സിനിമയല്ല ഈ ജീവിതം; അതുക്കും മേലേ

സിനിമാക്കഥയെ വെല്ലുന്ന ജീവിതകഥ പറഞ്ഞുകൊണ്ടാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ആ പെണ്‍കുട്ടി. കുറുപ്പെഴുതിയത്. പക്ഷേ ആ കഥയിലെ നായിക അവളല്ല. അവളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച, അവളുടെ ആഗ്രഹങ്ങള്‍ക്കു കൂട്ടുനിന്ന അഞ്ജലി ദീദീയാണ് അവളുടെ ജീവിതത്തിലെ നായിക. ഒരു മാലാഖയുടെ പരിവേഷം നല്‍കിയാണ് ചേരിയിലെ കുഞ്ഞുങ്ങള്‍ അവരെ സ്‌നേഹിക്കുന്നത്.


ഫേസ് ബുക്ക് പോസ്റ്റിലേക്ക്

ടിന്നുകളും പ്ലാസ്റ്റിക്കുകളും കൊണ്ടു മറച്ച കൂരകളായിരുന്നു ഞങ്ങളുടെ താമസം. പൈപ്പുവെള്ളത്തിനായി നീണ്ട ക്യൂ നിന്നും ശക്തമായി മഴ പെയ്യുമ്പോള്‍ ഒരു തുള്ളിവെള്ളംപോലും പുറത്തു പോവാതെ വരുമ്പോള്‍ കൂരക്കുള്ളിലിരുന്നു മഴകൊണ്ടുമാണ് ഞങ്ങള്‍ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ചിലവഴിച്ചിരുന്നത്. ചെറിയൊരു കാറ്ററിങ് സ്ഥാപനത്തിലെ ഷെഫ് ആയിരുന്നു എന്റെ അച്ഛന്‍. അച്ഛന് അധികം കാശൊന്നും സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും മക്കളെ സ്‌നേഹിക്കുന്നതില്‍ അദ്ദേഹം കുറവൊന്നും വരുത്തിയിരുന്നില്ല. അത്രകഷ്ടപ്പാടിലും ബാല്യത്തെക്കുറിച്ചുള്ള നല്ല ഓര്‍മകള്‍ എനിക്കുണ്ടായത് അച്ഛനെപ്പോലെ നല്ലൊരു സുഹൃത്തിനെ കിട്ടിയതുകൊണ്ടാണ്.

മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന് അച്ഛനു നിര്‍ബന്ധമായിരുന്നു. സ്വകാര്യസ്‌കൂളില്‍ അയച്ചു പഠിപ്പിക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ട് മുന്‍സിപ്പല്‍ സ്‌കൂളിലാണ് എന്നെ അയച്ചത്. അവിടെയുള്ള സഹപാഠികളുടെ വീട്ടിലെ കാര്യം വളരെ കഷ്ടമായിരുന്നു. പലരും പലതരത്തിലുള്ള ഗാര്‍ഹിക പീഡനങ്ങള്‍ സഹിക്കുന്നവരായിരുന്നു. പലവീട്ടിലെയും കുടുംബനാഥന്മാര്‍ മദ്യപാനികളുമായിരുന്നു.ജോലിചെയ്തു കിട്ടുന്ന തുച്ഛമായ ശമ്പളത്തിന്റെ ഭൂരിഭാഗവും അവര്‍ കുടിച്ചു തീര്‍ക്കും. അതിനേക്കാള്‍ അരക്ഷിതാവസ്ഥയായിരുന്നു സ്‌കൂളില്‍.

