ഇറച്ചിക്കോഴി വളര്‍ത്തല്‍, കുടുംബശ്രീക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കും; മന്ത്രി എംഎം മണി

ഇടുക്കി: ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ നികുതി ഇല്ലാതായ ഇറച്ചിക്കോഴി ന്യായവിലക്ക് ലഭ്യമാക്കുന്നതില്‍ തമിഴ്നാട് ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ കുടുംബശ്രീ സംരംഭങ്ങളെ പ്രാപ്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് വൈദ്യുതിമന്ത്രി എംഎം മണി പറഞ്ഞു. പദ്ധതി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വരുമാനമാര്‍ഗ്ഗവും ജനങ്ങള്‍ക്ക് ന്യായവിലക്ക് ഇറച്ചിയും ലഭ്യമാക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

2015ല്‍ കുടുംബശ്രീയും ദൂരദര്‍ശനും സംയുക്തമായി നടത്തിയ ‘ഇനി ഞങ്ങള്‍ പറയാം’ എന്ന സോഷ്യല്‍ റിയാലിറ്റിഷോ സംസ്ഥാനതല മത്സരത്തില്‍ ഏറ്റവും മികച്ച സിഡിഎസ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന് ഒന്നാം സമ്മാനമായ ഒരു കോടി രൂപയുടെ ചെക്ക് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മികച്ച ആശയത്തിനുള്ള പുരസ്‌കാരം നേടിയ വാത്തിക്കുടി പഞ്ചായത്ത് സിഡിഎസിന് അഞ്ച് ലക്ഷം രൂപയുടെ സമ്മാനത്തിനുള്ള ചെക്കും കഞ്ഞിക്കുഴി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചേര്‍ന്ന സമ്മേളനത്തില്‍ മന്ത്രി വിതരണം ചെയ്തു. കുടുംബശ്രീ ജൈവകൃഷി രംഗത്തും ഇന്നത്തേതിനെക്കാള്‍ കൂടുതലായി ഇടപെടണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. സ്ത്രീകളുടെ കഴിവും കര്‍മ്മശേഷിയും തെളിയിക്കാന്‍ കഴിഞ്ഞ കുടുംബശ്രീ ആതുരസേവന രംഗം ഉള്‍പ്പെടെ പുതിയ മേഖലകളിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

ചടങ്ങില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ ജയന്‍, ജനപ്രതിനിധികളായ വിഷ്ണു കെ ചന്ദ്രന്‍, സജീവന്‍ തേനിയ്ക്കാക്കുടിയില്‍, പുഷ്പ ഗോപി, ജോസ് പൗലോസ്, രാജി ചന്ദ്രന്‍, ടോമി കുന്നേല്‍, മോളി വര്‍ഗ്ഗീസ്, കഞ്ഞിക്കുഴി എസ്സിബി പ്രസിഡന്റ് എംകെ ചന്ദ്രന്‍കുഞ്ഞ്, കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബിനു ആര്‍, അസി കോ-ഓര്‍ഡിനേറ്റര്‍ സബൂറാബീവി, സിഡിഎസ് ചെയര്‍പേഴ്സണ്‍ പൊന്നമ്മ കുട്ടപ്പന്‍, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിഡി ശോശാമ്മ തുടങ്ങിയവര്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here