നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ഗ്യാസ് സിലണ്ടറുമായി വന്ന ലോറി ഇടിച്ചു; ടാങ്കര്‍ ജീവനക്കാരന് ദാരുണാന്ത്യം

ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയില്‍ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ സിലണ്ടര്‍ ലോറിക്കടിയില്‍പ്പെട്ട് ടാങ്കര്‍ ജീവനക്കാരന് ദാരുണാന്ത്യം. ടാങ്കര്‍ ലോറി ക്ലീനര്‍ പാലക്കാട് ആലത്തൂര്‍ തുരുത്തിയില്‍ വീട്ടില്‍ കുത്തി രാമന്റെ മകന്‍ മനു (25) വാണ് മരിച്ചത്.

ഓച്ചിറയ്ക്ക് സമീപം വലിയകുളങ്ങര പളളി മുക്കില്‍ ഇന്ന് പുലര്‍ച്ചെ 1.40 ഓടെയായിരുന്നു അപകടം. എറണാകുളത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പെട്രോളുമായെത്തിയ ടാങ്കര്‍ ജീവനക്കാര്‍ പ്രാഥമിക കൃത്യത്തിനായി ദേശീയപാതയുടെ വശത്ത് നിര്‍ത്തി.

ഡ്രൈവറും ക്ലീനറും വാഹനത്തിന് പുറത്തിറങ്ങിയ സമയത്താണ് അമിത വേഗതയിലെത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഗ്യാസ് സിലിണ്ടറുമായെത്തിയ ലോറി ടാങ്കറിന്റെ പുറക് വശത്ത് ഇടിക്കുന്നത്.

ഇടിയുടെ ആഘാതത്തില്‍ ഇടതു വശത്തേക്ക് മറിഞ്ഞ ലോറി അവിടെ നില്‍ക്കുകയായിരുന്ന മനുവിന്റെ മേലേക്ക് മറിയുകയായിരുന്നു. വാഹനം ഇടിച്ചതിനെ തുടര്‍ന്നുണ്ടായ വലിയ ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു.

ഓച്ചിറയില്‍ നിന്നും പോലീസും കരുനാഗപ്പള്ളിയില്‍ നിന്നും ഫയര്‍ ഫോഴ്‌സും എത്തിയെങ്കിലും ലോറിക്കിടയില്‍പ്പെട്ട മനുവിനെ പുറത്തെടുക്കാനായില്ല. ഒടുവില്‍ ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്തിയപ്പോഴേക്കും ഇയാള്‍ മരിച്ചു.

പിന്നീട് മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലോറിയിലുണ്ടായിരുന്ന ജീവനക്കാര്‍ അപകടം നടന്നയുടനെ ഓടി രക്ഷപെട്ടു. അപകടത്തില്‍ ഗ്യാസ് സിലിണ്ടറുമായെത്തിയ ലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഗ്യാസ് ടാങ്കറിന്റെ ടാങ്കില്‍ കേടുപാട് സംഭവിച്ചെങ്കിലും ചോര്‍ച്ചയുണ്ടായില്ല.

6000 ലിറ്റര്‍ പെട്രോളും 6000 ലിറ്റര്‍ ഡീസലുമാണ് ടാങ്കറിലുണ്ടായിരുന്നത്. ചോര്‍ച്ച ഉണ്ടായിരുന്നെങ്കില്‍ വന്‍ അപകടം തന്നെയുണ്ടാകുമായിരുന്നു. സംഭവം നടന്നയുടന്‍ പരിസര പ്രദേശങ്ങളിലെ വൈദ്യുത ബന്ധം വിച്ചേദിച്ചു. ഇതിനിടയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു എന്ന അഭ്യൂഹം പരന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News