മൂന്ന് മാസമായി ശമ്പളമില്ല; 900ത്തോളം തൊഴിലാളികള്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചു

മസ്‌കത്ത്: മൂന്ന് മാസമായി ശമ്പളമില്ലാതെ ജോലിയെടുക്കേണ്ടി വന്ന ഇന്ത്യന്‍ തൊഴിലാളികള്‍ പരാതിയുമായി ഇന്ത്യന്‍ എംബസിയെ സമീപിച്ചു. ഒരു എന്‍ജിനീയറിംഗ് കമ്പനിയാണ് തൊഴിലാളികള്‍ക്ക് കൂലി നല്‍കാതെ മൂന്ന് മാസത്തോളം പണിയെടുപ്പിച്ചത്. എന്‍ജിനീയറിംഗ് കമ്പനിയില്‍ ഏപ്രില്‍ മാസം മുതല്‍ ശമ്പളം ലഭിക്കാതെയാണ് ജോലി ചെയ്യുന്നതെന്ന് 900ത്തോളം വരുന്ന തൊഴിലാളികള്‍ പറഞ്ഞു.
ഇന്ത്യന്‍ എംബസിയോടും ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയത്തോടും സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. ഉത്തരവാദപ്പെട്ട സ്ഥാപനവുമായി ചര്‍ച്ച നടക്കുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. ശമ്പളമോ ആവശ്യത്തിന് ഭക്ഷണോ ശുചീകരണ സൗകര്യങ്ങളോ ഇല്ലാതെയാണ് തങ്ങള്‍ കഴിയുന്നതെന്നും ശുചീകരണ സൗകര്യങ്ങളുടെ അഭാവം മൂലം ലേബര്‍ ക്യാമ്പിലെ ചില തൊഴിലാഴികള്‍ക്ക് പകര്‍ച്ചാ വ്യാധികള്‍ പിടിപെട്ടിട്ടുണ്ടെന്നും തൊഴിലാളികള്‍ പറഞ്ഞു.

പ്രശ്‌നം കമ്പനിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഉത്തരവാദപ്പെട്ട അധികാരികള്‍ പരിഹാരത്തിനായി ശ്രമിക്കുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി വക്താവ് അറിയിച്ചു. കോണ്‍സുലേറ്റ് അധികൃതര്‍ തൊഴിലാളികളുമായി സംസാരിച്ചിട്ടുണ്ടെന്നും സാധ്യമായതെല്ലാം എംബസി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വാടക നല്‍കാത്തതിനാല്‍ താമസസ്ഥലത്ത് നിന്ന് പുറത്താക്കുമോ എന്ന ആശങ്കയിലാണ് തൊഴിലാളികള്‍.
പ്രശ്‌ന പരിഹാരത്തിന് എത്ര സമയമെടുക്കുമെന്ന് പറയാനാകില്ലെന്നും കഴിയുന്നത്ര വേഗത്തില്‍ പരിഹരിക്കാനാണ് എംബസി ശ്രമിക്കുന്നതെന്നും ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ എംബസി ശ്രദ്ധാലുവാണെന്നും എംബസി വക്താവ് പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങളെ കുറച്ച് ചര്‍ച്ച ചെയ്യാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം വിളിച്ചുചേര്‍ത്ത മീറ്റിംഗില്‍ തൊഴിലാളികള്‍ക്ക് മൂന്ന് മാസം ശമ്പളം നല്‍കാതിരുന്ന കമ്പനി പങ്കെടുത്തിരുന്നില്ല.

ഇന്ത്യന്‍ എംബസിയും മാനവ വിഭവശേഷി മന്ത്രാലയവും സമയബന്ധിതമായി ഇടപെടുകയും വേണ്ട നടപടികളെടുക്കുകയും ചെയ്യുന്നതിനാല്‍ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News