പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു; മരിച്ചത് എയര്‍ഗണ്ണില്‍ നിന്നുള്ള വെടിയേറ്റ് - Kairalinewsonline.com
Just in

പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു; മരിച്ചത് എയര്‍ഗണ്ണില്‍ നിന്നുള്ള വെടിയേറ്റ്

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു. പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാസിനാണ് (21) മരിച്ചത്. മാനത്തുമംഗലം സ്വദേശിയാണ് മരിച്ച മാസിന്‍. എയര്‍ഗണ്ണില്‍ നിന്നുള്ള വെടിയേറ്റാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴുത്തിന്റെ പിറകിലാണ് വെടിയേറ്റത്.

സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊക്കിനെ വെടിവെയ്ക്കുന്നതിനിടെ വെടിയേറ്റുവെന്നായിരുന്നു ഇവരില്‍ നിന്ന് ലഭിച്ച വിവരമെന്നാണ് സൂചന. ഇരുവരും മാസിന്റെ സുഹൃത്തുക്കളാണ്.

കഴുത്തിന് വെടിയേറ്റ യുവാവിനെ ചോരയില്‍ക്കുളിച്ച നിലയില്‍ ഞായറാഴ്ച വൈകിട്ടാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചവരെക്കുറിച്ച് വിവരമില്ല.

ബൈക്കില്‍ രണ്ടുപേര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. എന്നാല്‍ പിന്നീട് ഇരുവരും ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ആശുപത്രിലെത്തുന്നതിന് മുമ്പുതന്നെ യുവാവ് മരിച്ചിരുന്നുവെന്നാണ് ഡോക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന വിവരം.

To Top