ഭിന്നമല്ല ഞങ്ങളുടെ ലിംഗം; തല ഉയര്‍ത്തി ജീവിക്കണം

സ്വത്വബോധം തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ജീവിക്കണമെന്ന് നിശ്ചയിച്ചത് 15 വര്‍ഷംമുമ്പാണ്. അന്ന് സമൂഹം ഞങ്ങളെക്കുറിച്ച് തീര്‍ത്തും അജ്ഞരായിരുന്നു. കുടുംബാംഗങ്ങള്‍ക്കുപോലും ഇതുമായി ഒട്ടും പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. എതിര്‍പ്പ് ഓരോ ദിവസവും രൂക്ഷമായി. ഇതൊരു ഭ്രാന്ത് എന്ന നിലയിലാണ് അവരെല്ലാം കണ്ടത്. ഡോക്ടര്‍മാര്‍പോലും അങ്ങനെ ചിന്തിച്ചു. നാടുവിടുക, ആത്മഹത്യ ചെയ്യുക എന്നീ രണ്ട് വഴിമാത്രമാണ് മുന്നിലുണ്ടായിരുന്നത്. അന്ന് തീര്‍ത്തും ഒറ്റപ്പെട്ട പോരാട്ടമായിരുന്നു. സമൂഹമില്ല, സര്‍ക്കാരില്ല, കുടുംബമില്ല. മുന്നിലും പിന്നിലും ആരുമില്ല. എന്റെ കമ്യൂണിറ്റിയില്‍ ഉള്ളവര്‍തന്നെ എന്നെ കാണുമ്പോള്‍ ഓടുമായിരുന്നു. എന്നോട് കൂട്ടുകൂടിയാല്‍ മറ്റുള്ളവരുടെ മുന്നില്‍ നാണക്കേടാകുമെന്നായിരുന്നു ചിന്ത. അവര്‍ സമൂഹത്തില്‍ ഒളിച്ചുജീവിക്കുകയായിരുന്നു.

2005ല്‍ സാരിയുടുത്ത് നഗരത്തിലിറങ്ങിയ എന്നെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍വേഷംകെട്ടി ആളുകളെ പറ്റിക്കുന്നു, പൊതുജനങ്ങള്‍ക്ക് ശല്യമാകുന്നു തുടങ്ങിയ കുറ്റമാണ് ആരോപിച്ചത്. തിരുവനന്തപുരം നഗരത്തിലെ പ്രധാന സ്റ്റേഷനില്‍ കൊണ്ടുപോയി. അന്വേഷിച്ചെത്തിയ വീട്ടുകാരോട് ഇതിനെ കൊന്നുകളഞ്ഞൂടേ എന്നാണ് ഒരു പൊലീസുകാരന്‍ ചോദിച്ചത്. ഇതിലും വലിയ വലിയ പീഡനങ്ങള്‍ അനുഭവിച്ചവര്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ട്.

ഈ അവസ്ഥ അതിജീവിച്ച്, എന്റെ നാട്ടില്‍ എല്ലാ അവകാശങ്ങളോടെയും ജീവിക്കണം എന്നുറപ്പിച്ചു. എന്തിന്റെ പേരിലാണ് എന്നെ മാറ്റിനിര്‍ത്തുന്നത്് എന്ന ചോദ്യമാണ് ഉന്നയിച്ചത്. എന്റെ ലിംഗാവസ്ഥ ചോദ്യംചെയ്യാന്‍ മറ്റുള്ളവര്‍ക്ക് എന്തവകാശമാണുള്ളത്. എന്റെ ലിംഗം ഏതെന്ന് മറ്റുള്ളവര്‍ നിശ്ചയിക്കേണ്ടതില്ല. അത് എന്റെ വിവേചനാധികാരമാണ്. വസ്ത്രധാരണം തീരുമാനിക്കാനുള്ള അവകാശം ഭരണഘടന ഓരോ പൌരനും നല്‍കുന്നു. ഒരാളുടെ വസ്ത്രധാരണത്തെ ചോദ്യംചെയ്യാന്‍ ആര്‍ക്കും—അവകാശമില്ല. മേല്‍മുണ്ട് ധരിക്കാനാകാത്ത സ്ത്രീകള്‍ അതിനുള്ള അവകാശം പോരാട്ടത്തിലൂടെ നേടിയെടുത്ത ചരിത്രം നമുക്കുണ്ട്. അതുപോലെ അവകാശങ്ങള്‍ക്കായി ട്രാന്‍സ്ജന്‍ഡേഴ്സ് പോരാടണം. ആ സമരത്തിലൂടെ ഇനിവരുന്ന ഞങ്ങളുടെ കൂട്ടര്‍ക്ക് ഉന്നമനം ഉണ്ടാകണമെന്ന് തീരുമാനിച്ചു. അതിനായി പ്രവര്‍ത്തിച്ചു.

