സംഘപരിവാര്‍: ഭീകരതയുടെ പ്രതീകം

കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന ബിജെപിയുടെ രാഷ്ട്രീയപ്രചാരണത്തെ സഹായിക്കാന്‍വേണ്ടി പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി നടത്തിയ സന്ദര്‍ശനം ഖജനാവിലെ കാശ് കുറെ മുടിച്ചുകൊണ്ട് പരിഹാസ്യമായി അവസാനിച്ചു. സംസ്ഥാനത്ത് നാളിതുവരെ സംഘപരിവാര്‍ നടത്തിയ നരനായാട്ടുകളെ ഓര്‍മിക്കാന്‍ കേരളീയര്‍ക്ക് അതൊരു അവസരമായി എന്നുമാത്രം. ആര്‍എസ്എസിന്റെ രാഷ്ട്രീയപാര്‍ടിയാണല്ലോ ബിജെപി.

ആര്‍എസ്എസിനെ കേരളീയര്‍ക്ക് നന്നായിട്ട് അറിയാം. കേരളത്തില്‍ പണ്ട്, ദേശീയ സമരകാലത്തും മറ്റും പൊലീസ് അതിക്രമങ്ങളും ജനങ്ങളുടെ തിരിച്ചടിയും ഉണ്ടായിട്ടുണ്ട്. പക്ഷേ, ആര്‍എസ്എസിന്റെ കടന്നുവരവോടെയാണ് രാഷ്ട്രീയസംഘട്ടനങ്ങളും കൊലപാതകങ്ങളും ആരംഭിച്ചത്. മനസ്സില്‍ കുറച്ചൊരു അന്യമതവിദ്വേഷവും വര്‍ഗീയതാല്‍പ്പര്യവും ഉള്ളവരും കടുത്ത സംവരണവിരോധികളും പഴയ ഫ്യൂഡല്‍ മേധാവിത്തത്തില്‍ അഭിരമിക്കുന്നവരുമാണ് കേരളത്തില്‍ ബിജെപിയുടെ കടന്നുവരവിനെ തെല്ലെങ്കിലും സ്വാഗതം ചെയ്യുന്നത്. പക്ഷേ, അത്തരക്കാര്‍ക്കുപോലും ആര്‍എസ്എസിനോട് മാനസികമായി വെറുപ്പാണുള്ളത്.

മുസ്ളിം ഭൂരിപക്ഷരാഷ്ട്രങ്ങളില്‍ താലിബാനും ഐഎസും ചെയ്യുന്നതെന്തോ അതാണ് ഈ സംഘം ഇവിടെ ചെയ്യുന്നതെന്ന് ബിജെപിയുടെ അനുഭാവികള്‍പോലും പറയാറുണ്ട്. ഇങ്ങനെ ഒരു ഭീകരമുഖം നിലനില്‍ക്കുന്നിടത്തോളം കാലം കേരളംപോലെ ഒരു സംസ്ഥാനത്ത് ബിജെപിക്ക് ആഗ്രഹിക്കുന്നപോലെ വളരാന്‍ കഴിയില്ലെന്നും അവര്‍ ഉല്‍ക്കണ്ഠപ്പെടുന്നു.

കാവി ധരിച്ച ഭയം’എന്ന പേരില്‍ കാക്കനാടന്റെ ഒരു കഥയുണ്ട്. അവിടെ ഭയമുണ്ടാക്കുന്നത് കാവിയല്ല; അത് ധരിക്കുന്ന മനുഷ്യരൂപമാണ്. ബീഭത്സമായ മനസ്സുള്ളവര്‍ സദാ ധരിക്കുമ്പോള്‍ ഒരു വസ്ത്രം ഭയത്തിന്റെ പ്രതീകമാകുന്നു എന്നത് നിര്‍ഭാഗ്യകരമാണ്.