വേലക്കാരെയെന്ന പോലെയാണ് അധ്യാപകര്‍ ഞങ്ങളെ കണക്കാക്കിയിരുന്നത്. അവര്‍ കഴിച്ച ചോറ്റുപാത്രം ഞങ്ങളെക്കൊണ്ടു …കഴുകിക്കുക, ക്ലാസില്‍ വന്നിരുന്നറങ്ങുക എന്നതൊക്കെയായിരുന്നു അവരുടെ കലാപരിപാടികള്‍ ഒരിക്കല്‍ ഞങ്ങളുടെ കണക്കുമാഷ് ക്ലാസിലെ കുട്ടികളുടെ മുന്നില്‍വെച്ച് സിഗരറ്റ് വലിക്കുകയും ചെയ്തു. ഞങ്ങള്‍ ഇതിനെക്കുറിച്ചൊന്നും വീട്ടില്‍ പറഞ്ഞില്ല. കാരണം ഞങ്ങള്‍ക്കുറപ്പുണ്ട് മികച്ച സൗകര്യങ്ങളുള്ള ഒരു സ്‌കൂളിലയച്ചു പഠിപ്പിക്കാന്‍ ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് ആവില്ലെന്ന്. എന്നാലും മക്കളുടെ ഭാവി സ്പ്നം കാണുന്ന അച്ഛനമ്മമാരെ നിരാശപ്പെടുത്താന്‍ പാടില്ലല്ലോ. അതുകൊണ്ട് നാലുവയസ്സുള്ളപ്പോള്‍ അകന്‍ഷ എന്ന ആഫ്റ്റര്‍സ്‌കൂള്‍ സപ്ലിമെന്ററി പ്രോഗ്രാമില്‍ചേര്‍ന്നു.

സ്‌കൂളില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അകന്‍ഷയിലെ അഞ്ജലി ദീദീയോടു ഞങ്ങള്‍ തുറന്നു പറഞ്ഞു. കുഞ്ഞുങ്ങളുടെ കഴിവുനശിപ്പിക്കുന്ന അത്തരം സ്‌കൂളില്‍ പഠിക്കണ്ട എന്നു പറഞ്ഞ് എന്നെയും കുറച്ചു സുഹൃത്തുക്കളെയും അഞ്ജലി ദീദീ സ്വന്തം ചിലവില്‍ മറ്റൊരു പ്രൈവറ്റ് സ്‌കൂളില്‍ ചേര്‍ത്തു. 9 ാം ക്ലാസില്‍ പുതിയ സ്‌കൂളില്‍ പ്രവേശനം ലഭിച്ച ഞാന്‍ ആകെപ്പതറിപ്പോയി. പഠനത്തിന്റെ ചിലവെല്ലാം അഞ്ജലി ദീദീ നോക്കും. പക്ഷെ പുതിയ സ്‌കൂളിലെ പഠന രീതികള്‍ എനിക്കൊട്ടും മനസ്സിലാവുന്നില്ല. ഓരോ വിഷയവും പഠിപ്പിക്കാന്‍ ഓരോ അധ്യാപകരാണ് ഉള്ളതെന്ന എന്ന കാര്യംപോലും ഞാന്‍ അറിയുന്നത് പുതിയ സ്‌കൂളില്‍വെച്ചാണ്.പുതിയ പഠനാന്തരീക്ഷത്തോടു യോജിക്കാനാവാതെ ഒന്‍പതാംക്ലാസില്‍ രണ്ടുവട്ടം ഞാന്‍ പരാജയപ്പെട്ടു.

