യു പിയില്‍ പ്രാണവായു കിട്ടാതെ കുട്ടികള്‍ പിടഞ്ഞ് മരിക്കുമ്പോള്‍ എന്താണ് ജപ്പാന്‍ ജ്വരമെന്നറിയണം; ഭയപ്പെടണം

ഗോരഖ്പൂരില്‍ കുഞ്ഞുങ്ങള്‍ പ്രാണവായു കിട്ടാതെ കൂട്ടമായി മരിച്ചതോടെയാണ് ജപ്പാന്‍ ജ്വരത്തെക്കുരിച്ചുള്ള സജീവ ചര്‍ച്ചകള്‍ ഉരുത്തിരിയുന്നത്. ജാപ്പനീസ് എന്‍സെഫലൈറ്റിസ് എന്ന ഗുരുതരമായ മസ്തിഷ്‌ക ജ്വരം അധികം കുട്ടികളെയും ബാധിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്താണീ JE എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജപ്പാന്‍ ജ്വരം (Japanese Encephalitis).
1871ല്‍ ആദ്യമായി ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് ഈ രോഗത്തിന് ഇങ്ങനെ പേരു വന്നത്. തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1956ല്‍ ആണ് ഇന്ത്യയില്‍ ആദ്യമായി (തമിഴ്‌നാട്ടില്‍) ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്വച്ഛ ഭാരത് സര്‍വ്വേ പ്രകാരം ഇന്ത്യയില്‍ പരിസരശുചിത്വത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ജില്ലകളായ ഉത്തര്‍പ്രദേശിലെ ഗോണ്ട, ബസി എന്നിവ യോഗി ആദിത്യനാഥിന്റെ സ്വന്തം ഗൊരഖ്പൂരിനടുത്താണ്.

ഈ ജില്ലകളിലാണ് ജപ്പാന്‍ ജ്വരം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വൈറസാണ് രോഗാണു. വൈറസിനെ മനുഷ്യനിലെത്തിക്കുന്നത് കൊതുകും. ഡെങ്കിപ്പനി ഈഡിസ് കൊതുകു വഴിയാണെങ്കില്‍ ജപ്പാന്‍ ജ്വരം ക്യൂലെക്‌സ് കൊതുകു വഴിയാണ്. ഇതേ വിഭാഗത്തിലുള്ള കൊതുകുകളാണ് മന്തുരോഗവും ഉണ്ടാക്കുന്നത്.

ഈഡിസ് ശുദ്ധജലത്തില്‍ മുട്ടയിട്ടു പെരുകുമ്പോള്‍ ക്യൂലെക്‌സ് കൊതുകുകള്‍ മുട്ടയിടുന്നത് കെട്ടിക്കിടക്കുന്ന മലിനജലത്തിലാണ്. പന്നികളിലും ചിലയിനം ദേശാടനപക്ഷികളിലും നിന്നാണ് കൊതുകുകള്‍ക്ക് വൈറസിനെ ലഭിക്കുന്നത്. ഈ കൊതുകുകള്‍ മനുഷ്യനെ കടിക്കുമ്പോള്‍ അവര്‍ക്ക് രോഗം വരുന്നു. എന്നാല്‍ മനുഷ്യനില്‍ നിന്നും വേറൊരാള്‍ക്ക് കൊതുകുകളിലൂടെ പോലും രോഗം പകരില്ല
പെട്ടെന്നുണ്ടാകുന്ന പനി, തലവേദന, ഛര്‍ദ്ദി, അപസ്മാരം, അസാധാരണമായ പെരുമാറ്റം എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. പൂര്‍ണ്ണമായും ബോധം നശിക്കുന്ന അവസ്ഥയും വന്നെത്താം. വൈറസ് ബാധ മൂലം തലച്ചോറില്‍ നീര്‍ക്കെട്ടുണ്ടാവുകയും തലയ്ക്കകത്ത് സമ്മര്‍ദ്ദംകൂടുകയും ചെയ്യുന്നതാണ് വിനയാകുന്നത്. രോഗം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തനിയെ ശമിക്കുമെങ്കിലും അതിനിടയില്‍ തലച്ചോറിലുണ്ടാക്കുന്ന തകരാറനുസരിച്ചാണ് തുടര്‍ന്നുള്ള കാര്യങ്ങള്‍.

രോഗം ബാധിച്ചവരില്‍ മൂന്നിലൊന്ന് ഭാഗം പേര്‍ രോഗതീവ്രത മൂലം മരിച്ചു പോകുന്നു. മൂന്നിലൊന്നു ഭാഗം പേര്‍ അപസ്മാര രോഗം, ബുദ്ധി മാന്ദ്യം, കൈകാലുകള്‍ക്കുള്ള ബലക്കുറവ്, ചലനവൈകല്യങ്ങള്‍ എന്നിങ്ങനെ ഗുരുതരമായ വൈകല്യങ്ങളുമായി ശിഷ്ടജീവിതം കഷ്ടപ്പെട്ടു തള്ളി നീക്കുന്നു.

