സിപി ഐ എമ്മിനെതിരെ കളളപ്രചരണം; ജനാധിപത്യ അവകാശങ്ങളുടെ ലംഘനങ്ങളുമായി പാര്‍ലമെന്റ് സമ്മേളനം:പി കരുണാകരൻ എം. പി

പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിന് തിരശ്ശീല വീഴുമ്പോള്‍ ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ് സഭയില്‍ പലപ്പോഴും അരങ്ങേറിയത്. മറ്റ് വിഷയങ്ങള്‍ക്കപ്പുറം കേരളസര്‍ക്കാരിനെയും സിപിഐ എമ്മിനെയും തുടര്‍ച്ചയായി വിമര്‍ശിക്കാനും അപവാദം പ്രചരിപ്പിക്കാനുമാണ് ബിജെപി ബോധപൂര്‍വം ശ്രമിച്ചത്. ഇതില്‍ അവരുടെ പ്രധാനപ്പെട്ട ലക്ഷ്യം കേരളത്തിലെ സര്‍ക്കാരും പാര്‍ടിയുമായിരുന്നു.

പാര്‍ലമെന്റില്‍ സാധാരണനിലയില്‍ ശൂന്യവേളയില്‍ രാജ്യത്തിലെ പൊതു പ്രാധാന്യമുള്ള വിഷയങ്ങളാണ് സ്പീക്കര്‍ അനുവദിക്കാറുള്ളത്. അതും രണ്ടോ മൂന്നോ മിനിറ്റുമാത്രം. ഈ പ്രാവശ്യം ബിജെപിയിലെ പ്രഹ്‌ളാദ് ജോഷിയും മീനാക്ഷി ലേഖിയും അരമണിക്കൂറോളമാണ് കേരളസര്‍ക്കാരിനും സിപിഐ എമ്മിനുമെതിരെ കള്ളപ്രചാരവേല നടത്താന്‍ സഭാതലം ഉപയോഗിച്ചത്. സാധാരണനിലയില്‍ ഒരു വിഷയം ഒരാള്‍ അവതരിപ്പിച്ചാല്‍ മറ്റൊരാള്‍കൂടി നോട്ടീസ് കൊടുത്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സംസാരിക്കാന്‍ സമയം കൊടുക്കാറില്ല.

ആ വിഷയത്തില്‍ പിന്തുണയ്ക്കാന്‍മാത്രമേ അധികാരമുള്ളൂ. ഈ കീഴ്വഴക്കങ്ങളും റൂള്‍സ് ഓഫ് പ്രൊസീജറും പൂര്‍ണമായും ലംഘിച്ചാണ് സ്പീക്കര്‍ രണ്ടുപേര്‍ക്കും സംസാരിക്കാന്‍ അനുവാദം നല്‍കിയത്. പാര്‍ലമെന്റ് വേദിയെ സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നിര്‍ഭാഗ്യവശാല്‍ സ്പീക്കര്‍കൂടി കൂട്ടുനില്‍ക്കുകയായിരുന്നു.

ആ സമയത്തുതന്നെ സിപിഐ എം അംഗങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ത്തു. അടുത്തദിവസം ഈ വിഷയത്തില്‍ അടിയന്തരപ്രമേയം നല്‍കിയെങ്കിലും അനുവദിച്ചില്ല. തുടര്‍ന്ന് ശൂന്യവേളയില്‍ ഈ ലേഖകന് സംസാരിക്കാന്‍ 2 മിനിറ്റുമാത്രമാണ് നല്‍കിയത്. ആ സമയത്ത് സര്‍ക്കാര്‍പക്ഷം തുടര്‍ച്ചയായി ബഹളംവച്ചു. തുടര്‍ന്ന് സഭ’നിര്‍ത്തിവച്ച് വീണ്ടും അരമണിക്കൂര്‍ കഴിഞ്ഞ്‌ചേര്‍ന്നപ്പോള്‍ സംസാരിക്കാന്‍ അനുവാദം നല്‍കിയില്ല.