എന്നെക്കുറിച്ച് അഞ്ജലി ദീദീയുടെ പ്രതീക്ഷകള്‍ തകരുമോ എന്ന ഭയമായിരുന്നു മനസ്സുനിറയെ എനിക്കുവേണ്ടി ഇനി കാശുചിലവാക്കേണ്ടെന്നും ഞാന്‍ പഠിത്തം നിര്‍ത്താന്‍ പോവുകയാണെന്നും ഞാന്‍ അഞ്ജലി ദീതിയെ അറിയിച്ചു. അവര്‍ എന്നെ പ്രോത്സാഹിപ്പിച്ചു. കഠിനാധ്വാനം ചെയ്യാന്‍ ആവശ്യപ്പെട്ടു. പഠിക്കാന്‍ എന്നെ സഹായിച്ചു. വീട്ടില്‍ വൈദ്യുതിയില്ലാത്തതിനാല്‍ പഠനകേന്ദ്രത്തിലേക്കു ദീദീ എന്നെ തിരികെക്കൊണ്ടു പോകും അവിടെവെച്ച് പാഠഭാഗങ്ങള്‍ എന്നെ പഠിപ്പിക്കും.പഠനത്തിന്റെ ബുദ്ധിമുട്ടുകള്‍ മാറിവന്നപ്പോഴാണ് എന്റെ അച്ഛന്റെ മരണം. അഞ്ജലി ദീദീയുടെ പിന്തുണയോടെഞാന്‍ ആ ധര്‍മ്മസങ്കടത്തേയും അതിജീവിച്ചു പരീക്ഷയെഴുതി വിജയിച്ചു. അങ്ങനെ ആ സ്‌കൂളിന്റെ ഹെഡ്‌ഗേള്‍ എന്ന സ്ഥാനത്തുവരെയെത്താന്‍ അഞ്ജലി ദീദീ എന്നെ സഹായിച്ചു.

പത്താംക്ലാസ് പാസായശേഷം പാര്‍ട്ട് ടൈംജോലിചെയ്ത് അമ്മയെ സഹായിക്കാനാരംഭിച്ചു. അപ്പോഴാണ് എനിക്ക് സേവ്യേഴ്‌സില്‍ പഠിക്കാനവസരം ലഭിച്ചത്. ഒരു ഫിലിംമേക്കറാവുക എന്ന സ്വപ്നം സഫലമാകാന്‍ ഇനി കുറച്ചുദൂരം കൂടി എന്നു ഞാന്‍ ആശ്വസിച്ചപ്പോഴാണ് കുടുംബത്തില്‍ മറ്റുചില പ്രതിസന്ധികളുണ്ടായത്. അപ്പോള്‍ പഠനം പാതിവഴിയിലുപേക്ഷിച്ച് എന്തെങ്കിലും ജോലിചെയ്ത് അമ്മയെ സഹായിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ അഞ്ജലി ദീദീ എന്നെ പിന്തിരിപ്പിച്ചു’.
” വിദ്യാഭ്യാസത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. നിനക്കൊരുപാടു സ്വപ്നങ്ങളുമുണ്ട്. അമ്മയോടൊപ്പം ലോകംചുറ്റണമെന്ന് നിനക്കാഗ്രഹമില്ലേ? പഠിത്തം പാതിവഴിയിലുപേക്ഷിച്ചാല്‍ നിനക്കെങ്ങനെ നിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും”. ‘ദീദിയുടെ ആ വാക്കുകള്‍ക്കു ഞാന്‍ ചെവികൊടുത്തു. കൊളേജ് പഠനത്തിനൊപ്പം ഒന്നിലധികം പാര്‍ട്ട്‌ടൈം ജോലികള്‍ ചെയ്തു. കൊളേജ് പഠനം കഴിഞ്ഞയുടനെ ഫ്യൂച്ചര്‍ ഈസ്റ്റ് ഫിലിമില്‍ എനിക്കു ജോലിലഭിച്ചു. അവധി ലഭിക്കുന്ന ഞായറാഴ്ചകളില്‍ ഞാന്‍ ചേരിയിലെ പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ പോകും. അമ്മയോടൊപ്പം ഉലകം ചുറ്റണമെന്ന ആഗ്രഹം ഇപ്പോഴുമുണ്ട്. പക്ഷെ അതിലും വലിയൊരു ആഗ്രഹത്തിനാണ് ഞാനിപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത്. എന്റെ ജീവിതം അഞ്ജലി ദീതി മാറ്റിമറിച്ചതുപോലെ ഏതെങ്കിലുമൊരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ക്ക് എനിക്കും കൂട്ടു നില്‍ക്കണം അഞ്ജലി ദീദീയെപ്പോലെ’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News