മെഡിക്കല്‍ കോഴ വിവാദത്തില്‍ അതൃപ്തി അറിയിച്ച് ആര്‍ എസ് എസ്; മോഹന്‍ ഭാഗവത് പാലക്കാട്ട് ആര്‍എസ്എസ് ബൈഠകുകളില്‍ പങ്കെടുക്കുന്നു

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പാലക്കാട്ട് ആര്‍എസ്എസ് ബൈഠകുകളില്‍ പങ്കെടുക്കുന്നു. കേരളത്തില്‍ മെഡിക്കല്‍ കോഴ ഉള്‍പ്പെടെയുള്ള വിവാദങ്ങളുയര്‍ന്നു വന്നതില്‍ കടുത്ത അതൃപ്തിയാണ് ആര്‍എസ്എസ് നേതൃത്വത്തിനുള്ളത്. വൈകുന്നേരം പാലക്കാട് ബിജെപി നേതാക്കളുമായി മോഹന്‍ ഭാഗവത് നടത്തുന്ന യോഗത്തില്‍ ദേശീയ നേതൃത്വത്തിന്റെ നിലപാട് അറിയിക്കും.

കേരളത്തില്‍ ആര്‍എസ്എസിന്റെ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കി ആര്‍എസ്എസ് അജന്‍ഡ കൃത്യമായി നടപ്പിലാക്കുക എന്നതാണ് ബൈഠക്കുകളിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചു വിടാന്‍ മുന്നിട്ടിറങ്ങുകയും എന്നാല്‍ ദേശീയ തലത്തില്‍ ബിജെപി ആര്‍എസ്എസ് നേതൃത്വത്തിനെതിരെ കേരളത്തില്‍ വ്യാപകമായി ആക്രമണങ്ങള്‍ നടക്കുന്നുവെന്ന രീതിയില്‍ പ്രചാരണം നടത്തുകയുമാണ് ആര്‍എസ്എസ്-ബിജെപി നേതൃത്വം ചെയ്യുന്നത്.

ഇതിലൂടെ കേരളത്തില്‍ സമാധാനാന്തരീക്ഷം തകര്‍ന്നെന്ന പ്രചാരണം നടത്തി ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം കൊണ്ടു വരികയെന്നതായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് കാര്യങ്ങളെല്ലാം തകിടം മറിച്ച് ബിജെപിയുടെ പ്രമുഖ നേതാക്കള്‍ വരെ കോഴ കൈപ്പറ്റിയെന്ന് ആരോപണവുമായി മെഡിക്കല്‍ കോഴ വിവാദം ഉയര്‍ന്നുവന്നത്.

അഴിമതിക്ക് പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തിലെ വിഭാഗീതയ ശക്തമായതിലും കടുത്ത അതൃപ്തിയാണ് ദേശീയ നേതൃത്വത്തിനുള്ളത്. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെയെല്ലാം അട്ടിമറിക്കുന്ന രീതിയിലാണ് കേരളത്തില്‍ ബിജെപിയുടെ പ്രവര്‍ത്തനമെന്നാണ് മോഹന്‍ഭാഗവത് ഉള്‍പ്പെടെയുള്ള നേതാക്കളുടെ വിലയിരുത്തല്‍.

തൃശൂരില്‍ സംസ്ഥാന നേതൃയോഗം കഴിഞ്ഞ ശേഷം പാലക്കാട് വെച്ച് ബിജെപി നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇതിനെതിരെ ശക്തമായ വിമര്‍ശനമുയരും. ബിജെപി നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് പോലും മാധ്യമങ്ങളുടെ കൈയ്യിലെത്തി പാര്‍ടിക്കെതിരായ ആയുധമായി മാറിയത് വലിയ വീഴ്ചയായാണ് ആര്‍എസ്എസ് നേതൃത്വം കാണുന്നത്.

മെഡിക്കള്‍ കോഴയില്‍ ബിജെപിയുടെ അന്വേഷണറിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടത്തി പ്രധാന നേതാക്കളെ ഒഴിവാക്കി മുഖം രക്ഷിക്കാനായി നടക്കുന്ന നീക്കം പോലും ആര്‍എസ്എസിന്റെ നിര്‍ദേശ പ്രകാരമാണെന്നാണ് അറിയുന്നത്. ബിജെപിയുടെ പ്രവര്‍ത്തന വൈകല്യത്തിനും വിഭാഗീയതക്കുമെതിരെ യോഗത്തില്‍ മോഹന്‍ ഭാഗവത് ശക്തമായ താക്കീത് നല്‍കും. മഹിളാ സമന്വയ ബൈഠക്, സാംഘിക് ,വൈജാരിക് സദസ്സ് ബൈഠക്, തുടങ്ങിയവയിലാണ് തിങ്കളാഴ്ച് മോഹന്‍ഭാഗവത് പങ്കെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here