തന്റെ അക്കൗണ്ടില്‍ പണമെത്തിയെന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി നമിത

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്റെ പേരും വലിച്ചിഴയ്ക്കുന്നതിനെതിരെ രൂക്ഷപ്രതികരണവുമായാണ് യുവനടി നമിതാ പ്രമോദ് രംഗത്തെത്തിയത്. തന്റെ അക്കൗണ്ടിലേക്ക് പണമെത്തിയിട്ടില്ലെന്ന് യുവനടി നമിതാപ്രമോദ്. ദിലീപിന്റെ അടുത്ത സുഹൃത്തായ യുവനടിയുടെ അക്കൗണ്ടിലേക്ക് ബിനാമി അക്കൗണ്ടിലേക്ക് പണമെത്തിയെന്ന വാര്‍ത്തയോടായിരുന്നു നമിതയുടെ പ്രതികരണം.
അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന ഒരു അക്കൗണ്ടും തന്റെ പേരിലില്ലെന്നും വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്നവര്‍ അതിനിരയാവുന്നവരുടെ അവസ്ഥ കൂടി മനസിലാക്കണമെന്നും നമിത തുറന്നടിച്ചു. നടിയെ ആക്രമിച്ച കേസില്‍ ഒരു യുവനടിയെക്കൂടി ചോദ്യം ചെയ്യുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു നമിതയുടെ പ്രതികരണം.
പോസ്റ്റിന്റെ പൂര്‍ണരൂപം
സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഗോസിപ്പുകള്‍ക്ക് ഇരയാകുന്നത് പുതിയ സംഭവമല്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന പല സ്ത്രീകളും നമ്മുടെ സമൂഹത്തിലെ വികല മനസുള്ളവരില്‍ നിന്ന് ഇത്തരം അക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതര്‍ഹിക്കുന്ന വിധം അവഗണിക്കുകയാണ് പതിവ്. അതിന്റെ എല്ലാ പരിധികളും ലംഘിക്കുന്ന തരത്തില്‍ ചില വാര്‍ത്തകള്‍ വരുന്നത് കൊണ്ടാണ് ഈ കുറിപ്പ്.

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കില്‍ അഭിനയിക്കുകയാണ് ഞാനിപ്പോള്‍. തെങ്കാശിയിലാണ് ഷൂട്ടിംഗ്. അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന ഒരു അക്കൗണ്ടും എനിക്കില്ല. ബാങ്കില്‍ മാത്രമല്ല; മറ്റൊരിടത്തും. സങ്കല്‍പ്പത്തില്‍ വാര്‍ത്തകള്‍ മെനയുന്നവര്‍ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here