ഇന്നും ഞങ്ങളുടെ അവസ്ഥയ്ക്ക് വലിയ മാറ്റമുണ്ടായി എന്നു പറയാന്‍ കഴിയില്ല. കുറച്ചുപേര്‍മാത്രമാണ് ഞങ്ങളെ അംഗീകരിക്കുന്നത്. സമൂഹത്തിലെ വലിയൊരു പങ്കും കൌതുകത്തോടെ കാണുന്നു. എന്റെ കുട്ടി ട്രാന്‍സ്ജന്‍ഡറാണെന്ന് പറയാന്‍ രക്ഷിതാക്കള്‍ക്ക് ധൈര്യമില്ല. അങ്ങനെ പറയുന്നതരത്തില്‍ മാറ്റമുണ്ടാകണം. മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ലെന്ന് ഞങ്ങളെക്കുറിച്ച് പൊതുസമൂഹം ചിന്തിക്കുന്ന കാലത്തുമാത്രമേ മാറ്റമുണ്ടായി എന്നു പറയാനാകൂ.

ട്രാന്‍സ്ജന്‍ഡേഴ്സിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഏറെ പ്രയത്നിച്ചു. സ്വത്വം തെളിയിക്കുന്നതില്‍ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകമായി. പലതരം കൂട്ടായ്മകളിലൂടെയാണ് കേരളത്തിലെ ട്രാന്‍സ്ജന്‍ഡേഴ്സിനെ ഒരുമിച്ചുകൊണ്ടുവന്നത്. വിപരീതസാഹചര്യത്തില്‍ സ്വത്വമനുസരിച്ച് എങ്ങനെ നല്ല രീതിയില്‍ ജീവിക്കണമെന്ന് ഓരോരുത്തരെയും പഠിപ്പിച്ചുകൊടുക്കുകയാണ്. ട്രാന്‍സ്ജന്‍ഡര്‍ പോളിസി നിലവില്‍വന്നതുപോലും അറിയാത്ത നിരവധിപേര്‍ ഇക്കൂട്ടത്തിലുണ്ട്. നിരക്ഷരരും സ്വത്വം വെളിപ്പെടുത്താന്‍ മടിക്കുന്നവരും ഇന്നും നിരവധി. എന്നാല്‍, സ്വത്വം വെളിപ്പെടുത്തിയവരുടെ കണക്കുനോക്കിയാല്‍ ക്യാനഡയ്ക്കുപിന്നില്‍ കേരളം ലോകത്ത് രണ്ടാമതാണെന്ന കാര്യം പ്രതീക്ഷ നല്‍കുന്നു.

അനുകമ്പ തോന്നി ആരും ഞങ്ങള്‍ക്ക് ഒന്നും തന്നിട്ടില്ല. പോരാടി നേടിയെടുത്തതാണ് അവകാശങ്ങള്‍. ഞങ്ങള്‍ ആവശ്യപ്പെടുന്നത് അത്യാവശ്യങ്ങളാണ്. ഒരു വ്യക്തി എന്ന നിലയില്‍ ആണിനും പെണ്ണിനും ഉള്ള എല്ലാ അവകാശങ്ങളും ഞങ്ങള്‍ക്കും വേണം. അങ്ങനെ തുല്യത ലഭിക്കണം. എന്നാലും പോരാട്ടം അവസാനിക്കുന്നില്ല. ആ തുല്യത നിലനിര്‍ത്താന്‍ പോരാടും. പുതുതായി ഞങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും സൃഷ്ടിക്കണമെന്ന് നിര്‍ബന്ധിക്കുന്നില്ല. നിലവിലെ സൌകര്യങ്ങളില്‍ ഞങ്ങളെയും ഉള്‍ക്കൊള്ളിക്കണം. ഞങ്ങളെ അംഗീകരിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ജീവിക്കണം. ട്രാന്‍സ്ജന്‍ഡര്‍ എന്ന നിലയില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ജീവിക്കുകയല്ല വേണ്ടത്. സ്വന്തം നാട്ടില്‍ കുടുംബത്തിനൊപ്പം കഴിഞ്ഞ് എല്ലാ അവകാശങ്ങളും അനുഭവിക്കുന്ന അവസ്ഥയുണ്ടാകണം.

