ഗോരഖ്പുര്‍ ദുരന്തത്തിന് അവസാനമായില്ല; ഇന്നും മൂന്ന് കുട്ടികള്‍കൂടി മരിച്ചു; മരണസംഖ്യ 74 ആയി; പ്രതിഷേധം ശക്തം; യോഗി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി

ലഖ്‌നൗ : ഗോരഖ്പുരിലെ ബി.ആര്‍.ഡി. മെഡിക്കല്‍ കോളേജില്‍ ഇന്നും 3 കുട്ടികള്‍ കൂടി പിടഞ്ഞു മരിച്ചു. ജനരോഷം തണുപ്പിക്കാന്‍ കേന്ദ്രവും ഉത്തര്‍പ്രദേശ് സര്‍ക്കാരും പരക്കം പായുമ്പോളാണ് മരണസംഖ്യ ഉടയരുന്നത്. മൂന്ന് കുട്ടികള്‍ കൂടി ഇന്ന് മരിച്ചതോടെ മരണസംഖ്യ 74ആയി ഉയര്‍ന്നു.

ആശുപത്രി അധികൃതര്‍ കുട്ടികളുടെ മരണംസ്ഥിരീകരിച്ചു. മരിച്ച മൂന്ന കുട്ടികളില്‍ ഒരാള്‍ക്ക് മസ്തിഷ്‌ക ജ്വരവും രണ്ടാള്‍ക്ക് ജപ്പാന്‍ ജ്വരവും ആണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി ഇവരുടെ നില അതീവ ഗുരുതരമായിരുന്നു. ഇപ്പോഴും നിരവധികുട്ടികള്‍ പലവിധ അസുഖങ്ങള്‍ ബാധിച്ച് ചികിത്സയിലാണെന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമോയെന്ന ആശങ്ക ഏവര്‍ക്കുമുണ്ട്.
അതേസമയം ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. നാലാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കാനാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കുട്ടികളുടെ മരണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിജെപി സര്‍ക്കാരിനുമെതിരെ സംസ്ഥാനണത്തെങ്ങും പ്രതിഷേധം ശക്തമാകുകയാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ യോഗിയുടെ കോലം കത്തിച്ചു. എങ്ങുപ്രതിഷേധപ്രകടനങ്ങളാണ് നടക്കുന്നത്.
ഇന്നലെ യോഗിയും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയും ആശുപത്രി സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനായി ആശുപത്രിയില്‍ നിരവധി പൊലീസിനെയാണ് നിയോഗിച്ചത്. ആശുപത്രിയില്‍കഴിയുന്ന കുട്ടികളുടെ മാതാപിതാക്കളെ വരെ പുറത്താക്കിയാണ് ഇവിടെ സുരക്ഷ ഒരുക്കിയത്.

ഉത്തര്‍പ്രദേശിലെ ഖോരക്പൂര്‍ ബി ആര്‍ ഡി മെഡിക്കല്‍ കോളേജിലെ സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുകയാണ്. കുട്ടികളെ മരിച്ചു വീഴാന്‍ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം കഴിഞ്ഞ് ഇരുപത്തിനാല് മണിക്കൂര്‍ പിന്നിടുന്നതിനിടേയാണ് വീണ്ടും കൂട്ടികളുടെ ജീവന്‍ പൊലിഞ്ഞത്. ചികിത്സാ സൗകര്യങ്ങല്‍  മെച്ചപ്പെടുത്താന്‍ പ്രത്യാക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ അവകാശവാദം.

എന്നാല്‍ ഇത് ഫലപ്രദമല്ല എന്നാണ് കുട്ടികളുടെ മരണസംഖ്യ ഉയരുന്നതിലൂടെ വ്യക്തമാകുന്നത്. കൂട്ടികളുടെ കൂട്ടമരണത്തിന് കാരണം സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥയാണെന്ന ആരോപണം ശക്തമാണ്. എന്‍ ഡി എ സഖ്യകക്ഷിയായ ശിവസേന പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെ ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാറിനെയും ബി ജെ പി നേതൃത്വത്തെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി.

ഖോരക്പൂരില്‍ ഉണ്ടായത് കൂട്ടക്കൊലയാമെണന്ന് വിമര്‍ശിച്ച ശിവസേന യു പിയില്‍ ഏതെങ്കിലും പ്രതിപക്ഷ പാര്‍ട്ടിയാണ് ഭരണത്തിലെങ്കില്‍ കേന്ദ്രം നടപടി സ്വീകരിക്കുമായിരുന്നോ എന്നും പരിഹസിച്ചു. അതേ സമയം ബി ജെ പി യിലെ പോരും മറനീക്കി പുറത്തു വന്നു. യോഗി ആദിത്യനാഥ് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ആവശ്യപ്പെട്ടു.

വകുപ്പുകളുടെ അധിക്യം കാരണമാണ് മുഖ്യമന്ത്രിക്ക്  .കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയിത്തത് എന്ന കാര്യം മൗര്യ ദേശീയ നേതൃത്വത്തെ അറിയിച്ചു.നേരത്തെ മുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരുന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂടിയായിരുന്ന മൗര്യ ഖോരക്പൂര്‍ വിഷയത്തിന്റെ പേരില്‍ യോഗി ആദ്യത്യ നാഥിനെതിരെ ഒളിയമ്പുകളാണ് എയ്യുന്നത്.അതേസമയം കൂട്ടികളുടെ കൂട്ട മരണത്തെ കൂറിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ യു പി സര്‍ക്കാറിന് നോട്ടീസയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News