മലക്കം മറിഞ്ഞോ ആര്‍ ഷാജി; ബിജെപിയെ പ്രതിക്കൂട്ടിലാക്കിയ കോഴവിവാദത്തില്‍ കോളേജുടമ വിജിലന്‍സിന് മൊഴി നല്‍കി

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതികൂട്ടിലാക്കിയിരിക്കുന്ന മെഡിക്കല്‍ കോളേജ് കോഴ അഴിമതിയില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ യൂണിറ്റ് മൂന്നിലെത്തിയാണ് എസ്.ആര്‍.മെഡിക്കല്‍ കോളേജ് ആന്റ് റിസര്‍ച്ച് സെന്റര്‍ ഉടമ ആര്‍.ഷാജി മൊഴി നല്‍കിയത്. ബിജെപി സംസ്ഥാന സഹകരണ സെല്‍ കണ്‍വീനറായിരുന്ന ആര്‍.എസ്.വിനോദ് പറഞ്ഞിട്ടാണ് താന്‍ കണ്‍സള്‍ട്ടന്‍സി എന്ന് പരിചയപ്പെടുത്തിയ സതീഷ്‌നായര്‍ക്ക് കോഴപണം കൈമാറിയതെന്ന് ആര്‍.ഷാജി മൊഴി കൊടുത്തു.

മുഴുവന്‍ തുകയും സതീഷ് നായര്‍ കൈപ്പറ്റിയെന്നു പറഞ്ഞ ഷാജി നല്‍കിയ തുക എത്രയാണെന്നത് അന്വേഷണ ഉദ്ദ്യോഗസ്ഥരില്‍ നിന്ന് മറച്ചുവച്ചിരിക്കുകയാണ്. കൊടുത്ത പണത്തിന്റെ രേഖകള്‍ നോക്കിയശേഷം തുക അറിയിക്കാമെന്നും രേഖകള്‍ ഹാജരാക്കാമെന്നും ഷാജി വിജിലന്‍സ് എസ്.പി.ജയകുമാറിനോട് പറഞ്ഞു. ബിജെപി ഭാരവാഹികളായ അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ തന്നില്‍ നിന്ന് മൊഴി എടുത്തിരുന്നു. പണം കൈമാറിയതും കോളേജിനായി ആവശ്യപ്പെട്ട കാര്യം നടക്കാതെ പോയതുമായ വിവരം അന്വേഷണ കമ്മീഷനോട് വ്യക്തമാക്കിയതായും ഷാജി വിജിലന്‍സിന് മൊഴി കൊടുത്തിരിക്കുന്നു.വേണാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായ ആര്‍ വിനോദിനോട് കോഴയുടെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ഷാജി വിജിലന്‍സിനോട് വെളിപ്പെടുത്തി.

എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിലെ കാര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഷാജി മറുപടി നല്‍കിയില്ല. ബിജെപി നേതാവായ എം.ടി.രമേശിനെ അറിയില്ലെന്നുള്ള വാദത്തോട് വിജിലന്‍സ് യോജിച്ചിട്ടില്ല. ആര്‍.എസ്.വിനോദ് ബിജെപി ഭാരവാഹിയാണെന്നത് തനിക്ക് അറിയില്ലായിരുന്നു. എത്ര പണം നല്‍കിയെന്നത് ഓര്‍മ്മയില്ല. താന്‍ ബിജിപിക്ക് പരാതി നല്‍കിയിട്ടില്ല. സതീഷ് നായരെ നേരിട്ടറിയില്ല. ഒരു ബിജെപി നേതാവിനെയും തനിക്ക് അറിയില്ല എന്നിങ്ങനെയുള്ള വര്‍ഷങ്ങളായി കേരളത്തിനകത്തും വിദേശത്തും വിവിധ ബിസിനസ്സും കോളേജും മറ്റും നടത്തുന്ന ആര്‍.ഷാജി പറയുന്ന ഈ കാര്യങ്ങള്‍ കോമണ്‍സെന്‍സ് ഉള്ള ആരും വിശ്വസിക്കില്ലെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.

പക്ഷെ കോഴ ഇടപാടില്‍സതീഷ് നായര്‍ക്ക് എതിരെ ക്രിമിനല്‍ നടപടികളുമായി പോകുമെന്നും ഷാജി വ്യക്തമാക്കി. അതേസമയം ബിജെപി നേതൃത്വത്തിന്റെ സമര്‍ദ്ദത്തെ തുടര്‍ന്നാണ് ആര്‍ ഷാജി മലക്കം മറിഞ്ഞതെന്നാണ് സൂചന. വിജിലന്‍സിന് മുന്നില്‍ പോകേണ്ടതില്ലെന്ന് ബിജെപി നേതാക്കള്‍ നിര്‍ദ്ദേശിച്ചെങ്കിലും ഒരു ബിസിനസ് കാരനെന്ന നിലയില്‍ എനിക്ക് ഭയമുണ്ടെന്നും താന്‍ പോകുമെന്നും എന്നാല്‍ BJP ക്കെതിരെ ഒന്നും പറയുകില്ലെന്നും ആര്‍.ഷാജി രാവിലെ തന്നെ BJP നേതൃത്വത്തെ അറിയിച്ചിരുന്നത്. BJP സംസ്ഥാന നേതൃത്വത്തിന്റെ തീരുമാന പ്രകാരം കെ.പി.ശ്രീശനും എ.കെ.നസീറും വിജിലന്‍സിന്റെ മൊഴി എടുക്കല്‍ നടപടികളുമായി സഹകരിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here