ഇടതുപക്ഷ എംപിമാര്‍ നടത്തിയ ശക്തമായ സമരത്തിന്റെ ഭാഗമായി സംസാരിക്കാനുള്ള അനുവാദം നേടിയെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയെയും പാര്‍ടി സെക്രട്ടറിയെയും കേരളത്തിലെ മന്ത്രിമാരെയും മറ്റ് നേതാക്കളെയും അധിക്ഷേപിച്ച് പറഞ്ഞ കാര്യങ്ങള്‍ സഭാരേഖകളില്‍നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടു. അതോടൊപ്പം അവര്‍ ഉന്നയിച്ച കള്ളപ്രചാരവേലകള്‍ സഭയില്‍ തുറന്നുകാട്ടപ്പെട്ടു.

രേഖയില്‍ വന്ന തെറ്റായ കാര്യങ്ങള്‍ നീക്കുമെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു. കേരളത്തില്‍ മെഡിക്കല്‍ കോളേജ് കോഴയുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് അവര്‍ പാര്‍ലമെന്റ് വേദിയെ ദുരുപയോഗം ചെയ്തത്. കേരളത്തില്‍ ആര്‍എസ്എസ്- സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ചതിന്റെ വിശദവിവരങ്ങള്‍ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് അറിയിച്ചു.

ഉപധനാഭ്യര്‍ഥനയുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് മറ്റൊരു പ്രധാനപ്പെട്ട വിഷയം. നോട്ട് പിന്‍വലിച്ചതിനെയും ജിഎസ്ടിയെയും ശക്തമായി വിമര്‍ശിച്ചുള്ള പ്രസംഗങ്ങളാണ് നടന്നത്. ജിഎസ്ടി വന്നശേഷം മിക്ക സാധനങ്ങളുടെയും വില വര്‍ധിച്ച കാര്യങ്ങള്‍ സഭയില്‍ ചൂണ്ടിക്കാണിച്ചു. സിപിഐ എമ്മിനെ പ്രതിനിധാനംചെയ്ത് ലേഖകനാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയെ ആക്രമിച്ച സംഭവം രണ്ട് സഭയിലും വലിയ ബഹളത്തിനിടയാക്കി. പല സന്ദര്‍ഭത്തിലും സഭ നിര്‍ത്തിവച്ചു.

പ്രസിഡന്റ്-വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെതുടര്‍ന്ന് പുതിയ പ്രസിഡന്റാരോഹണവും പഴയ പ്രസിഡന്റിന്റെ യാത്രയയപ്പും സെന്‍ട്രല്‍ ഹാളില്‍ നടന്നു. പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ വിടവാങ്ങല്‍പ്രസംഗത്തില്‍ തുടര്‍ച്ചയായി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനെ വിമര്‍ശിച്ചു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും ഇടയിലുള്ള ആശങ്ക അകറ്റാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും ചൂണ്ടിക്കാണിച്ചു.

രാജ്യസഭാ ചെയര്‍മാനും വൈസ് പ്രസിഡന്റുമായ ഹമീദ് അന്‍സാരിക്ക് രാജ്യസഭയില്‍വച്ചും യാത്രയയപ്പ് നല്‍കി. ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള ആശങ്ക വൈസ് പ്രസിഡന്റും തന്റെ പ്രസംഗത്തിനിടയില്‍ ചൂണ്ടിക്കാണിച്ചു. 15 രാജ്യസഭാ എംപിമാര്‍ ഈ പ്രാവശ്യം സഭയില്‍നിന്ന് വിടവാങ്ങുകയാണ്. അവര്‍ക്കുള്ള യാത്രയയപ്പും രാജ്യസഭയില്‍ നടന്നു. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പാര്‍ലമെന്ററിരംഗത്തെ പ്രവര്‍ത്തനങ്ങളെ ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാ നേതാക്കളും അഭിനന്ദിച്ചു. യെച്ചൂരിയോട് വ്യക്തിപരമായ അടുപ്പമുള്ള നേതാക്കളുടെ പ്രസംഗങ്ങള്‍ വികാരനിര്‍ഭരമായി.

