രാജകുമാരി എന്‍എസ്എസ് കോളേജില്‍ റാഗിങ്ങ്; ജൂനിയര്‍ വിദ്യാര്‍ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദനം

ഇടുക്കി: രാജകുമാരി എന്‍എസ്എസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ റാഗിങ്ങിന്റെ പേരില്‍ മര്‍ദിച്ചതായി പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് കാഴ്ച്ചക്ക് മങ്ങല്‍ സംഭവിച്ച വിദ്യാര്‍ത്ഥി അടിമാലി താലൂക്കാശുപത്രിയില്‍ ചികത്സ തേടി. സംഭവത്തില്‍ പൊലീസിലും കോളേജ് അധികൃതര്‍ക്കും വിദ്യാര്‍ത്ഥിയുടെ മാതാവ് പരാതി നല്‍കി.

തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞായിരുന്നു രണ്ടാം വര്‍ഷ ബിഎസ്ഇ ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ത്ഥിയായ പൊട്ടന്‍കാട് ഇരുപതേക്കര്‍ സ്വദേശി ഇമ്മാനുവല്‍ ജോസിനെ റാഗിങ്ങിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത്. ഭാരമുള്ള വസ്തുകൊണ്ട് മുഖത്തടിയേറ്റ വിദ്യാര്‍ത്ഥിയെ മുല്ലക്കാനം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് അടിമാലി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.

മര്‍ദ്ദനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ കാഴ്ച്ചക്ക് മങ്ങല്‍ സംഭവിച്ചു. കോളേജിന്റെ മുറ്റത്തിരുന്ന് പാട്ടു പാടിയതിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളും ജൂനിയര്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ ബാക്കിയെന്നോണമാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചെത്തി കോളേജിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ വച്ച് തന്നെ മര്‍ദിച്ചതെന്ന് ഇമ്മാനുവല്‍ പറഞ്ഞു.

സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ മാതാവ് രാജാക്കാട് പൊലീസിലും കോളേജ് അധികൃതര്‍ക്കും പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News