ബാബ്റി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് അക്രമികളെ ആവേശം കൊള്ളിക്കാന്‍വേണ്ടി താഴെനിന്ന് അലറിയിരുന്ന അടിച്ചുപൊളി കാവിക്കാരെ കാണുമ്പോള്‍ ആര്‍ക്കാണ് ഭയം തോന്നാതിരിക്കുക? വിവേകാനന്ദന്റെ വസ്ത്രമായിരുന്നു കാവി എന്നത് അപ്പോഴെങ്കിലും നാം മറന്നുപോകും. രക്ഷാബന്ധന്റെ കാര്യവും ഏതാണ്ട് അതുതന്നെ. കേരളത്തില്‍ അപൂര്‍വമായിരുന്ന ഒരു ആഘോഷമാണല്ലോ അത്. സാഹോദര്യത്തിന്റെ ഉത്സവം. നിര്‍ഭാഗ്യവശാല്‍ ഇവിടെ ആര്‍എസ്എസുകാര്‍ രാഖി കെട്ടാന്‍ തുടങ്ങി. അങ്ങനെ കൈയില്‍ കെട്ടുന്ന ചരട് ഭീകരന്റെ അടയാളമായി മാറി. ആര്‍എസ്എസിന്റെ ഭീകരസാന്നിധ്യം ഉള്ളതുകൊണ്ട് ചില ക്ഷേത്രങ്ങളില്‍ പോകാത്ത ഭക്തരെ ഞാന്‍ കണ്ടിട്ടുണ്ട്.

എന്തുകൊണ്ടാണ് ആര്‍എസ്എസ് ഭീകരതയുടെ പര്യായമായി ഇന്ത്യയില്‍ അവതരിച്ചത്? ചോദ്യത്തിന് കൃത്യമായ ഉത്തരം നാഥുറാം വിനായക് ഗോഡ്സെ നല്‍കുന്നുണ്ട്. മഹാത്മാഗാന്ധി വധത്തെതുടര്‍ന്നുണ്ടായ വിചാരണയില്‍ അദ്ദേഹത്തിന്റെ പ്രസിദ്ധമായ കോടതിപ്രസംഗം. ഗോഡ്സെ ആര്‍എസ്എസാണോ, ആയിരുന്നോ, വിട്ടതാണോ എന്നിങ്ങനെയുള്ള സാങ്കേതികത്തര്‍ക്കം അവിടെ നില്‍ക്കട്ടെ. രക്ഷപ്പെടാന്‍ ഗോഡ്സെയെ അവര്‍ തള്ളിപ്പറയുമായിരിക്കും. പക്ഷേ, പ്രസിദ്ധീകരിക്കപ്പെട്ട ആ പ്രസംഗം ഒന്ന് വായിച്ചുനോക്കുക. ആര്‍എസ്എസിന് അതിലെ ഒരു വാക്ക് തള്ളിപ്പറയാന്‍ കഴിയുമോ? കഴിയില്ല.

ഇന്ത്യയിലെ രാഷ്ട്രീയ ഹിന്ദുത്വത്തിന്റ ആശയസാരാംശമാണത്. ഗാന്ധിയോട് തനിക്ക് എന്തെങ്കിലും വ്യക്തിപരമായ വിദ്വേഷം ഉണ്ടായിരുന്നില്ല; മറിച്ച് ആരാധനയാണ് ഉള്ളതെന്ന് ഗോഡ്സെ പറയുന്നു. (ഇപ്പോഴും ബിജെപി നേതാക്കള്‍ രാജ്ഘട്ടില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നുണ്ടല്ലോ) വ്യക്തിവിദ്വേഷംകൊണ്ടല്ല താന്‍ ഗാന്ധിയെ വധിച്ചത്. സാനാതന ഹിന്ദുവെന്ന് അവകാശപ്പെടുന്ന അദ്ദേഹം ഹിന്ദുമതത്തെക്കുറിച്ച് തെറ്റായ ധാരണ പരത്തുന്നു.

അഹിംസയുടെയും സഹിഷ്ണുതയുടെയും മതമാണ് അതെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. തന്മൂലം ഹിന്ദുവിരുദ്ധവും ബാഹ്യവുമായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഹിന്ദുമതത്തിന് കഴിയാതാകുന്നു. ഹിന്ദുമതത്തിന്റെ സംഘടിതകരുത്തും ആക്രമണോത്സുകതയും ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് തന്റെ ജീവിതലക്ഷ്യം എന്ന് ഗോഡ്സെ പ്രഖ്യാപിക്കുന്നു. ആര്‍എസ്എസിന്റെ നയം വേറെന്താണ്? സത്യത്തില്‍ ഗോഡ്സെയും ആര്‍എസ്എസും തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യയുടെ മഹത്തായ സംസ്കാരത്തെയാണ്.

