പൊതുബാങ്കിങ് രംഗവും കേരള ബാങ്കിന്റെ രൂപീകരണവും

ആഗോളവല്‍ക്കരണ നയങ്ങളുടെ ഭാഗമായ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കാനാരംഭിച്ചതുമുതല്‍ പൊതുമേഖലാ ബാങ്കുകളെ എങ്ങനെയും കൊള്ളയടിക്കുക എന്ന സമീപനമാണ് ഇന്ത്യയിലെ കുത്തക മുതലാളിത്തം സ്വീകരിച്ചത്. ഇതിന് ഭരണ നേതൃത്വം കൂട്ടുനിന്നു. ഇന്ത്യയിലെ ബാങ്കുകള്‍ നല്‍കിയിട്ടുള്ള മൊത്തം വായ്പകളില്‍ 56 ശതമാനവും വന്‍കിട വായ്പക്കാര്‍ക്കാണ്. ഇതില്‍ 86 ശതമാനവും നിഷ്ക്രിയ ആസ്തിയായി മാറി. 12 വലിയ വായ്പക്കാരുടെ നിഷ്ക്രിയ ആസ്തി 1.76 ലക്ഷം കോടി രൂപയുടേതാണ്. ഇത് ഇന്ത്യയിലെ ബാങ്കിങ് മേഖലയിലെ മൊത്തം നിഷ്ക്രിയ ആസ്തിയുടെ 25 ശതമാനം വരും. ഈ വായ്പകളില്‍ സിംഹഭാഗവും എഴുതിത്തള്ളേണ്ടതായിവരും. അപ്പോള്‍ ബാങ്കുകളുടെ നഷ്ടം ഇനിയും വര്‍ധിക്കും. നഷ്ടം വര്‍ധിക്കുന്നതിനനുസരിച്ച് മൂലധന പര്യാപ്തതയില്‍ കുറവുവരും. ഇത് പരിഹരിക്കുന്നതിന് ജനങ്ങളുടെ നികുതിപ്പണം ഇനിയും പിഴിയും.

പൊതുമേഖലാ ബാങ്കുകളുടെ പ്രതിസന്ധി ജനങ്ങളെ പിഴിഞ്ഞ് പരിഹരിക്കാനാകുമോ എന്ന ശ്രമത്തിന്റെ ഭാഗമായാണ് ഭീമമായ തോതില്‍ സേവനനിരക്കുകള്‍ അടിച്ചേല്‍പ്പിക്കുന്നത്. 2017 ജൂണ്‍ ഒന്നുമുതല്‍ പത്ത് തരം സേവനങ്ങള്‍ക്കാണ് എസ്ബിഐ ക്രമാതീതമായ സേവനനിരക്കുകള്‍ ഏര്‍പ്പെടുത്തിയത്. ജനങ്ങളുടെ പ്രതിഷേധം വ്യാപകമായപ്പോഴാണ് എടിഎം സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് ഉപാധികളോടെ പിന്‍വലിച്ചത്. സേവനങ്ങളില്‍ ഇനി ഒമ്പത് എണ്ണത്തിനും വലിയതോതിലുള്ള സര്‍വീസ് ചാര്‍ജുകള്‍ നല്‍കാന്‍ ജനങ്ങള്‍ ബാധ്യസ്ഥമാണ്. എല്ലാ ബാങ്കുകളും ഇതേ പാതതന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ കേരള ബാങ്ക് പ്രവൃത്തിപഥത്തിലെത്തിക്കുകയും ജനങ്ങളെ ചൂഷണംചെയ്യാതെ മികച്ച സേവനം നല്‍കുകയും ചെയ്യുക എന്നതാണ് നമ്മുടെ ലക്ഷ്യം.

കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് എന്ന മഹത്തായ ആശയം അടുത്ത 20 മാസത്തിനുള്ളില്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഇതിലൂടെ സഹകരണ ബാങ്കിങ്ങിന്റെ വ്യാപ്തി, ജനസ്വീകാര്യത, ബിസിനസ് വര്‍ധന, ആധുനിക ബാങ്കിങ് സൌകര്യങ്ങള്‍ ചാര്‍ജുകള്‍ ഇല്ലാതെയോ കുറഞ്ഞ ചാര്‍ജിലോ ജനങ്ങള്‍ക്ക് ലഭ്യമാക്കല്‍, പ്രൊഫഷണല്‍ സേവനം, വിദേശനാണ്യവിനിമയം, എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ സ്വീകരിക്കല്‍, നാടിന്റെ വികസനത്തിനായുള്ള പദ്ധതികളില്‍ പങ്കാളിത്തം തുടങ്ങി ഒട്ടനവധി നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

കേരള സഹകരണ ബാങ്കിന്റെ രൂപീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇടതു ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണിത്. 14 ജില്ലാ സഹകരണ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിനെയും സംയോജിപ്പിച്ച് കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് രൂപീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഒന്നാംവര്‍ഷത്തില്‍ത്തന്നെ സ്വീകരിക്കാന്‍ നമുക്ക് കഴിഞ്ഞു. ബംഗളൂരു ഐഐഎം പ്രൊഫസര്‍ ഡോ. എം എസ് ശ്രീറാമിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച വിദഗ്ധ സമിതി പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന്, ഇക്കാര്യങ്ങള്‍ പ്രായോഗികതലത്തില്‍ കൊണ്ടുവരുന്നതിന് ഒരു ടാസ്ക്ഫോഴ്സിന് രൂപം നല്‍കി. ടാസ്ക്ഫോഴ്സ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരികയാണ്.

കേരള സഹകരണ ബാങ്കിനെ ഏറ്റവും ആധുനികമായ സൌകര്യങ്ങള്‍ പ്രദാനം ചെയ്യാന്‍ കഴിയുന്ന ജനങ്ങളുടെ ബാങ്കായി രൂപപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടിലുള്ളത്. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും ഈ സംഘങ്ങള്‍ക്ക് സ്വന്തം നിലയില്‍ നല്‍കാന്‍ കഴിയാത്ത സേവനങ്ങള്‍ കേരള സഹകരണ ബാങ്കിലൂടെ ഈ സംഘങ്ങളിലെ ഉപയോക്താക്കള്‍ക്കുകൂടെ നല്‍കാന്‍ കഴിയണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

എന്നാല്‍, വിദഗ്ധ സമിതിയുടെ ചില ശുപാര്‍ശകള്‍ നമുക്ക് അംഗീകരിക്കാന്‍ കഴിയാത്തവയാണ്. നഷ്ടത്തിലുള്ള ശാഖകള്‍ പൂട്ടണമെന്നും ശാഖകളുടെ എണ്ണം അടുത്ത അഞ്ചു വര്‍ഷംകൊണ്ട് ജില്ലയില്‍ 1520 എന്ന രീതിയില്‍ കുറച്ചുകൊണ്ടുവരണമെന്നും കേരള കോ- ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രവര്‍ത്തനം കാലക്രമേണ മേല്‍നോട്ടം, ട്രഷറി മാനേജ്മെന്റ്, ടെക്നോളജി മാനേജ്മെന്റ്, വന്‍കിട ബാങ്കിങ് ഇടപാടുകള്‍ എന്നിവമാത്രമായി പരിമിതപ്പെടുത്തണമെന്നതടക്കമുള്ള ചില നിര്‍ദേശങ്ങള്‍ നിലവിലുള്ള പൊതു സാഹചര്യവുമായി പൊരുത്തപ്പെടുന്നതല്ല. ജീവനക്കാരെ കുറയ്ക്കാനോ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കാനോ പാടില്ല എന്നുംറിപ്പോര്‍ട്ടിലുണ്ട്. വര്‍ഷാവര്‍ഷങ്ങളില്‍ പരിശീലനം, നാഷണലൈസ്ഡ് ബാങ്കുകള്‍ക്ക് സമാനമായ സേവന വേതന വ്യവസ്ഥകള്‍ തുടങ്ങി വിവിധ ആനുകൂല്യങ്ങള്‍ക്കും ശുപാര്‍ശയുണ്ട്. ഇതുതന്നെയാണ് ജീവനക്കാരുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ സമീപനവും.

