ഉത്തരകൊറിയ അമേരിക്ക പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ചൈന; ഇന്ത്യ ഇടപെടണമെന്ന് അമേരിക്ക - Kairalinewsonline.com
Featured

ഉത്തരകൊറിയ അമേരിക്ക പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ചൈന; ഇന്ത്യ ഇടപെടണമെന്ന് അമേരിക്ക

അമേരിക്കന്‍ പസഫിക് കമാന്‍ഡ് തലവന്‍ അഡ്മിറല്‍ ഹാരി ഹാരിസാണ് ഇന്ത്യ നയം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്

വാഷിങ്ടണ്‍; ഉത്തരകൊറിയയുമായുള്ള പ്രശ്‌നങ്ങളുടെ തീവ്രത കുറയ്ക്കുന്നത് പ്രധാനവിഷയമായി കാണണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍സംഭാഷണത്തില്‍ വ്യക്തമാക്കി. ഉത്തരകൊറിയന്‍ ഉപദ്വീപിനെ ആണവായുധമുക്തമാക്കുന്നത് അമേരിക്കയ്ക്കും ചൈനയ്ക്കും ഒരേപോലെ ഉപകാരപ്പെടുമെന്നും പരസ്പരബഹുമാനം നിലനിര്‍ത്തിക്കൊണ്ട് വേഗത്തില്‍ പരിഹാരത്തിലെത്താന്‍ ചൈന സഹകരിക്കുമെന്നുമാണ് ഷി ജിന്‍പിങ് പറഞ്ഞത്. ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് മിസൈല്‍ പരീക്ഷണങ്ങളടക്കമുള്ള പ്രകോപനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരകൊറിയക്കുനേരെ യുദ്ധത്തിന് അമേരിക്ക സജ്ജമാണെന്ന് കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. നയതന്ത്രബന്ധം തുടരുമ്പോഴും സൈന്യം തയ്യാറായിരിക്കുകയാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും പറഞ്ഞു. ഉത്തരകൊറിയയെ ഭയപ്പെടുത്തി പരിഹാരം കണ്ടെത്താനാണ് അമേരിക്കന്‍നീക്കം. അമേരിക്കയ്‌ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ ഉത്തരകൊറിയക്ക് ഏറെ ദുഃഖിക്കേണ്ടിവരുമെന്ന് ട്രംപ് മുമ്പ് പ്രതികരിച്ചിരുന്നു. ഗുവാമിലെ യുഎസ് താവളത്തിലേക്ക് മിസൈല്‍ തൊടുക്കുമെന്ന് ഉത്തരകൊറിയ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഗുവാം സുരക്ഷിതമാണെന്ന് ഗവര്‍ണര്‍ എഡ്ഡി കാല്‍വോയെ ട്രംപ് ഫോണില്‍ അറിയിച്ചു.

അതേസമയം, ഉത്തരകൊറിയയുമായുള്ള പ്രശ്‌നങ്ങളില്‍ ഇന്ത്യ ഇടപെടണമെന്ന് അമേരിക്കന്‍ കമാന്‍ഡര്‍ പറഞ്ഞു. അമേരിക്കന്‍ പസഫിക് കമാന്‍ഡ് തലവന്‍ അഡ്മിറല്‍ ഹാരി ഹാരിസാണ് ഇന്ത്യ നയം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്. ഇന്ത്യയുടേത് ഉറച്ച ശബ്ദമാണ്. പരിഹാരത്തിന് അത് സഹായിക്കും എന്ന് ഹാരിസ് പറഞ്ഞു. അമേരിക്കയുമായുള്ള ബന്ധത്തില്‍ വിള്ളല്‍വീണ സാഹചര്യത്തില്‍ ഇത് രാജ്യത്തെ എത്രത്തോളം ബാധിക്കുമെന്ന് ഉത്തരകൊറിയയെ ഇന്ത്യ മനസ്സിലാക്കിക്കൊടുക്കണമെന്നാണ് അമേരിക്കന്‍ നിലപാട്. എന്നാല്‍, ഉത്തരകൊറിയ തുടങ്ങിവച്ച പ്രശ്‌നങ്ങള്‍ അവര്‍തന്നെ പരിഹരിക്കണമെന്ന നിലപാടിലാണ് ബ്രിട്ടന്‍.

To Top