സാധാരണക്കാര്‍ക്ക് തിരിച്ചടി; എസ്ബിഐ സേവിങ്ങ്‌സ് ബാങ്ക് പലിശ കുറച്ചു; മറ്റ് ബാങ്കുകളും പിന്നാലെ

സേവിങ്ങ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ നിരക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അരശതമാനം വെട്ടിക്കുറച്ചു. ഒരുകോടി രൂപവരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് നാലില്‍ നിന്ന് 3.5 ശതമാനമായി കുറച്ചത്. ഒരു കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് നാല് ശതമാനമായി തുടരും. പുതിയ നിരക്ക് ഇന്ന് മുതല്‍ ബ്രാബല്യത്തില്‍ വന്നതായി എസ്ബിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പണപ്പെരുപ്പ നിരക്കിലെ കുറവും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പലിശ നിരക്കിലെ കുറവുമാണ് നിരക്ക് പരിഷ്‌കരിക്കാന്‍ കാരണമായതെന്നും എസ്ബിഐ വിശദീകരിക്കുന്നു. നോട്ട് അസാധുവാക്കലിന് ശേഷം സേവിങ്ങ്‌സ് ബാങ്ക്, കറന്റ് അക്കൗണ്ടുകളിലുണ്ടായ വന്‍ നിക്ഷേപങ്ങളും നിരക്കിളവിന് പ്രേരകമായതായി ബാങ്ക് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

സേവിങ്ങ്‌സ് ബാങ്ക് പലിശ നിരക്കില്‍ വരുത്തിയ കുറവ് ഹൗസിങ്ങ് ലോണ്‍ അടക്കമുള്ളവയുടെ വായ്പാ പലിശ നിരക്ക് നിലവിലെ റേറ്റില്‍ (എംസിഎല്‍ആര്‍) തന്നെ നിലനിര്‍ത്താന്‍ ബാങ്കിനെ പര്യാപ്തമാക്കും. ചെറുകിട, ഇടത്തരം മേഖലകളിലെ വായ്പകള്‍ക്കും കാര്‍ഷിക വായ്പകള്‍ക്കും പുതിയ നടപടിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

പലിശനിരക്ക് പ്രഖ്യാപനത്തെ തുടര്‍ന്ന് എസ്ബിഐയുടെ ഓഹരി വില മൂന്ന് ശതമാനം ഉയര്‍ന്നു. രാജ്യത്തെ വലിയ ബാങ്കായ എസ്ബിഐ പലിശ നിരക്കില്‍ വരുത്തിയ കുറവ് മറ്റ് ബാങ്കുകളും പിന്തുടരാനാണ് സാധ്യത. ബുധനാഴ്ച റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിക്കുന്നതിന് പിന്നാലെ കൂടുതല്‍ ബാങ്കുകള്‍ സേവിങ്ങ്‌സ് ബാങ്ക് പലിശ നിരക്കിലെ കുറവ് നടപ്പിലാക്കുമെന്ന് ബാങ്കിങ്ങ് രംഗത്തെ വിദഗ്ധര്‍ പറയുന്നു. പുതിയ ധനനയത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക് വീണ്ടും കുറച്ചേക്കുമെന്ന് സൂചനയുണ്ട്. ഒക്ടോബറില്‍ പലിശഭാരം കാല്‍ ശതമാനം കുറച്ചതിന് ശേഷം ആര്‍ബിഐ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News