ബാങ്കുകളുടെ സംയോജന പ്രക്രിയ ക്രമാനുഗതവും വികേന്ദ്രീകൃതരീതിയിലും നടപ്പാക്കണമെന്നാണ് ശുപാര്‍ശ. ആദ്യം സാങ്കേതികവിദ്യാ സംയോജനം. തുടര്‍ന്ന് പ്രവര്‍ത്തനങ്ങളുടെ സംയോജനം. പിന്നീട് സാമ്പത്തിക സംയോജനവും അവസാനം മനുഷ്യ വിഭവശേഷി സംയോജനവും വിഭാവനം ചെയ്യുന്നു. സഹകരണ തത്വങ്ങളിലധിഷ്ഠിതമായി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ‘ഭരണസമിതിയുടെ നേതൃത്വത്തിലാണ് കേരള സഹകരണ ബാങ്ക് പ്രവര്‍ത്തിക്കേണ്ടതെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.

സമകാലീന ബാങ്കിങ് പശ്ചാത്തലത്തില്‍ കേരള ബാങ്ക് എന്ന ആശയം കൂടുതല്‍ അര്‍ഥവത്താകുകയാണ്. സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നമുക്ക് നഷ്ടപ്പെട്ടു. ചിലര്‍ നമ്മെ വിമര്‍ശിക്കാറുണ്ട്. നിങ്ങള്‍ എസ്ബിഐ- എസ്ബിടി ലയനത്തെ എതിര്‍ക്കുന്നു. എന്നാല്‍, സംസ്ഥാന സഹകരണ ബാങ്ക്,  ജില്ലാ സഹകരണ ബാങ്കുകള്‍ എന്നിവയെ ലയിപ്പിക്കുന്നു. എന്തുകൊണ്ടാണ് ഈ വൈരുധ്യം എന്നാണ് അവരുടെ ചോദ്യം. ഇതിന് നമ്മുടെ മറുപടി വളരെ വ്യക്തമാണ്. എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിച്ചതിലൂടെ 198 ബാങ്ക് ബ്രാഞ്ചാണ് കേരളത്തിന് ഉടനടി നഷ്ടപ്പെടുക. രണ്ടാംഘട്ടത്തില്‍ വീണ്ടും 200 ബ്രാഞ്ചുകൂടി നഷ്ടമാകും. നേരിട്ടുള്ള തൊഴിലവസരങ്ങള്‍ നാലിയരത്തോളം കുറവുവരും.

ജനങ്ങളുടെ ബാങ്കിങ് പ്രാപ്യതയും ബാങ്കിങ് ക്ഷമതയും കുറയും. സംസ്ഥാന വികസനത്തില്‍ എസ്ബിടി വഹിച്ചിരുന്ന പങ്ക് തുടര്‍ന്ന് ഉണ്ടാകണമെന്നില്ല. ഇത്തരത്തില്‍ നിരവധി കാരണങ്ങളാലാണ് ഇടതുപക്ഷം എസ്ബിഐ- എസ്ബിടി ലയനത്തെ എതിര്‍ത്തത്. സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും തമ്മില്‍ സംയോജിപ്പിക്കുമ്പോള്‍ ജനങ്ങളുടെ ബാങ്കിങ് ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ശേഷി കൂടും. സംസ്ഥാനത്തിന് പുറത്തേക്ക് വിഭവങ്ങള്‍ പോകുന്നില്ല. ആധുനിക ബാങ്കിങ് സേവനങ്ങള്‍ എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയും. ഗ്രാമീണമേഖലയിലെ ജനങ്ങള്‍ക്ക് ബാങ്കിങ്, ബാങ്കിങ് ഇതര സേവനങ്ങള്‍ കൂടുതല്‍ പ്രാപ്യമാകും. സംസ്ഥാന വികസനത്തിലും കേരള ബാങ്കിന് വളരെ വലിയ പങ്ക് വഹിക്കാന്‍ കഴിയും. ഇതാണ് ഈ രണ്ട് ലയനവും തമ്മിലുള്ള കാതലായ വ്യത്യാസം.

സഹകരണമെന്നത് സീമാതീതമായ സാധ്യതകളുള്ള മേഖലയാണ്. ഈ മേഖലയുടെ ഗുണം അതിലെ അംഗങ്ങള്‍ക്ക്/ ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിഞ്ഞാല്‍ നമുക്ക് നാടിന്റെ സാമൂഹ്യ- സാമ്പത്തിക വികസനത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഈ പ്രസ്ഥാനത്തെ ആഗോളവല്‍ക്കരണ നടപടികളുടെ കെടുതികള്‍ക്കെതിരായ പ്രതിരോധ പ്രസ്ഥാനമായി വളര്‍ത്തിയെടുക്കാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News