ഗൂഗിളിന്റെ കാവല്‍ക്കാരി

പാരിസ ടബ്രിസ്, എന്തിനും ഏതിനും ഗൂഗിളില്‍ പരതുന്ന നാം ഈ വ്യക്തിയെ അറിയാനും ഗൂഗിള്‍ തിരയേണ്ടി വരും.എന്നാല്‍ ഹാക്കര്‍മാര്‍ക്ക് ഈ പേര് വളരെ സുപരിചിതമായിരിക്കും. ലോകത്തെ ഏറ്റവും ജനസമ്മതി നേടിയ ടെക് ഭീമനായ ഗൂഗിളിന്റെ സംരക്ഷണ ദൗത്യം പാരിസ എന്ന 34കാരിയുടെ കൈകളിലാണ്.

ഗൂഗിളിലെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്‍ജിനീയറാണ് പാരിസ. ടെക് ഭീമനായ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനെ സൈബര്‍ ക്രിമിനലുകളില്‍ നിന്നും രക്ഷിക്കുക എന്നുള്ളതാണ് സിലിക്കണ്‍വാലിയിലെ ഈ രാജകുമാരിയുടെ ജോലി. ടെക് ലോകത്തെ വൈറ്റ് ഹാറ്റ് ഹാക്കര്‍ എന്നറിയപ്പെടുന്നവരുടെ കൂട്ടത്തിലാണ് സെക്യൂരിറ്റി പ്രിന്‍സസ്സിന്റെ സ്ഥാനം. വൈറ്റ് ഹാറ്റ് ഹാക്കര്‍മാര്‍ കമ്പനിക്കു വേണ്ടി നിലകൊള്ളുമ്പോള്‍ കമ്പനിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സൈബര്‍ ക്രിമിനലുകളാണ് ബ്ലാക്ക് ഹാറ്റ് ഹാക്കര്‍മാരായി അറിയപ്പെടുന്നത്. സ്വന്തം തൊഴിലുടമയെ നിരന്തരം ആക്രമിച്ചുകൊണ്ടേയിരിക്കുക.

അതുവഴി സ്വന്തം ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് സൈബര്‍ ക്രിമിനലുകളുടെ നുഴഞ്ഞുകയറ്റം തടയാനുള്ള പ്രതിരോധനടപടികള്‍ സ്വീകരിക്കുക ഇതൊക്കെയാണ് ഒരു വൈറ്റ് ഹാറ്റ് ഹാക്കറുടെ ജോലി. ബ്ലാക്ക് ഹാറ്റ് ഹാക്കര്‍മാരെ തുരത്തുന്നതിന് വേണ്ടി ഒരു ഹാക്കറുടേത് പോലെ ചിന്തിക്കുകയും ആക്രമിക്കുകയും ചെയ്യുകയാണ് ആദ്യം വേണ്ടത്.

എങ്കില്‍ മാത്രമേ ഹാക്കര്‍മാരുടെ സ്വഭാവം തിരിച്ചറിയാനും അവര്‍ വരാന്‍ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തി അവ ശക്തിപ്പെടുത്താനും സാധിക്കുകയുള്ളൂ. ചുരുക്കി പറഞ്ഞാല്‍ സ്വന്തം കമ്പനിയെ യാതൊരു ദയയും കൂടാതെ ആക്രമിക്കുന്നതിന് ശമ്പളം വാങ്ങുക.
സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തൊന്നും തന്റെ ലക്ഷ്യത്തെ കുറിച്ച് വ്യക്തമായ ധാരണ പാരിസക്ക് ഉണ്ടായിരുന്നില്ല. തനിക്ക് അനുയോജ്യമായ കരിയര്‍ തിരിച്ചറിയുന്നതിന് വേണ്ടി അഭിരുചി പരീക്ഷ വരെ എഴുതി നോക്കി. 2007-ല്‍ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സില്‍ നിന്നാണ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ഇവര്‍ ബിരുദം നേടുന്നത്.

ഇല്ലിനോയ്സില്‍ പഠിക്കാന്‍ ബിരുദത്തിന് ചേരുന്നത് വരെ കമ്പ്യൂട്ടറിനെ കുറിച്ചുളള അടിസ്ഥാന അറിവുകള്‍ പോലും പാരിസക്ക് അജ്ഞമായിരുന്നു. എന്തിന് കമ്പ്യൂട്ടര്‍ ആദ്യമായി തൊടുന്നത് പോലും എന്‍ജിനീയറിംഗ് പഠനത്തിന്റെ ആദ്യ വര്‍ഷത്തിലാണ്. എന്നിട്ടും കോഴ്സ് പാസ്സായി ഇറങ്ങുന്നതിന് തൊട്ടു പിന്നാലെ തന്നെ പാരിസക്ക് ഗൂഗിളില്‍ ജോലി ലഭിച്ചു.

ആദ്യകാല ഹാക്കര്‍മാരില്‍ ഒരാളായ ക്യാപ്റ്റന്‍ ക്രഞ്ച് എന്നറിയപ്പെടുന്ന ജോണ്‍ ഡ്രെയ്പ്പറെ കുറിച്ചുള്ള കഥകളാണ് ഇത്തരമൊരു കരിയര്‍ തിഞ്ഞെടുക്കുന്നതിന് പാരിസക്ക് പ്രചോദനം നല്‍കിയത്. ടെക്ക് ലോകത്ത് വനിതകളുടെ പ്രാധിനിധ്യം വളരെ കുറവുള്ള ടെക് മേഖലയില്‍ മാതൃക തന്നെയാണ് പാരിസ

അമേരിക്കയിലേക്ക് കുടിയേറിയ ഇറാനിയന്‍- പോളിഷ് ദമ്പതികളുടെ മകളാണ് പാരിസ. ഉന്നത വിദ്യാഭ്യാസനിലവാരം പുലര്‍ത്തിയിരുന്നവരായിരുന്നെങ്കിലും ഇവരാരും കമ്പ്യൂട്ടറില്‍ അത്ര അഗ്രഗണ്യരായിരുന്നില്ല. കുടുംബത്തില്‍ നിന്ന് ടെക് മേഖലയിലേക്ക് ആദ്യമെത്തുന്നത് പാരിസയാണ്. പാരിസയുടെ ജോലി വളരെ ഉത്തരവാദിത്വവും തിരക്കേറിയതുമാണെങ്കിലും ജോലിക്കിടയില്‍ വീണുകിട്ടുന്ന ഇടവേളകളില്‍ റോക്ക് ക്ലൈംബിംഗും പാചകപരീക്ഷണങ്ങളുമായി ജീവിതത്തെ ആസ്വദിക്കുകയാണ് പാരിസ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here