ദിലീപിനെ കുടുക്കിയ ആ നാലാമത്തെ ചോദ്യം എന്ത്; ബെഹ്‌റയുടെ മറുപടി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കുടുക്കിയത് ബെഹ്‌റയുടെ നാല് ചോദ്യങ്ങളായിരുന്നെന്ന് ആദ്യം മുതലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ചോദ്യം ചെയ്യലിലാണ് ദിലീപ് കുടുങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ആ നാലാമത്തെ ചോദ്യം എന്താണെന്ന് മാത്രം പുറത്ത് വന്നിരുന്നില്ല.

പ്രമുഖ വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലും ബെഹ്‌റയോട് ഇതേ ചോദ്യം ഉയര്‍ന്നു. എന്നാല്‍ അദ്ദേഹം തന്ത്രപരമായി ആ ചോദ്യത്തിന് മറുപടി നല്‍കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറി. ദിലീപിനോടുള്ള നാലാമത്തെ ചോദ്യം എന്തായിരുന്നെന്ന് ചോദിച്ച ചോദ്യകര്‍ത്താവിനുള്ള മറുപടി ബെഹ്‌റ ഒരു ചിരിയില്‍ ഒതുക്കി. പിന്നാലെ ഇന്റര്‍വ്യൂ ഈസ് ഓവര്‍ എന്ന് അദ്ദേഹം പറയുകയും ചെയ്തു.

കൃത്യമായ രീതിയില്‍ വേണ്ട ചോദ്യങ്ങള്‍ ചോദിച്ച് പ്രതികളെ കുടുക്കാന്‍ കഴിവുള്ള മികച്ച ഉദ്യോഗസ്ഥനാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ചോദ്യം ചെയ്യലിലൂടെ കുറ്റാരോപിതനെ കുടുക്കുന്ന രീതികളും അദ്ദേഹം വിശദീകരിച്ചു. സംശയിക്കപ്പെടുന്നവരെ കസ്റ്റഡിയില്‍ എടുത്താല്‍ പലതരം ചോദ്യം ചെയ്യല്‍ രീതികളുണ്ട്. അതിലൂടെ മൊഴിയിലെ വ്യത്യാസം കണ്ടുപിടിക്കാന്‍ സാധിക്കും.

ഒരൊറ്റ വ്യത്യാസം കണ്ടുപിടിച്ചാല്‍ അതില്‍ പിടിച്ച് മുന്നോട്ട് പോകാനാകുമെന്നും പൊലീസ് മേധാവി പറഞ്ഞു.ചില തരം തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ചോദ്യം ചെയ്യല്‍. കുറ്റാരോപിതന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണുകളിലേക്ക് നോക്കാതിരിക്കുക, കണ്ണടയ്ക്കുക, പ്രത്യേകതരം നോട്ടങ്ങള്‍ നോക്കുക, ഉമിനീരിറക്കുന്ന രീതി തുടങ്ങി സൂഷ്മമായ ചലനങ്ങളെല്ലാം നിരീക്ഷിച്ചാണ് പൊലീസ് കുറ്റാരോപിതനെ കുടുക്കുന്നത്. തനിക്കെതിരായി സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോളുകള്‍ കാണാറുണ്ടെന്നും അതിലെ ഹ്യൂമര്‍ ആസ്വദിക്കാറുണ്ടെന്നും ബെഹ്‌റ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here