ചിത്രയെ ഒഴിവാക്കിയതില്‍ പി.ടി ഉഷയുടെ ഗൂഢാലോചന; വെളിപ്പെടുത്തലുമായി സെലക്ഷന്‍ കമ്മറ്റി അധ്യക്ഷന്‍

ദില്ലി: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പി.യു ചിത്രയെ ഒഴിവാക്കിയതില്‍ പിടി ഉഷയുടെ ഗൂഢാലോചനയുണ്ടെന്ന് സെലക്ഷന്‍ കമ്മറ്റി അധ്യക്ഷന്‍ ജി.എസ് രണ്‍ധാവ. ഉഷ ഉള്‍പ്പെടുന്ന സമിതിയാണ് ചിത്രയെ ഒഴിവാക്കിയതെന്ന് രണ്‍ധാവ വെളിപ്പെടുത്തി.

പി.ടി ഉഷ, അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രയെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും തന്റെ മാത്രം തീരുമാനം അല്ലായിരുന്നെന്നും രണ്‍ധാവ വ്യക്തമാക്കി.

ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ചിത്രയെ ഒഴിവാക്കിയതില്‍ തനിക്ക് പങ്കില്ലെന്ന് പി.ടി ഉഷ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താന്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമല്ലെന്നും നിരീക്ഷകയായാണ് യോഗത്തില്‍ പങ്കെടുത്തതെന്നും ഉഷ പറഞ്ഞിരുന്നു. ചിത്രയ്ക്ക് വേണ്ടി താന്‍ വാദിച്ചിരുന്നെന്നും എന്നാല്‍ യോഗ്യതാ മാനദണ്ഡം മറികടക്കാന്‍ ചിത്രയ്ക്ക് സാധിച്ചില്ലെന്നും ഉഷ വാദിച്ചിരുന്നു.

ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ ഉഷയ്‌ക്കെതിരെ കേരള അത്‌ലറ്റിക് അസോസിയേഷനും രംഗത്തെത്തിയിരുന്നു. സെലക്ഷന്‍ കമ്മിറ്റി മാനദണ്ഡങ്ങള്‍ ലംഘിച്ചത് ഉഷ ചൂണ്ടിക്കാണിച്ചില്ലെന്നും സര്‍ക്കാരിന്റെ നിരീക്ഷക എന്ന നിലയിലുള്ള ഉത്തരവാദിത്തം ഉഷ നിറവേറ്റിയില്ലെന്നും അസോസിയേഷന്‍ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ചിത്രയെ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും വിലക്കിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ വിശദാംശങ്ങളും വെള്ളിയാഴ്ച അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ചിത്രയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here