ബാക്കിയുള്ള മൂന്നിലൊന്നു ഭാഗം പേരാണ് പൂര്‍ണ്ണമായും സുഖം പ്രാപിക്കുകയോ, വളരെ ചെറിയ വൈകല്യങ്ങളോടെ രക്ഷപ്പെടാറുള്ളത്. തീവ്രപരിചരണം ആവശ്യമുള്ള രോഗമാണിത്. ഈ വൈറസിനെ നശിപ്പിക്കാനുള്ള മരുന്ന് ലഭ്യമല്ല. തലച്ചോറിനകത്തെ നീര്‍ക്കെട്ടും പ്രഷറും കുറക്കുക, അപസ്മാരം നിയന്ത്രിക്കുക, ശ്വസനം, ഹൃദയ സ്പന്ദനം, രക്തസമ്മര്‍ദ്ദം എന്നിവ സാധാരണ നിലയില്‍ നിലനിര്‍ത്തുക, ഞരമ്പു വഴിയോ, ട്യൂബു വഴിയോ ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കുക എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്.

ഓക്‌സിജന്‍, വെന്റിലേറ്റര്‍ എന്നിവ ആവശ്യമായി വരുന്നത് ഇത്തരം ഘട്ടത്തിലാണ്. JE എന്ന രോഗത്തെ മറ്റ് തരം എന്‍സെഫലൈറ്റിസുകളില്‍ നിന്നും വേര്‍തിരിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. കാരണം ചിലതരം എന്‍സെഫലൈറ്റിസുകള്‍ക്ക് (ഹെര്‍പ്പിസ് എന്‍സെഫലൈറ്റിസ്, ആട്ടോഇമ്മ്യൂണ്‍ എന്‍സെഫലൈറ്റിസ് എന്നിവ) കൃത്യമായ ചികില്‍സ ഉണ്ട്. രോഗം ഭേദമായാല്‍ വൈകല്യങ്ങള്‍ പരിമിതപ്പെടുത്തുന്നതിന് ഫിസിയോ തെറാപ്പി, ഓക്യുപേഷണല്‍ തെറാപ്പി എന്നിങ്ങനെയുള്ള തുടര്‍ചികില്‍സയും വേണ്ടിവരും.

അപസ്മാരം തടയാനുള്ള മരുന്നുകളും ദീര്‍ഘകാലം വേണ്ടി വന്നേക്കാം. എന്തുതന്നെയായാലും എത്രമാത്രം ഭേദമാകും എന്ന് പ്രവചിക്കുക അസാധ്യം. രോഗം വരാതെ നോക്കുന്നതിലുള്ള പ്രാധാന്യവും ഇതുതന്നെ. ഓരോ കേസുകളും കണ്ടെത്തുകയും റിപ്പോര്‍ട്ട് ചെയ്യുകയും വേണം. രോഗസാധ്യതയുള്ള മേഖലയില്‍ ഉണ്ടാവുന്ന ഓരോ മസ്തിഷ്‌കജ്വരങ്ങളും കൃത്യമായി കണ്ടെത്തണം. ജപ്പാന്‍ ജ്വര ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് അധികാരികളെ അറിയിക്കണം.

ഓരോ സ്ഥലത്തെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനാണ് ഈ ചുമതല. കേസുകള്‍ കണ്ടെത്തുന്നത് മൂലം കൂടുതല്‍ പേര്‍ക്ക് രോഗബാധ ഏല്‍ക്കാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താം. ഇത്തരത്തില്‍ അസുഖ സാധ്യതയുള്ളവര്‍ക്കു ഒരുമിച്ചു പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുകയും ചെയ്യാം. ക്യൂലൈക്‌സ് വിഭാഗത്തിലെ കൊതുകുകളാണ് അസുഖം പരത്തുന്നതെന്നു പറഞ്ഞിരുന്നല്ലോ.

പ്രധാനമായും ജലാശയങ്ങളിലും വയലുകളിലെ കെട്ടികിടക്കുന്ന വെള്ളത്തിലുമൊക്കെയാണ് ഈ കൊതുകുകള്‍ മുട്ടയിടുക. അതുകൊണ്ടു തന്നെ ലാര്‍വകളെ കൊന്നൊടുക്കുക എന്നത് എളുപ്പമല്ല. കൂടാതെ പന്നി, പക്ഷികള്‍ എന്നീ ജീവികളിലും കൊതുകുകള്‍ കടിക്കുന്നത് മൂലം വൈറസ് ഉണ്ടാവും. അവയില്‍ നിന്നും വീണ്ടും മറ്റു കൊതുകുകള്‍ക്കും അതുവഴി മനുഷ്യര്‍ക്കും അസുഖം ലഭിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News