പശുസംരക്ഷണത്തിന്റെ പേരിലുള്ള അസഹിഷ്ണുതയും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടന്ന അക്രമങ്ങളും ലോക്‌സഭയിലെ ചര്‍ച്ചയില്‍ സിപിഐ എം നേതാവ് മുഹമ്മദ് സലിം ചൂണ്ടിക്കാണിച്ചു. ഈ സഭയില്‍ ഒട്ടേറെ ബില്ലുകള്‍ പാസാക്കിയെടുക്കുന്നതിലായിരുന്നു സര്‍ക്കാരിന് താല്‍പ്പര്യം.

ബാങ്കിങ് ഭേദഗതി നിയമത്തില്‍ പി കരുണാകരനും കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണ നിയമത്തില്‍ എ സമ്പത്തും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിക്കല്‍ നിയമത്തില്‍ പി കെ ശ്രീമതിയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഭേദഗതിനിയമം എം ബി രാജേഷും പെട്രോളിയം ആന്‍ഡ് എനര്‍ജി യൂണിവേഴ്‌സിറ്റി ബില്ലില്‍ പി കെ ബിജുവും ബാങ്കിങ് ഭേദഗതിനിയമത്തിലും ഐടി ഭേദഗതിനിയമത്തിലും ജോയ്‌സ് ജോര്‍ജും സംസാരിച്ചു.

നബാര്‍ഡ് ഭേദഗതി നിയമത്തില്‍ ജിതേന്ദ്ര ചൌധരിയും തൊഴില്‍ ഭേദഗതിനിയമത്തില്‍ ദത്തയും കാര്‍ഷികരംഗത്തെ വിഷയങ്ങളില്‍ ബദറുദീന്‍ഖാനും സംസാരിച്ചു. കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരളത്തിലെ എല്ലാ ഇടതുപക്ഷ എംപിമാരും ചേര്‍ന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രിക്ക് നിവേദനം നല്‍കി. അതിരപ്പിള്ളി കോടനാട് ടൂറിസം പദ്ധതിക്ക് കേന്ദ്ര അംഗീകാരത്തിന് ഇന്നസന്റ് കേന്ദ്ര ടൂറിസംമന്ത്രിക്ക് നിവേദനം നല്‍കി.

രാജ്യസഭയില്‍ വിവിധ ബില്ലുകളുടെമേല്‍ ചര്‍ച്ച നടന്നു. വിദേശനയങ്ങളുമായുള്ള ചര്‍ച്ചയില്‍ സീതാറാം യെച്ചൂരിയും ഉപധനാഭ്യര്‍ഥനയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത്് തപന്‍സെന്നും സംസാരിച്ചു. കലക്ഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് അമന്റ്‌മെന്റ് ബില്ലില്‍ സി പി നാരായണനും ഉപധനാഭ്യര്‍ഥനയില്‍ തപന്‍സെന്‍, നാഷണല്‍ കമീഷന്‍ ഫോര്‍ ബാക്വേര്‍ഡ് ബില്ലില്‍ ടി കെ രംഗരാജന്‍, പബ്‌ളിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ് ബില്ലില്‍ കെ കെ രാഗേഷ്, ഐഐഐടി ബില്ലില്‍ റിതബൃത ബാനര്‍ജിയും അഡ്മിറാലിറ്റി ജ്യൂറ്സ്റ്റിംക്ഷന്‍ ബില്ലില്‍ സോമപ്രസാദും സംസാരിച്ചു.

