കേന്ദ്രസര്‍ക്കാര്‍ പരാജയമെന്ന് ബിജെപി നേതാവ് യെദിയൂരപ്പ; യെദിയൂരപ്പയുടെ ഭരണമാണ് മോശമെന്ന് അമിത് ഷാ; സംഭവിച്ചത് ഇതാണ്

ബംഗലൂരു; ദക്ഷിണേന്ത്യയില്‍ ആദ്യമായി ബി ജെ പിയുടെ താമര വിരിയിച്ച നേതാവാണ് യെദിയൂരപ്പ. കര്‍ണാടകത്തില്‍ ഭരണം നേടിയപ്പോള്‍ അതിന്റെ തലപ്പത്ത് മിന്നിതിളങ്ങിയ യെദിയൂരപ്പ പിന്നീട് പാര്‍ട്ടിയുമായി തെറ്റിപിരിഞ്ഞതും തിരിച്ചെത്തിയതുമെല്ലാം ചരിത്രം. പാര്‍ട്ടിക്കകത്തെ പോര് കലശലയപ്പോള്‍ ഭരണവും കൊണ്ട് സിദ്ദരാമയ്യയും കോണ്‍ഗ്രസും പോയി. ഇപ്പോള്‍ അധികാരം തിരിച്ചുപിടിക്കാന്‍ ബി ജെ പി യെദിയൂരപ്പയെ നിയോഗിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശത്തിലാക്കാനാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ ത്രിദിന സന്ദര്‍ശനത്തിന് കര്‍ണാടകയിലെത്തി. അതിനിടയില്‍ അമിത് ഷായും യെദിയൂരപ്പയും വാര്‍ത്താ സമ്മേളനത്തിലൂടെ വിളിച്ചുപറഞ്ഞത് കേട്ട് ഏവരും ഞെട്ടി.

ഷായുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് യെദിയൂരപ്പ വാര്‍ത്താ സമ്മേളനം വിളിച്ചു. യെദിയൂരപ്പ പറഞ്ഞത് കേട്ട് പാര്‍ട്ടി പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഞെട്ടിപ്പോയി. കേന്ദ്ര ഭരണത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു ബി ജെ പി മുന്‍ മുഖ്യമന്ത്രി. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നു കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഭരണത്തിന്റ പരാജയമാണിതെന്നും അദ്ദേഹം വിളിച്ചു പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാന ബിജെപി അധ്യക്ഷന്‍ ആഞ്ഞടിക്കുന്നത് കേട്ടവരെല്ലാം അമ്പരന്നു. ഇനി യെദിയൂരപ്പ പാര്‍ട്ടി വിടുമോയെന്നു പോലും ഒരു വേള ചിന്തിച്ചുപോയിട്ടുണ്ടാകും. പിന്നീടാണ് അദ്ദേഹത്തിന് നാക്കി പിഴച്ചെന്ന് ഏവര്‍ക്കും മനസ്സിലായത്. നേതാക്കള്‍ ഇക്കാര്യം സംസ്ഥാന അധ്യക്ഷനെ ബോധ്യപ്പെടുത്തിയതോടെ ആക്രമണം സിദ്ദരാമയ്യ സര്‍ക്കാരിലേക്ക് തിരിഞ്ഞു.
സംസ്ഥാന അധ്യക്ഷനു പറ്റിയ അമളി അല്‍പ്പ സമയത്തിനകം ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കും സംഭവിച്ചു. യെദിയൂരപ്പ സര്‍ക്കാരിന്റെ ഭരണം മോശമാണെന്നും കേന്ദ്രം കോടികളുടെ ഫണ്ട് അനുവദിച്ചിട്ടും സംസ്ഥാനം പാഴാക്കുകയാണെന്നും ഷാ പറഞ്ഞു. യെദിയൂരപ്പയല്ല സിദ്ദരാമയ്യയാണെന്ന് നേതാക്കള്‍ തിരുത്തിയതോടെ താന്‍ കുറേ നേരം യെദ്യൂരപ്പയുടെ കൂടെ ഉണ്ടായിരുന്നതിനാലാണ് അബദ്ധം പറ്റിയതെന്ന് ഷാ വിവരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News