വീണ്ടും നോട്ട് പരിഷ്‌കാരം; 2000 രൂപയുടെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തി; പുതിയ 200ന്റെ നോട്ട് അടുത്തമാസം

2000 രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ത്തിവച്ചു. പുതിയ 200 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിവെച്ചതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഈ സാമ്പത്തിക വര്‍ഷം 2000 രൂപയുടെ പുതിയ നോട്ടുകള്‍ ഇനി അച്ചടിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. പുതിയ 200 രൂപ നോട്ടിനൊപ്പം 500 രൂപയുടെ നോട്ടുകളുടെ അച്ചടിയും ആര്‍ബിഐ വര്‍ധിപ്പിച്ചു. മൈസുരുവിലെ സെന്‍ട്രല്‍ പ്രസിലാണ് ആര്‍ബിഐ 200 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത്.

മൂല്യമേറിയ നോട്ടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്ന് പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് 200 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചത്. 200 രൂപ നോട്ടുകള്‍ ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരുത്താനും നീക്കമുണ്ട്. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോടെയാണ് നോട്ട് പുറത്തിറങ്ങുന്നത്. പുതുതായി പുറത്തിറക്കുന്ന 200 രൂപ നോട്ടുകള്‍ ബാങ്കുകള്‍ വഴിയാവും വിതരണം ചെയ്യുകയെന്ന് നേരത്തെ തന്നെ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. എടിഎമ്മുകള്‍ വഴി നോട്ടുകള്‍ ലഭ്യമാക്കുമ്പോള്‍ മെഷീനുകള്‍ പുനഃക്രമീകരിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് നോട്ട് വിതരണം ബാങ്കുകള്‍ വഴിയാക്കുന്നത്.

നേരത്തെ നോട്ട് നിരോധനത്തെ തുടര്‍ന്ന് പ്രാബല്യത്തില്‍ വന്ന 2000, 500 രൂപ നോട്ടുകള്‍ എടിഎം വഴി വിതരണം ചെയ്യുന്നതിനായി മെഷീനുകളില്‍ മാറ്റം വരുത്തിയിരുന്നു. ബാങ്കുകളിലും എടിഎമ്മുകളിലും 2000 രൂപയുടെ നോട്ടിന് ഇപ്പോള്‍ ക്ഷാമം നേരിടുന്നുണ്ട്. ബാങ്കുകളില്‍ നിന്നും എടിഎം കൗണ്ടറുകളില്‍ നിന്നും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് 500ന്റെ നോട്ടുകളാണ്. റിസര്‍വ്വ് ബാങ്കില്‍ നിന്ന് ഇപ്പോള്‍ ബാങ്കുകള്‍ക്ക് ലഭിക്കുന്ന ഏറ്റവും മൂല്യം കൂടുതലുള്ള നോട്ട് 500 ആണെന്ന് എസ്ബിഐ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ നീരജ് വ്യാസും സാക്ഷ്യപ്പെടുത്തുന്നു.

2016 നവംബറില്‍ എട്ടിലെ 500, 1000 രൂപയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്നാണ് 2000 രൂപ നോട്ടുകള്‍ പുറത്തിറങ്ങിയത്. രണ്ടായിരത്തിന്റെ 370 കോടി നോട്ടുകളും പുതിയ 500ന്റെ 1400 കോടി നോട്ടുകളുമാണ് ഇതുവരെ അച്ചടിച്ചതെന്ന് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News