ബ്ലാസ്റ്റേഴ്‌സിന് പന്തുതട്ടാന്‍ മഞ്ചസ്റ്റര്‍ ഇതിഹാസം എത്തും; റെനിച്ചായന്‍ തന്ത്രങ്ങളുടെ പണിപ്പുരയില്‍

കൊച്ചി: ഐ എസ് എല്‍ ഓരോ സീസണ്‍ പിന്നിടുമ്പോഴും തിളക്കം വര്‍ദ്ധിക്കുകയാണ്. ഇന്ത്യന്‍ മണ്ണില്‍ പന്തുതട്ടാനെത്തുന്ന അത്ഭുത താരങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. ബ്രസീലിയന്‍ ഇതിഹാസങ്ങള്‍ മുതല്‍ ലോകത്തെ വിസ്മയിപ്പിച്ച താരങ്ങള്‍ വരെ കഴിഞ്ഞ മൂന്ന് സീസണുകളിലായി അണിനിരന്നു. അപ്പോഴും ബ്ലാസ്‌റ്റേഴ്‌സിന്റെ പാളയത്തില്‍ ലോകത്തെ ഞെട്ടിച്ച താരങ്ങളൊന്നും എത്തിയിരുന്നില്ല.

എന്നാല്‍ ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്തകളാണ് മഞ്ഞപ്പടയുടെ ക്യാംപില്‍ നിന്നും പുറത്തുവരുന്നത്. കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു ഇതിഹാസ താരം വരുന്നുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരവും ബള്‍ഗേറിയയുടെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരനുമായ ദിമിതര്‍ ബെര്‍ബറ്റോവ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജെഴ്‌സി അണിയാനെത്തുമെന്നാണ് സൂചന.


ബയെര്‍ ലെവര്‍ക്യൂസന്‍, ടോട്ടനം ഹോട്‌സ്പര്‍, മൊണാക്കോ തുടങ്ങിയ ക്ലബുകള്‍ക്കു വേണ്ടിയും മിന്നിതിളങ്ങിയിട്ടുള്ള ബെര്‍ബറ്റോവുമായി ഉടന്‍ തന്നെ അധികൃതര്‍ കരാറൊപ്പിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലാസ്‌റ്റേഴ്‌സിനായി അത്ഭുതം കാട്ടാനെത്തിയ പരിശീലകന്‍ റെനി മ്യൂലസ്‌റ്റൈന്റെ ബുദ്ധിയില്‍ വിരിഞ്ഞ തന്ത്രമാണ് ബെര്‍ബറ്റോവിനെ കേരളത്തിലെത്തിക്കുന്നതിനു പിന്നില്‍.

അലക്‌സ് ഫെര്‍ഗൂസനു കീഴില്‍ റെനിച്ചായന്‍ യുണൈറ്റഡ് സഹപരിശീലകനായിരുന്ന കാലത്ത് ടീമിലുണ്ടായിരുന്നു ബെര്‍ബറ്റോവ്. സെര്‍ബിയന്‍ ഡിഫന്‍ഡര്‍ നെമാഞ്ച ലാകിക് പെസിച്ചുമായിട്ടും ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തിയിട്ടുണ്ട്. ഇരുപത്തഞ്ചുകാരനായ പെസിച് ഇതിനു മുന്‍പ് ഓസ്ട്രിയന്‍ ലീഗിലാണ് കളിച്ചുകൊണ്ടിരുന്നത്.


ബെര്‍ബറ്റോവ് ആദ്യമായി കളിച്ച മേജര്‍ ക്ലബ് ജര്‍മനിയിലെ ബയെര്‍ ലെവര്‍ക്യൂസനാണ്. ലെവര്‍ക്യൂസനു വേണ്ടി 2002 ചാംപ്യന്‍സ് ലീഗ് ഫൈനലിലും കളിച്ച താരം ടോട്ടനം ഹോട്‌സ്പറിലൂടെയാണ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെത്തുന്നത്. 2008ല്‍ ടോട്ടനമില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയതോടെ ബെര്‍ബറ്റോവ് ഇതിഹാസങ്ങളുടെ നിരയിലേക്കുയര്‍ന്നു. ഓള്‍ഡ് ട്രാഫഡിലെ നാലു സീസണുകളില്‍ രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നേടി. 2010 11 സീസണില്‍ ലീഗിലെ ടോപ് സ്‌കോററുമായി. യുണൈറ്റഡിനു വേണ്ടി അന്‍പതു ഗോള്‍ തികച്ച അന്‍പതാമത്തെ കളിക്കാരനെന്ന ഖ്യാതിയും ബെര്‍ബറ്റോവ് സ്വന്തമാക്കിയിട്ടുണ്ട്.

പതിനെട്ടാം വയസ്സില്‍ ബള്‍ഗേറിയയ്ക്കു വേണ്ടി അരങ്ങേറിയ ബെര്‍ബറ്റോവ് രാജ്യത്തിന്റെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ്. 2004 യൂറോ ചാംപ്യന്‍ഷിപ്പിലും ദേശീയ ടീം ജഴ്‌സിയണിഞ്ഞു. 2006 മുതല്‍ 2010 വരെ ടീമിന്റെ നായകനായി. 78 കളികളില്‍ 48 ഗോളുകളുമായി ബള്‍ഗേറിയയുടെ എക്കാലത്തെയും ടോപ് സ്‌കോററാണ് താരം. എന്തായാലും താരം മഞ്ഞപ്പടയ്ക്കുവേണ്ടി ബൂട്ടുകെട്ടിയാല്‍ അത് മലയാളക്കരയ്ക്ക് അഭിമാനമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here