പുതിയ സര്‍ക്കാര്‍ വന്നശേഷം ഞങ്ങള്‍ക്ക് നല്ല പരിഗണന കിട്ടുന്നു. സിപിഐ എം പഠന കോണ്‍ഗ്രസിലും എല്‍ഡിഎഫ് പ്രകടനപത്രികയിലും ഞങ്ങളെ പരിഗണിച്ചത് ഏറെ സന്തോഷം നല്‍കി. ഈ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ഞങ്ങള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. അത് ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന് ഉപകാരപ്പെടാന്‍ കഠിനമായി പ്രവര്‍ത്തിക്കണം. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന. നട്ടെല്ലുള്ള ഈ സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്.

സര്‍ക്കാര്‍ ഓഫീസുകള്‍ ട്രാന്‍സ്ജന്‍ഡര്‍ ഫ്രണ്ട്ലിയാകണം. അംഗീകാരം ലഭിക്കുകയെന്നത് ഞങ്ങളുടെ അവകാശമാണ്. അത് ആരുടെയും ഔദാര്യമല്ല. ഓരോ സര്‍ക്കാര്‍വകുപ്പും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. സര്‍ക്കാര്‍ താല്‍പ്പര്യമെടുത്ത് ട്രാന്‍സ്ജന്‍ഡേഴ്സിനെക്കുറിച്ച് ബോധവല്‍ക്കരണത്തിന് ആവശ്യമായ പ്രചാരണംനടത്തണം.ഭിന്നലിംഗക്കാര്‍ എന്നാണ് ഞങ്ങളെ മാധ്യമങ്ങള്‍ പരാമര്‍ശിക്കുന്നത്. ഇത് ശരിയല്ല. എന്തിന്റെ പേരിലാണ് ഞങ്ങളെ ഭിന്നിപ്പിക്കുന്നത്. ഭിന്നമെന്ന ഒരു ലിംഗം ഞങ്ങള്‍ക്കില്ല. ട്രാന്‍സ്ജന്‍ഡേഴ്സ് എന്നതിനുപകരം സഭ്യമായ ഒരു വാക്ക് മലയാളത്തിലില്ല. ഞങ്ങള്‍ക്ക് ആണ്‍, പെണ്‍ എന്നീ ലിംഗങ്ങളില്‍ ഒന്നുണ്ട് എന്നാണ് പൊതുസമൂഹത്തോട് പറയാനുള്ളത്.

മുളയിലേ ഞങ്ങളെ നുള്ളരുത്. ഞങ്ങള്‍ക്കും കഴിവുകളുണ്ട്. അത് പുറത്തുകൊണ്ടുവരാന്‍ ഞങ്ങള്‍ക്കൊപ്പം കൈകോര്‍ക്കണം. സാധാരണ മനുഷ്യരായി ഞങ്ങളെയും കാണൂ. ഏതു കുടുംബത്തിലും ഇങ്ങനെയൊരാള്‍ ജനിക്കാം. അവരെ കുടുംബാംഗമായിത്തന്നെ ഉള്‍ക്കൊണ്ട് വളര്‍ത്തുക, കൂടെ ജീവിക്കാന്‍ അനുവദിക്കുക

ഒപ്പം നിര്‍ത്തി സംസ്ഥാന  സര്‍ക്കാര്‍
ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്ജന്‍ഡര്‍ നയം രൂപീകരിച്ച സംസ്ഥാനമാണ് കേരളം. നയരൂപീകരണത്തിനുശേഷവും ഇഴഞ്ഞുനീങ്ങിയ ഈ രംഗത്തെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സജീവമായത്എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷമാണ്.

