മൂന്നാം ടെസ്റ്റിലും ഇന്ത്യന്‍ ആധിപത്യം; ധവാന് സെഞ്ചുറി; രാഹുലിന് അപൂര്‍വ്വ റെക്കോര്‍ഡ് - Kairalinewsonline.com
Cricket

മൂന്നാം ടെസ്റ്റിലും ഇന്ത്യന്‍ ആധിപത്യം; ധവാന് സെഞ്ചുറി; രാഹുലിന് അപൂര്‍വ്വ റെക്കോര്‍ഡ്

123 പന്തില്‍ നിന്ന് 17 ഫോറുകള്‍ സഹിതമായിരുന്നു ധവാന്റെ ഇന്നിങ്‌സ്

പല്ലേക്കലെ: ഓപ്പണര്‍ ശിഖര്‍ ധവാന്റെ സെഞ്ചുറിയുടെയും ലോകേഷ് രാഹുലിന്റെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ ശ്രീലങ്കയ്‌ക്കെതിരായ മുന്നാം ടെസ്റ്റിലും ഇന്ത്യ ആധിപത്യം നേടി. ഓപ്പണര്‍മാര്‍ നില്‍കിയ ഗംഭിര തുടക്കം മധ്യ നിര കളഞ്ഞു കുളിച്ചെങ്കിലും ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ആറിന് 329 റണ്‍സെന്ന നിലയില്‍ ആണ്. ഒന്നാം വിക്കറ്റില്‍ ധവാന്‍ രാഹുല്‍ സഖ്യം 188 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്.


കരിയറിലെ ഏഴാമത്തെയും പരമ്പരയിലെ രണ്ടാമത്തെയും സെഞ്ച്വറിയുമായി ശിഖര്‍ ധവാന്‍ കളം നിറഞ്ഞു. 119 റണ്‍സാണ് ധവാന്‍ സ്വന്തമാക്കിയത്. 123 പന്തില്‍ നിന്ന് 17 ഫോറുകള്‍ സഹിതമായിരുന്നു ധവാന്റെ ഇന്നിങ്‌സ്. 85 റണ്‍സെടുത്ത ലോകേഷ് രാഹുല്‍ ധവാനൊത്ത പങ്കാളിയായി. തുടര്‍ച്ചയായി ഏഴ് അര്‍ദ്ധ സെഞ്ച്വറികളെന്ന ക്ലബ്ബിലേക്ക് പ്രവേശിച്ചാണ് രാഹുല്‍ കളം വിട്ടത്. ഒരു ഇന്ത്യന്‍ താരം ആദ്യമായാണ് ഇത്തരത്തില്‍ ഒരു റെക്കോര്‍ഡ് സ്വന്തമാക്കിയത്.


പുഷ്പകുമാരയാണ് രണ്ടു പേരെയും പുറത്താക്കിയത്. എന്നാല്‍ പിന്നീട് വന്നവര്‍ക്ക് പിഴച്ചത് തിരിച്ചടിയായി. നായകന്‍ വിരാട് കോഹ്ലി(42)യും അശ്വിനും (31) സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചെങ്കിലും അധികം മുന്നോട്ടുപോയില്ല. കഴിഞ്ഞ കളികളിലെ സെഞ്ച്വറി വീരന്മാരായ പുജാര(8) രഹാനെ(17) എന്നിവര്‍ വേഗത്തില്‍ പുറത്തായി. കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ സാഹയും(13) ഹര്‍ദ്ദിക്ക് പാണ്ഡ്യയുമാണ് ക്രീസില്‍.

മൂന്നു വിക്കറ്റ് വീഴ്ത്തിയ പുഷ്പകുമാര, രണ്ടു വിക്കറ്റ് വീഴ്ത്തിയ സണ്ടാകന്‍, അശ്വിനെ മടക്കിയ ഫെര്‍ണാണ്ടോ എന്നിവരാണ് ഇന്ത്യന്‍ മുന്നേറ്റത്തിന് കടിഞ്ഞാണിട്ടത്.

To Top