പ്രസിഡന്റ് ഇടഞ്ഞു, കുന്നുകയറാന്‍ വിധിക്കപ്പെട്ട് നാട്ടുകാര്‍

കുമളി: അമ്പത് വര്‍ഷത്തിലേറെയായി മെയ്ന്‍ റോഡിലേക്ക് കടക്കുവാന്‍ ഗതാഗത യോഗ്യമായ റോഡിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് നാലാംമൈല്‍ നിവാസികള്‍. . കുത്തുകയറ്റം ജനജീവിതം ദുസഹമാക്കിയിരിക്കുന്ന മേഖലയില്‍ സാധാരണക്കാരായ കര്‍ഷകരാണ് അധികവും. വിളകള്‍ ശേഖരിച്ച് ചുമലില്‍ കയറ്റി മെയ്ന്‍ റോഡിലെത്തിക്കുന്നതും പാചകവാതക സിലിണ്ടറുകള്‍ ചുമന്ന് ഇറക്കം ഇറങ്ങുന്നതും പ്രദേശവാസികള്‍ വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്നു. പേരിന് നടത്തുന്ന അറ്റകുറ്റപ്പണികള്‍ വാഹനങ്ങളെ താഴെയിറക്കാന്‍ സഹായിച്ചെങ്കിലും കൂനിന്മേല്‍ കുരുവെന്നപോലെ ഇറങ്ങിയ വാഹനങ്ങള്‍ തള്ളിക്കയറ്റേണ്ട ഗതികേടിലാണ് നാട്ടുകാര്‍. വര്‍ഷങ്ങളായി പലഫണ്ടുകളും ഈ വഴിയുടെ പേരില്‍ ചിലവിട്ടിട്ടും ഇന്നും അമ്പത് വര്‍ഷം പഴക്കമുള്ള ഗതികേട് പൊതുജനത്തെ പിന്‍തുടരുന്നു. പ്രശ്‌നത്തിന്റെ പരിഹാരത്തിന് പ്രദേശവാസിയായ വിദ്യാര്‍ത്ഥിനി മുഖ്യമന്ത്രിക്ക് കത്ത് അയച്ചതോടെ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടു. കളക്ടറേറ്റ് വഴി പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള നടപടികളും സ്വീകരിച്ചു.

തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് വഴി പഞ്ചായത്തില്‍ എത്തുകയും ചെയ്തു. എന്നാല്‍ പരാതിക്കാരിയെ വിവരം അറിയിക്കാനോ, പരാതിയെപ്പറ്റി തിരക്കാനോ പഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കളക്ടറേറ്റില്‍ നിന്നും ലഭിച്ച വിവരത്തിന്റെയും അടിസ്ഥാനത്തില്‍ പരാതിക്കാരി ജൂണ്‍ മാസം അവസാനം പഞ്ചായത്ത് ഓഫീസില്‍ വിവരം തിരക്കി. ‘ഞങ്ങളുടെ എന്‍ജിനീയര്‍ അവിടെ വന്ന് നോക്കി, ഒരുമാസത്തെ സമയം തരണം’എന്ന് സൂപ്രണ്ട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഒന്നര മാസത്തിന് ശേഷം വിവരം തിരക്കുമ്പോള്‍ സൂപ്രണ്ട് മാറുകയും പുതിയ സൂപ്രണ്ട് പദ്ധതിയില്‍പ്പെടുത്തി പണി ചെയ്ത് തരാം എന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റിനോട് വിവരം തിരക്കിയപ്പോള്‍ മെമ്പര്‍ ഗ്രാമസഭ വഴി അറിയിക്കേണ്ടതാണെന്നും ഈ വര്‍ഷത്തെ ഫണ്ട് അവസാനിച്ചു ഇനി ഈ കൊല്ലം നടക്കില്ല എന്നും പരാതിക്കാരിയെ അറിയിച്ചു.

രണ്ടാഴ്ച മുമ്പ് നടന്ന ഗ്രാമസഭയില്‍ മൂന്ന് മാസത്തോളമായി ഓഫീസില്‍ വന്നു കിടന്ന ഒരു പരാതിയെപ്പറ്റി തിരക്കാനോ വാര്‍ഡ് മെമ്പറെ വിവരം അറിയിക്കാനോ, പരാതിക്കാരിയെ വിവരം അറിയിച്ച് ഒരു ചര്‍ച്ച നടത്താനോ അധികൃതര്‍ തയ്യാറാവാത്തത് വലിയ അനാസ്ഥയാണ്. ആര് ഓര്‍ഡറിട്ടാലും നിര്‍ദ്ദേശിച്ചാലും ഫണ്ട് തരാതെ ചെയ്യില്ല എന്ന് പറയാന്‍ പ്രസിഡന്റ് കാണിച്ച മിടുക്ക് എന്ത് കൊണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഗ്രാമസഭയില്‍ വിവരം ഉന്നയിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ട് കാണിച്ചില്ല. ഫണ്ടില്ലെങ്കില്‍ അതിര്‍ത്തി പങ്കിടുന്ന ചക്കുപള്ളം പഞ്ചായത്തുമായി ചേര്‍ന്ന് റോഡ് നിര്‍മിക്കാനുള്ള നടപടികള്‍ നടത്തണം. ഫണ്ടിനായി വേണ്ട നടപടികള്‍ സ്വീകരിക്കണം. വികലാംഗരും, ഹൃദ്രോഗികളും, വയോജനങ്ങളുമടങ്ങിയ പ്രദേശവാസികള്‍ വോട്ട് രേഖപ്പെടുത്തിയത് ഈ വഴി ഈ വര്‍ഷമെങ്കിലും ശരിയാകും എന്ന പ്രതീക്ഷയിലാണ്. എന്നാല്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടും ഫണ്ട് തരാതെ ചെയ്യില്ല എന്ന ദാര്‍ഷ്ട്യം കോണ്‍ഗ്രസ് വര്‍ഷങ്ങളായി ഭരിക്കുന്ന പഞ്ചായത്തില്‍ മാറ്റൊലി കൊള്ളുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News