ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

ടീം ഇന്ത്യയുടെ ആരാധകര്‍ക്കിനി ആവേശക്കാലം. രവിശാസ്ത്രി – വിരാട്‌കോഹ്ലി കൂട്ടുകെട്ടില്‍ ഇന്ത്യ ഇന്ന് ആദ്യ പരീക്ഷണത്തിനിറങ്ങുന്നു. ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് ഗോളില്‍ തുടക്കം. ഇന്ത്യന്‍ സമയം രാവിലെ 9:30-ന് മത്സരം ആരംഭിക്കും. മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളുടെ പരമ്പരയും ഒരു ട്വന്റി 20 യും പരമ്പരയില്‍ ഉള്‍പ്പെടുന്നു.

ഏറെ പ്രതീക്ഷയോടെയാണ് വിരാട് കോഹ്ലിയും സംഘവും ആദ്യ ടെസ്റ്റിന് ഇറങ്ങുന്നത്. അതേസമയം സിംബാബ്വെയ്ക്കെതിരായ പരമ്പര വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയരായ ശ്രീലങ്ക. അത്ര വലിയ ഫോമിലല്ലാത്ത ശ്രീലങ്കയും വ്യക്തിഗത മികവില്‍ ഏറെ മുന്നിലുള്ള ഇന്ത്യയും ഏറ്റുമുട്ടുമ്പോള്‍ സാഹചര്യങ്ങള്‍ ഇന്ത്യയെ തുണയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ രണ്ടു ദശാബ്ദമായി ലങ്കന്‍ ടീമിന്റെ നെടുന്തൂണുകളായിരുന്ന ഒരുപിടി താരങ്ങള്‍ ഒന്നിച്ചു പടിയിറങ്ങിയതിന്റെ ക്ഷീണത്തില്‍ നിന്ന് ടീം ഇതുവരെ കരകയറിയിട്ടില്ല.

പനി ബാധയെത്തുടര്‍ന്ന് ഓപ്പണര്‍ ലോകേഷ് രാഹുലിന് കളിക്കാന്‍ കഴിയാത്തതാണ് ഇന്ത്യയെ അലട്ടുന്നത്. രാഹുലിനു പകരം അഭിനവ് മുകുന്ദായിരിക്കും ശിഖര്‍ ധവാനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. പിച്ച് ബാറ്റിങ്ങിന് അനുകൂലമായിരിക്കുമെന്നു കഴിഞ്ഞ ദിവസം നായകന്‍ വിരാട് കോഹ്ലി പറഞ്ഞിരുന്നു. അതിനാല്‍ അഞ്ചു ബാറ്റ്സ്മാന്മാരും ഒരു ഓള്‍റൗണ്ടറും അഞ്ചു ബൗളര്‍മാരുമായി ഇറങ്ങാന്‍ ഇന്ത്യ തയാറായേക്കും.
ഞെട്ടിക്കുന്നൊരു തോല്‍വിയുടെ ഓര്‍മയില്‍നിന്നു രക്ഷപ്പെടാന്‍കൂടിയാകും കോഹ്ലിയും സംഘവും ഇവിടെ ശ്രമിക്കുക. രണ്ടു വര്‍ഷം മുന്‍പ് ലങ്കന്‍ പര്യടനത്തില്‍ ഇതേ ഗോള്‍ സ്റ്റേഡിയത്തിലാണ് നാലു ദിവസംകൊണ്ട് ശ്രീലങ്ക ഇന്ത്യയെ തോല്‍പ്പിച്ചത്. 176 റണ്‍സിനായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വാടിവീണത് വെറും 112 റണ്‍സിന്.

ഇന്ത്യയും ശ്രീലങ്കയും ഇതുവരെ പരസ്പരം ഏറ്റുമുട്ടിയത് 38 ടെസ്റ്റ് മത്സരങ്ങളില്‍. 16 എണ്ണത്തില്‍ വിജയം ഇന്ത്യയ്‌ക്കൊപ്പം. ഏഴെണ്ണത്തില്‍ ശ്രീലങ്ക ജയിച്ചു. 15 മത്സരങ്ങള്‍ സമനിലയിലായി. 1982ല്‍ ആയിരുന്നു ആദ്യ പരമ്പര. അവസാന പരമ്പര 2015ലും. അതില്‍ 21ന് ഇന്ത്യയ്ക്കു വിജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here