* ബജറ്റില്‍ പത്തുകോടി രൂപ ട്രാന്‍സ്ജന്‍ഡേഴ്സിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവച്ചു. സംസ്ഥാനചരിത്രത്തില്‍ ആദ്യം.
* തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ആരംഭിച്ചു.
* കൊച്ചി മെട്രോയില്‍ 23 പേര്‍ക്ക് യോഗ്യതയനുസരിച്ച് വിവിധ തസ്തികകളില്‍ ജോലി.
* തിരുവനന്തപുരത്ത് ട്രാന്‍സ്ജന്‍ഡര്‍ കായികമേള സംഘടിപ്പിച്ചു.
* ട്രാന്‍സ്ജന്‍ഡേഴ്സ്മാത്രം അംഗങ്ങളായുള്ള കുടുംബശ്രീ യൂണിറ്റുകള്‍ ആരംഭിച്ചു.
* കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രത്യേക സൌകര്യം.
* സര്‍ക്കാര്‍ നിയമനത്തില്‍ മുന്‍ഗണന.
* അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രവേശനത്തിന് പ്രത്യേക പരിഗണന.
* സ്വയംതൊഴില്‍ കണ്ടെത്താന്‍ എല്ലാ ജില്ലയിലും ഫോര്‍വീല്‍ ഡ്രൈവിങ് പരിശീലനം.
* സാക്ഷരതാമിഷന്‍ നേതൃത്വത്തില്‍ ട്രാന്‍സ്ജന്‍ഡര്‍മാര്‍ക്കിടയില്‍ സര്‍വേ നടത്തി പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കായി തുടര്‍വിദ്യാഭ്യാസ പരിപാടി.
* ട്രാന്‍സ്ജന്‍ഡര്‍ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി അധ്യാപകര്‍ക്കും പൊലീസിനും ആരോഗ്യവകുപ്പിനുമായി ഈ വിഷയത്തില്‍ സംസ്ഥാന-ജില്ലാ തലങ്ങളില്‍ വിപുലമായ ശില്‍പ്പശാലകള്‍.
* തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതി.
* സംസ്ഥാനതല ട്രാന്‍സ്ജന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡില്‍ ട്രാന്‍ജന്‍ഡറിന് അംഗത്വം.

ഉടന്‍ നടപ്പാക്കുന്നത്
* ട്രാന്‍സ്ജന്‍ഡര്‍മാര്‍ക്ക്—ഇന്‍ഷുറന്‍സ് പദ്ധതി.
*  സംസ്ഥാനത്ത് എല്ലാ ജില്ലയിലും താമസസൌകര്യം.
*  ലിംഗമാറ്റ—ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് ശസ്ത്രക്രിയ തീയതിമുതലും അല്ലാത്തവര്‍ക്ക് 60 വയസ്സ് പിന്നിടുന്നമുറയ്ക്കും പെന്‍ഷന്‍.
* നിയമസഹായം നല്‍കാന്‍— ട്രാന്‍സ്ജന്‍ഡര്‍ പ്രതിനിധിയും ആഭ്യന്തര, നിയമ വകുപ്പുകളിലെയും സാമൂഹ്യനീതിവകുപ്പിലെയും പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന കമ്മിറ്റി.
* ബസ് സ്റ്റേഷനുകളിലും മറ്റും ട്രാന്‍സ്ജന്‍ഡര്‍മാര്‍ക്കായി ടോയ്ലെറ്റ് നിര്‍മിക്കുന്നു. എല്ലാ സര്‍ക്കാര്‍കെട്ടിടത്തിലും ഇവര്‍ക്ക് പ്രത്യേക ശുചിമുറി വേണമെന്ന നിബന്ധന കൊണ്ടുവരും.
* വാസസ്ഥലമില്ലാത്ത ട്രാന്‍സ്ജന്‍ഡര്‍മാരെ സര്‍ക്കാരിന്റെ പാര്‍പ്പിടപദ്ധതിയായ ലൈഫില്‍ ഉള്‍പ്പെടുത്തും.
*  ട്രാന്‍സ്ജന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡുള്ളവരെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും.
* കൂടുതല്‍ മെഡിക്കല്‍ കോളേജുകളില്‍ ശസ്ത്രക്രിയ സൗകര്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News