ആര്‍എസ്എസിന്റെ വര്‍ഗീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജൂനൈദിന്റെ മാതാപിതാക്കള്‍ക്ക് സാന്ത്വനമായി കേരള മുഖ്യമന്ത്രി

ദില്ലി: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ വര്‍ഗീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹരിയാന സ്വദേശി ജൂനൈദിന്റെ മാതാപിതാക്കള്‍ക്ക് സാന്ത്വനമായി കേരള മുഖ്യമന്ത്രി. മാനസിക പിന്തുണയ്ക്കപ്പുറം സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് ദില്ലിയില്‍ കുടുംബാഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഉറപ്പ് നല്‍കി. പാവപ്പെട്ട ബാലികമാര്‍ക്കായി ജൂനൈദിന്റെ മാതാവ് ഹരിയാനയില്‍ ആരംഭിച്ച പഠനകേന്ദ്രത്തിന്റെ നിര്‍മ്മാണത്തിന് സാമ്പത്തിക സഹായവും നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഹരിയാനയിലെ വല്ലഭ്ഗഡിലുള്ള ഗ്രാമത്തില്‍ നിന്നും ദില്ലിയിലെത്തി ഈദ് ആഘോഷത്തിനുള്ള സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോഴാണ് ജൂനൈദ് എന്ന പതിനേഴുകാരനെ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തല്ലി കൊല്ലുന്നത്. മതവിശ്വാസത്തിന്റെ ഭാഗമായുള്ള നോയമ്പിലായിരുന്ന യുവാവിനെ ബീഫ് കൈവശം വച്ചിരിക്കുന്നുവെന്നാരോപിച്ചാണ് ട്രൈയിനുള്ളില്‍ വച്ച് കൊല്ലുന്നത്. ഭയം നിറഞ്ഞ ആ ഓര്‍മ്മകളില്‍ നിന്നും അതേ വഴിയിലൂടെ ജൂനൈദിന്റെ മാതാപിതാക്കള്‍ ഇത്തവണ ദില്ലിയിലെത്തിയത്, കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക അതിഥികളായി.

ജൂനൈദിന്റെ മാതാപിതാക്കള്‍ എത്തിയന്ന് അറിഞ്ഞതോടെ മുഖ്യമന്ത്രി കേന്ദ്ര കമ്മിറ്റിയില്‍ നിന്നും കേരള ഹൗസിലെത്തി. പിണറായി വിജയനെ കണ്ടതോടെ മകന് വേണ്ടി കാത്തു വച്ചിരുന്ന ആഗ്രഹം ആദ്യമായി ജൂനൈദിന്റെ അമ്മ സാഹിറ നിറകണ്ണുകളോടെ പറഞ്ഞു. ഗ്രാമത്തിലെ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് പഠിക്കാനായി ഒരു മതപഠന ശാല നിര്‍മ്മിക്കണം. മാനസിക പിന്തുണയ്ക്കപ്പുറം എല്ലാ സഹായങ്ങളും നല്‍കാമെന്നറിയിച്ച മുഖ്യമന്ത്രി പഠനകേന്ദ്രത്തിന് സാമ്പത്തിക സഹായം നല്‍കുമെന്ന് ഉറപ്പ് നല്‍കി.

കുടുംബത്തിന്റെ വിഷമതകള്‍ കേരളമുഖ്യമന്ത്രിയോട് അറിയിക്കുമ്പോഴും ഹരിയാന സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ആ അമ്മയ്ക്ക് ഒരു കാര്യം മാത്രം. ജൂനൈദിന് നീതി ലഭിക്കണം. പോളിറ്റിബ്യൂറോയംഗം ബൃന്ദാ കാരാട്ട് കൂടിക്കാഴ്ച്ചയില്‍ ഒപ്പമുണ്ടായിരുന്നു. ഡിവൈഎഫ്‌ഐ ദേശീയ അദ്ധ്യക്ഷന്‍ പി എ മുഹമ്മദ് റിയാസിനോടാണ് ജൂനൈദിന്റെ കുടുംബം മുഖ്യമന്ത്രിയെ കാണണം എന്ന ആവശ്യം ആദ്യ അറിയിച്ചത്.

ജൂനൈദിന്റെ കുടുംബത്തിന്റെ എല്ലാ വിധ നിയമസഹായവും ഡിവൈഎഫ്ഐ നല്‍കുമെന്ന് മുഹമ്മദ് റിയാസ് അറിയിച്ചു. കേരള മുഖ്യമന്ത്രിയുടെ അതിഥിയായി ഭക്ഷണവും നല്‍കിയാണ് ജൂനൈദിന്റെ കുടുംബത്തെ മുഖ്യമന്ത്രി യാത്രയാക്കിയത്. അതേ സമയം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ജൂനൈദ് വിഷയത്തില്‍ റയിവേ ബോര്‍ഡിനും ഹരിയാന ചീഫ് സെക്രട്ടറിയ്ക്കും നോട്ടീസ് അയച്ചു. നാലാഴ്ച്ചകം മറുപടി നല്‍കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News