടക്കുകയാണ് പപ്പേട്ടന്‍. 1948ലാണ് ടി. പദ്മനാഭന്‍ കഥാകാരനാകുന്നത്. പിന്നീടുള്ളതത്രയും ചരിത്രം. പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടിയും മഖന്‍ സിംഗിന്റെ മരണവും ഹാരിസണ്‍ സായ്‌വിന്റെ നായയും ഗൗരിയും പോലുള്ള നളിനകാന്തിയുള്ള രചനകളിലൂടെ വീടു നഷ്ടപ്പെട്ട കുട്ടിയെപ്പോലായ മലയാളിയുടെ തലമുറകളോടു സംസാരിച്ചുകൊണ്ടിരിക്കുകയാണ് ഈ കാലഭൈരവന്‍. അതുകൊണ്ട്, പപ്പേട്ടനിത് ഇത്തിരി നേരത്തേ കൈവരുന്ന എഴുത്തിന്റെ എഴുപതാം വാര്‍ഷിക പുരസ്‌കാരം കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News