അധികാരത്തിന് പിന്നാലെ പായാതെ, നിസ്വാര്‍ത്ഥമായ പൊതുപ്രവര്‍ത്തനം നടത്തിയ നേതാവാണ് ഉഴവൂര്‍ വിജയനെന്ന് മുഖ്യമന്ത്രി പിണറായി; വിയോഗം ഇടതുപക്ഷത്തിന് കനത്ത നഷ്ടം

തിരുവനന്തപുരം: ഒരുവിധ ചാഞ്ചല്യവുമില്ലാതെ ദീര്‍ഘകാലം ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം ചേര്‍ന്നു നിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഉഴവൂര്‍ വിജയന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തി ശുദ്ധിയും രാഷ്ട്രീയ ശുദ്ധിയും ഒരു പോലെ മുന്നോട്ടു കൊണ്ടുപോയ അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനം മാതൃകാപരമായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: എന്‍.സി.പി.സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ നിര്യാണം ഏറെ വേദനിപ്പിക്കുന്നു. ഒരുവിധ ചാഞ്ചല്യവുമില്ലാതെ ദീര്‍ഘകാലം ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം ചേര്‍ന്നു നിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഉഴവൂര്‍ വിജയന്‍. വ്യക്തി ശുദ്ധിയും രാഷ്ട്രീയ ശുദ്ധിയും ഒരു പോലെ സമന്വയിപ്പിച്ച് മുന്നോട്ടു കൊണ്ടുപോയ അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനം മാതൃകാപരമായിരുന്നു. ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് അധികാരത്തിനു പിന്നാലെ പായാതെ, നിസ്വാര്‍ത്ഥമായ പൊതുപ്രവര്‍ത്തനം നടത്തിയ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പു പ്രസംഗ വേദികളില്‍ ജനങ്ങളുടെ പ്രിയപ്പെട്ട പ്രാസംഗികനായിരുന്നു ഉഴവൂര്‍. ഗൗരവമായ പ്രശ്‌നങ്ങള്‍ പോലും നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ പ്രസംഗശൈലി താരതമ്യങ്ങള്‍ക്കതീതമാണ്. അദ്ദേഹത്തിന്റെ വിയോഗം കേരള സമൂഹത്തിന് പൊതുവിലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് പ്രത്യേകിച്ചും കനത്ത നഷ്ടമാണ്. കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരോടൊപ്പം ദു:ഖം പങ്കിടുന്നു.

ഹാസ്യത്തിലൂടെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിന് അസാധാരണ കഴിവ്; വിഎസ്

തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തിന് മാത്രമല്ല, പൊതുജീവിതത്തിന് തന്നെ വലിയ നഷ്ടമാണ് ഉഴവൂര്‍ വിജയന്റെ നിര്യാണത്തിലൂടെ ഉണ്ടായിട്ടുള്ളതെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍.

നര്‍മ്മത്തെയും ആക്ഷേപഹാസ്യത്തെയും ഉപയോഗപ്പെടുത്തി സങ്കീര്‍ണമായ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം അനിതരസാധാരണമായ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. ലളിതവും സൗമ്യവുമായ ഇടപെടലുകളിലൂടെ എതിര്‍ ചേരിയിലുള്ളവരുടെ പോലും സ്‌നേഹവും സൗഹൃദവും പിടിച്ചുപറ്റാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും വിഎസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here