മുഖാകൃതി മാറ്റുന്ന ഗുരുതര രോഗവുമായി ഹോളിവുഡ് താരം ആഞ്ജലീന ജോളി; തളരാന്‍ തയ്യാറല്ലെന്ന് ലോകസുന്ദരി

ആരാധകര്‍ക്കെന്നും അത്ഭുതമായ ഹോളിവുഡ് സുന്ദരി ആഞ്ജലീന ജോളി വീണ്ടും വാര്‍ത്തയിലിടം നേടുന്നു. പുതിയ സിനിമയുടെയോ അഭിനയ മികവിന്റെയോ സാമൂഹ്യസേവന രംഗത്തെ പ്രവര്‍ത്തനങ്ങളുടെയോ പേരിലല്ല ആഞ്ജലീന വാര്‍ത്തയിലെത്തുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രസ്റ്റ് ക്യാന്‍സര്‍ ബാധിച്ച ആഞ്ജലീനയെ ഇത്തവണ പിടികൂടിയത് ബെല്‍സ് പള്‍സിയെന്ന മാരകരോഗം. മുഖത്തെ ഞരമ്പുകളും പേശിയും ക്ഷയിച്ച് മുഖാകൃതി നഷ്ടമാകുന്ന രോഗമാണിത്. രോഗബാധയ്ക്ക് ശേഷം മുഖത്തിന് മാറ്റം വന്നതായി താരം തന്നെ വാനിറ്റി ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ രോഗത്തിന് കാരണമെന്തെന്ന് കണ്ടെത്താനായിട്ടില്ല.

വൈറല്‍ ഇന്‍ഫെക്ഷനോ സ്‌ട്രെസോ ആയിരിക്കും കാരണമെന്ന് കരുതുന്നു. സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ കുടംബത്തിനായി എല്ലാം മാറ്റിവെയ്ക്കുന്ന രീതിയാണ് സ്ത്രീകള്‍ക്ക്. രോഗലക്ഷണങ്ങള്‍ വന്ന ശേഷമായിരിക്കും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുകയെന്നും ആഞ്ജലീന പറയുന്നു.

ക്യാന്‍സര്‍ ഭീഷണിയെ തുടര്‍ന്ന് ആഞ്ജലീനയുടെ സ്തനങ്ങള്‍ 2013ല്‍ നീക്കം ചെയ്തിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം അണ്ഡാശയങ്ങളും. അതിനുശേഷവും ക്യാമറയ്ക്ക് മുന്നിലെത്തി ഈ ഹോളിവുഡ് സുന്ദരി ലോകത്തെ ഞെട്ടിച്ചിരുന്നു. ഫേഷ്യല്‍ പാള്‍സി സ്ഥീരീകരിച്ചിട്ടും ആഞ്ജലീനയുടെ ധൈര്യത്തിന് ഇപ്പോളും കുറവൊന്നുമില്ല. രോഗങ്ങളൊന്നും തന്നെ തളര്‍ത്തില്ലെന്നും ധൈര്യപൂര്‍വം രോഗത്തെ നേരിടാനുമാണ് തീരുമാനം.

ആറ് മക്കളുടെ കാര്യങ്ങള്‍ നോക്കാന്‍ താനുണ്ടാവേണ്ടത് അനിവാര്യമാണെന്ന് ആഞ്ജലീനയ്ക്ക് അറിയാം. നടനും നിര്‍മാതാവുമായ ബ്രാഡ് പിറ്റുമായുള്ള വിവാഹമോചനത്തിന് ശേഷം ആദ്യമായാണ് ആഞ്ജലീന മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. ഡൈവോഴ്‌സിന്റെ ഷോക്കില്‍ നിന്ന് താനും കുട്ടികളും ഇപ്പോളും മുക്തരായിട്ടില്ലെന്നും ആഞ്ജലീന പറയുന്നു.

സാമൂഹ്യസേവനത്തിനായി വരുമാനത്തിന്റെ നല്ലൊരു പങ്ക് മാറ്റിവെയ്ക്കുന്ന ആഞ്ജലീന ഇറാഖിലും ആഫ്രിക്കയിലുമുള്ളവര്‍ക്ക് സഹായവുമായെത്തിയിരുന്നു. മൂന്ന് അനാഥ കുട്ടികളെയും ആഞ്ജലീന ദത്തെടുത്തിരുന്നു. ആഞ്ജലീനയുടെ പുതിയ ചിത്രം ‘ഫസ്റ്റ് ദൈ കില്‍ഡ് മൈ ഫാദര്‍’ ഈ വര്‍ഷാവസാനം ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News