ഈ സഭയിലെ മറ്റൊരു പ്രധാനപ്പെട്ട ചര്‍ച്ചാവിഷയമായിരുന്നുക്വിറ്റ് ഇന്ത്യാ മൂവ്‌മെന്റിന്റെ 75-ാംവാര്‍ഷികം. രാഷ്ട്രീയലക്ഷ്യത്തോടുകൂടിയാണ് സര്‍ക്കാര്‍ ഇത്തരമൊരു ചര്‍ച്ച സംഘടിപ്പിച്ചതെങ്കിലും ക്വിറ്റ് ഇന്ത്യാ സമരത്തെ സ്മരിക്കുന്നതോടൊപ്പം രാജ്യത്തെ നിലവിലുള്ള സ്ഥിതിഗതികള്‍വച്ചുള്ള ശക്തമായ പ്രതിഷേധം പ്രതിപക്ഷ ബെഞ്ചുകളില്‍നിന്ന് ഉയര്‍ന്നു. സ്പീക്കര്‍ സുമിത്ര മഹാജന്‍ ലോക്‌സഭയിലും ഹമീദ് അന്‍സാരി രാജ്യസഭയിലും ഇതുസംബന്ധിച്ച് ആമുഖപ്രഭാഷണം നടത്തി.

പ്രധാനമന്ത്രി മോഡിതന്നെയാണ് രണ്ട് സഭയിലും ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചത്. ലോക്‌സഭയില്‍ പ്രതിപക്ഷത്തുനിന്ന് സോണിയാഗാന്ധിതന്നെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്്. എല്ലാ കക്ഷിനേതാക്കളും ചര്‍ച്ചയില്‍ പങ്കാളികളായി. സിപിഐ എമ്മിനെ പ്രതിനിധാനംചെയ്ത് രാജ്യസഭയില്‍ സീതാറാം യെച്ചൂരിയും ലോക്‌സഭയില്‍ പി കരുണാകരനും പങ്കെടുത്തു. സ്വാതന്ത്യ്രസമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പങ്കാളിത്തം ആര്‍ക്കും ചോദ്യംചെയ്യാന്‍ കഴിയില്ലെന്നും ഏറ്റവും അധികം ത്യാഗം സഹിച്ചത് കമ്യൂണിസ്റ്റുകാരാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സിപിഐ എം നേതാക്കള്‍ പറഞ്ഞു.

ഈ സമ്മേളന കാലഘട്ടത്തില്‍ പാര്‍ലമെന്റിന് അകത്തെപ്പോലെതന്നെ സമരങ്ങളുടെ വേലിയേറ്റമാണ് പാര്‍ലമെന്റിന് പുറത്തും കാണാന്‍ കഴിഞ്ഞത്. പതിനായിരക്കണക്കിന് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും നടത്തിയ സമരം ഡല്‍ഹി അടുത്തകാലത്തൊന്നും കാണാത്ത ജനകീയപ്രതിഷേധമായി.

പ്രതിരോധമേഖല സ്വകാര്യവല്‍ക്കരണത്തിനെതിരെ തുടര്‍ച്ചയായ സമരമാണ് ഈ രംഗത്തെ തൊഴിലാളികളും ജീവനക്കാരും നടത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് റിലേ സത്യഗ്രഹം എന്ന നിലയിലാണ് ഒരുമാസത്തോളം ഈ സമരം നടത്തിയത്. ബെമല്‍ ജീവനക്കാര്‍ നടത്തിയ റിലേ സത്യഗ്രഹവും സ്വകാര്യവല്‍ക്കരണത്തിന് എതിരായിട്ടുതന്നെയാണ്. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച്് അധ്യാപകര്‍ നടത്തിയ സമരം ഏറെ ശ്രദ്ധയാകര്‍ഷിച്ചു. പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ നടത്തിയ സമരവും ചെറുത്തുനില്‍പ്പിന്റെ മറ്റൊരു ഭാഗമായിരുന്നു.

കേരള സര്‍ക്കാരിനും സിപിഐ എമ്മിനും എതിരെ ആര്‍എസ്എസും സംഘപരിവാറും നടത്തിയ വിമര്‍ശങ്ങളെയും അപവാദപ്രചാരണങ്ങളെയും തുറന്നുകാണിച്ചുള്ള ഇടതുപക്ഷ എംപിമാരുടെ ധര്‍ണയോടുകൂടിയാണ് വര്‍ഷകാലസമ്മേളനത്തിന് തിരശ്ശീല വീണത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News