പ്രായമായാല്‍ ഒതുങ്ങികൂടാം എന്ന് ചിന്തിക്കുന്നവര്‍ക്കായി; ജോലിയില്‍ നിന്ന വിരമിച്ച ശേഷം പാടത്ത് പൊന്നുവിളയിച്ച ഏട്ടംഗസംഘം

ഇടുക്കി; കൂട്ടുകൃഷിയിലൂടെ നേട്ടം കൈവരിച്ച് മാതൃകയാവുകയാണ് ഒരു കൂട്ടം കാരണവന്‍മാര്‍. ഔദ്യോഗിക ജോലിയില്‍ നിന്ന് വിരമിച്ച എട്ടംഗ സംഘം ഭൂമി പാട്ടത്തിനെടുത്താണ് , തൊടുപുഴ മുതലക്കോടത്ത് കൃഷിയിറക്കിയിരിക്കുന്നത്.

പ്രായമായി ഇനി ഒതുങ്ങിക്കൂടാം എന്നല്ല, കാര്‍ഷികവൃത്തിയില്‍ വിപ്ലവം രചിക്കാമെന്നാണ് അധ്യാപകനായിരുന്ന പീറ്ററും ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന സേവ്യറും ഉള്‍പ്പെടെയുള്ള എട്ടംഗ സംഘം തീരുമാനിച്ചത്. നാല് ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് ഇവര്‍ കൃഷി ചെയ്യുന്നത്.

നെല്ല്, വാഴ ,കപ്പ, കൂര്‍ക്കിള്‍, ഇഞ്ചി, ചേന, ചേമ്പ് തുടങ്ങി വിവിധ വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. രക്തശാലി, കുഞ്ഞൂഞ്ഞ് എന്നീ നെല്ലിനങ്ങളാണ് പ്രധാനമായും കൃഷി. രാവിലെ മുതല്‍ നേരം ഇരുട്ടും വരെ വയലിലും സമീപത്തെ പറമ്പിലും ചെലവഴിക്കുന്ന ഇവര്‍ക്ക്, ഇത് സാമ്പത്തിക വരുമാനത്തേക്കാള്‍ മാനസിക, ശാരീരിക ഉല്ലാസം കൂടിയാണ്.

കൃഷി വകുപ്പില്‍ നിന്ന് സഹായം ലഭിക്കുകയാണെങ്കില്‍ കൃഷി വ്യാപിപ്പിക്കണമെന്നതാണ് ഇവരുടെ ആഗ്രഹം. കഴിഞ്ഞ രണ്ട് വര്‍ഷവും ലഭിച്ച മികച്ച വിളവിന്റെ പിന്‍ബലത്തിലാണ് ഇത്തവണയും കൃഷിയിറക്കിയിരിക്കുന്നത്. തരിശായി കിടന്ന വയലില്‍ പൊന്ന് വിളയിച്ച് ഇവര്‍ മഹത്തായൊരു മാതൃക സൃഷ്ടിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here