പണമില്ലാതെ പഠനം നിര്‍ത്താനൊരുങ്ങിയ കുട്ടിക്ക് ആശ്വാസമേകി മന്ത്രിയുടെ ഇടപെടല്‍; സഹായവുമായി സഹകരണവകുപ്പ് ജീവനക്കാര്‍

തിരുവനന്തപുരം : എല്ലാ പരീക്ഷയും ഡിസ്റ്റിംഗ്ഷനോട് കൂടി പാസായ നെയ്യാറ്റിന്‍കര സ്വദേശി അര്‍ച്ചന, എഞ്ചിനീയറിംഗ് കോഴ്‌സിന്റെ രണ്ടാം വര്‍ഷത്തെ ഫീസ് അടയ്ക്കാന്‍ വഴിയില്ലാതെ പഠനം നിര്‍ത്താന്‍ ആലോചിക്കുകയായിരുന്നു. അച്ഛന്‍ ഉപേക്ഷിച്ചുപോയ കുടുംബത്തില്‍ അമ്മ തയ്യല്‍ തൊഴില്‍ ചെയ്ത് കിട്ടുന്ന ചെറിയൊരു വരുമാനം കൊണ്ടാണ് അര്‍ച്ചനയും പ്ലസ്ടൂവിന് പഠിക്കുന്ന സഹോദരിയും കഴിയുന്നത്.

സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത ഈ കുടുംബത്തില്‍ നിന്ന് പ്ലസ്ടൂ 90 ശതമാനം മാര്‍ക്കോടെ പാസായ അര്‍ച്ചനയ്ക്ക് പത്തനാപുരത്തെ സഹകരണ എഞ്ചിനീയറിംഗ് കോളേജില്‍ മെറിറ്റില്‍ കംപ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് അഡ്മിഷന്‍ കിട്ടി. പലിശയ്‌ക്കെടുത്ത പണം കൊണ്ടാണ് ആദ്യ വര്‍ഷത്തെ ഫീസ് അടച്ചത്.

ഒന്നാം വര്‍ഷത്തെ എല്ലാ വിഷയങ്ങളും നല്ല മാര്‍ക്കോടെ വിജയിച്ചെങ്കിലും രണ്ടാം വര്‍ഷത്തെ ഫീസ് അടയ്ക്കാന്‍ യാതൊരു നിര്‍വാഹവുമുണ്ടായില്ല. പിഴയോടെ ഫീസ് അടയ്ക്കാന്‍ ഏതാനും ദിവസം മാത്രം ബാക്കിനില്‍ക്കേ, അവസാന ആശ്രയമെന്ന നിലയില്‍ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനെ സമീപിക്കാന്‍ തീരുമാനിച്ചു.

സെക്രട്ടേറിയറ്റ് അനക്‌സിലെ ഓഫീസില്‍ വന്നു കണ്ട അര്‍ച്ചനയോട് പരിഹാരമുണ്ടാക്കാമെന്നും, പഠിത്തം നിര്‍ത്തരുതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം ജില്ലാ സഹകരണ വകുപ്പ് എംപ്ലോയീസ് സഹകരണ സംഘം അര്‍ച്ചനയുടെ ഒരു വര്‍ഷത്തെ ഫീസ് വഹിക്കാന്‍ തീരുമാനിച്ചു.

പ്രതിസന്ധിയില്‍ അകപ്പെട്ട അര്‍ച്ചനയ്ക്കും കുടുംബത്തിനും ആശ്വാസമേകി ഒരു വര്‍ഷത്തെ ഫീസിനുള്ള ചെക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൈമാറി. സഹകരണ വകുപ്പ് എംപ്ലോയീസ് സംഘം പ്രസിഡന്റ് ടി. അയ്യപ്പന്‍ നായര്‍, സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ലളിതാംബിക ഐഎഎസ്, എന്‍ജിഒ യൂണിയന്‍ സംസ്ഥാന ട്രഷറര്‍ ദിനേശ് കുമാര്‍, എന്‍ജിഒ യൂണിയന്‍ സൗത്ത് ജില്ലാ സെക്രട്ടറി ബി.അനില്‍കുമാര്‍, അഡ്വ. എം. രമേശന്‍, ശ്രീകണ്‌ഠേശന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News