തന്റെ രക്ത സാമ്പിളുകള്‍ ശേഖരിക്കാനുള്ള നീക്കത്തിനെതിരെ നടി ചാര്‍മി ഹൈക്കോടതിയില്‍

ഹൈദരാബാദ്: മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന പൊലീസ് ആരോപണത്തിനെതിരെ നടി ചാര്‍മി കൗര്‍ ഹൈക്കോടതിയില്‍. അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യല്‍ നടപടികളില്‍ നിന്നും സംരക്ഷണം തേടിയാണ് ചാര്‍മി ഹൈക്കോടതിയെ സമീപിച്ചത്.

തന്റെ രക്തം, മുടി, നഖം തുടങ്ങിയവയുടെ സാമ്പിളുകള്‍ ശേഖരിക്കാനുള്ള നീക്കത്തിനെതിരെയാണ് ചാര്‍മി രംഗത്തെത്തിയത്. അന്വേഷണസംഘത്തിന്റെ തീരുമാനം പൗരാവകാശ ലംഘനമാണെന്ന് നടി ചൂണ്ടിക്കാട്ടുന്നു. ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമ്പോള്‍ അഭിഭാഷകനെ കൂടെ കൊണ്ടുപോകാന്‍ അനുവദിക്കണമെന്നും ചാര്‍മി ആവശ്യപ്പെട്ടു. കേസില്‍ നടക്കുന്ന മാധ്യമ വിചാരണ തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്നും നടി കുറ്റപ്പെടുത്തി.

ഈ മാസം 21ന് ഹാജരാകാനാണ് ചാര്‍മിയോട് അന്വേഷണസംഘം ആവശ്യപ്പെട്ടത്. എന്നാല്‍ ചാര്‍മി ഈ ദിവസം ഹാജരായില്ല. തുടര്‍ന്ന് ബുധനാഴ്ച ഹാജരാകണമെന്ന് വീണ്ടും നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെയാണ് ചാര്‍മി കോടതിയെ സമീപിച്ചത്.

ചാര്‍മി അടക്കം 12 തെലുങ്ക് താരങ്ങള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ആഴ്ചയാണ് പുറത്ത് വന്നത്. ചാര്‍മിക്ക് പുറമെ രവി തേജ, പുരി ജഗന്നാഥ്, മുമൈദ്ഖാന്‍, നന്ദു തുടങ്ങിയ താരങ്ങള്‍ക്കും തരുണ്‍, നവ്ദീപ്, ശ്രീനിവാസ റാവു, താനിഷ് എന്നിവര്‍ക്കുമാണ് തെലങ്കാന എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചിട്ടുള്ളത്. ഈ താരങ്ങള്‍ക്കും മയക്കുമരുന്ന്് മാഫിയയുമായി ബന്ധമുണ്ടെന്നാണ് ആരോപണം.

ഇതിനിടെ നടി കാജള്‍ അഗര്‍വാളിന്റെ മാനേജറും മയക്കുമരുന്ന് കേസില്‍ പൊലീസ് പിടികൂടി. മാനേജര്‍ റോണിയെയാണ് ഹൈദരാബാദ് എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ ലഹരിക്ക് അടിമയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here