അതിപുരാതനമായ ഇന്ത്യന്‍ സംസ്കാരത്തിന്റെ പ്രധാന സവിശേഷത അത് പുലര്‍ത്തിയ സംവാദാത്മകതയും സഹിഷ്ണുതയുമാണ്. അന്യോന്യവിരുദ്ധമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന ആശയധാരകളുടെ സഹവര്‍ത്തിത്വവും സംവാദവും. ദൈവത്തില്‍ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും, ക്ഷേത്രം വേണ്ടവരും വേണ്ടാത്തവരും, ഒരു ദൈവമുള്ളവരും ആയിരം ദൈവമുള്ളവരും പുല്ലും പുഴുവും സര്‍വ ചരാചരങ്ങളും ദൈവമാണെന്നു കരുതുന്നവരുമെല്ലാം അതില്‍ ഉള്‍പ്പെടുന്നു. പുതിയ ഒരു ആശയപദ്ധതി ലോകത്ത് എവിടെയെങ്കിലും പിറവിയെടുത്താല്‍ അതിനെ ആഞ്ഞുപുല്‍കാനുള്ള ധൈഷണികസന്നദ്ധത. ആയിരക്കണക്കിന് വര്‍ഷത്തെ ഈ സാംസ്കാരികചരിത്രത്തിലുണ്ടായ ഒരു ഇടര്‍ച്ചമാത്രമാണ് ഹിംസാത്മകമായ വൈദിക പൌരോഹിത്യത്തിന്റെ അരങ്ങേറ്റം. തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും സംഹാരതാണ്ഡവങ്ങളും.

നരബലിയും ജന്തുബലിയും ക്രൂരയാഗങ്ങളും ജാതിവ്യവസ്ഥയും മനുവാദവും അതിന്റെ ഭാഗമാണ്. ഇവയ്ക്കെതിരായാണ് അഹിംസയുടെ നവപ്രഭാതവുമായി ബുദ്ധന്‍ കടന്നുവരുന്നത്. പിന്നീട് രക്തരൂഷിതമായ കടന്നാക്രമണങ്ങളിലൂടെ പുരോഹിതവര്‍ഗം ബുദ്ധന്റെ പ്രസ്ഥാനത്തെ ഇന്ത്യയില്‍നിന്ന് നാടുകടത്തി. വൈദിക പൌരോഹിത്യത്തിന് മേല്‍ക്കൈയുണ്ടായിരുന്ന ഘട്ടത്തിലാണ് ശരിക്കും ഇന്ത്യയുടെ പതനം ആരംഭിക്കുന്നത്. തത്വചിന്തയിലും ശാസ്ത്രാവബോധത്തിലും ഉണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെട്ട് നാം ബഹുദൂരം പിന്നിലേക്ക് പോയി. സാമ്രാജ്യത്വ കടന്നാക്രമണങ്ങള്‍ക്ക് രാജ്യം വിധേയപ്പെടുന്നത് ഈ പതനഘട്ടത്തിലാണ്.

സംഘപരിവാര്‍ എല്ലായ്പോഴും ഇന്ത്യന്‍ സംസ്കാരത്തെയും ഹിന്ദുമതത്തെയും കുറിച്ച് ഉദ്ഘോഷിക്കാറുണ്ടല്ലോ. ഇന്ത്യന്‍ സംസ്കാരമാകുന്ന സ്ഫടികജലാശയത്തിലെ ഒരു കരടുമാത്രമായ വൈദിക പൌരോഹിത്യത്തെയാണ് അവര്‍ പ്രതിനിധാനം ചെയ്യുന്നത്. അതിന്റെ ആക്രമണോത്സുകസ്വഭാവത്തെ അവര്‍ വാഴ്ത്തുന്നു.

അതുകൊണ്ടാണ് ആര്‍എസ്എസ് ഒരു കൊടുവാളുപോലെ വാര്‍ന്നുവീഴുന്ന ചോരയുടെ പ്രതീകമാകുന്നത്. ഈ കൊടുവാള്‍ സമൂഹത്തെ ഭിന്നിപ്പിച്ച് കീഴടക്കാനുള്ള ആയുധമായി മൂലധന സാമ്രാജ്യത്വം ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നു. ഈ കൊടുവാള്‍ തൊടുമ്പോള്‍ കാവിയും രാഖിയും കുങ്കുമവും താമരയും ഭീതിയുടെ പ്രതിരൂപങ്ങളായി മാറുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News