പശുവിനുള്ള പരിരക്ഷ പോലും മനുഷ്യകുഞ്ഞുങ്ങള്‍ക്കില്ല; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വയ്ക്കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഗോരഖ് പൂരില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഓക്‌സിജന്‍ മുടങ്ങിയതിനെ തുടര്‍ന്ന് 63 കുഞ്ഞുങ്ങള്‍ മരിച്ചെന്ന റിപ്പോര്‍ട്ട് ആണ് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. ഗുരുതരമായ വീഴ്ചയാണ് ഉത്തര്‍പ്രദേശിലെ ആരോഗ്യവകുപ്പില്‍ സംഭവിച്ചിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പശുവിനുള്ള പരിരക്ഷ പോലും മനുഷ്യകുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ഈ സംഭവത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് ശരിയല്ല. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ദുരന്തം സംഭവിച്ച ബി ആര്‍ ഡി ആശുപത്രി സന്ദര്‍ശിക്കണം. ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണം ചെയ്യുന്ന ഏജന്‍സിക്ക് പണം നല്‍കാനുണ്ടെന്നും ഓഗസ്റ്റ് 10 വരെ ആവശ്യമുള്ള സിലണ്ടറുകള്‍ ആശുപത്രിയില്‍ ഇല്ലെന്നും കത്ത് നല്‍കിയിട്ടും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല.

ജില്ലാ സംസ്ഥാന ഭരണകൂടങ്ങള്‍ ഗോരഖ് പൂരില്‍ എന്തു ചെയ്യുകയാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. രാജ്യത്തെ ഞെട്ടിച്ച സംഭവം ലഘൂകരിച്ചു കാണാനാണ് യുപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് കൂടി ആയിരുന്ന വീര്‍ ബഹാദൂര്‍ സിംഗ് മുഖ്യമന്ത്രി ആയിരിക്കെ നേടിയ വികസനത്തെക്കാള്‍ ഒരിഞ്ച് പോലും ഗോരഖ് പൂര്‍ മുന്നോട്ടു നീങ്ങിയിട്ടില്ല. ഒന്നര ദശാബ്ദമായി ഗോരഖ് പൂരില്‍ നിന്നുള്ള ലോക്‌സഭാ പ്രതിനിധി യോഗി ആദിത്യനാഥ് ആണ്. മാത്രമല്ല ബി ആര്‍ ഡി ആശുപത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിച്ച ദിവസം തന്നെ 9 മരണം സംഭവിച്ചിരുന്നു. വിളിച്ചു വരുത്തിയ ദുരന്തത്തില്‍ നിന്നും ഓടിയൊളിക്കാനാവില്ല. എത്രയും വേഗം യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News